Sunday, June 17, 2012

kunjippennu

'മാതപിതാഗുരുര്‍ദൈവം'  എന്ന ധര്‍മ്മത്തെ തുലോം കാറ്റില്‍ പറത്തി മാനുഷിക മൂല്യങ്ങള്‍ പാടെ മറന്ന്  ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ചെകുത്താന്മാരുടെ താവളമായിക്കൊണ്ടിരിക്കുകയാണ്. മൃഗതുല്യമായ കാമവികാരങ്ങള്‍ കാരണം ബന്ധങ്ങളുടെ  ഛന്ദസ്സ് മാത്രമല്ല പവിത്രതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതിനു അടിമപ്പെട്ട് അവന്‍ അമ്മയെയും സഹോദരിയയെയും പോലും അവന്റെ വികാരങ്ങളടക്കാന്‍ കളിക്കോപ്പുകളാക്കി മാറ്റുന്നു. 

ശാരീരികവും മാനസികവും ആത്മീയവും ബൌദ്ധികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്നാണല്ലോ വയ്പ്. വിജ്ഞാനഭിവൃദ്ധി ഏറി സര്‍വ്വക്ന്ജന്‍ ആയി തിരിച്ചറിവ് നഷ്ടപ്പെട്ട ഇന്നത്തെ തലമുറയിലെ മനുഷ്യന്‍ അധമനായി മാറുന്നു. ബന്ധങ്ങളുടെ വൈശിഷ്ട്യത്തെ ദൈവതുല്യമായി കണ്ടിരുന്ന പഴയ തലമുറയെ നാം പലപ്പോഴും മറന്നുപോകുന്നു. ആര്‍ഷഭാരതസംസ്കാരം  പകര്‍ന്നു നല്‍കിയ ഋഷിവര്യന്മാരുടെ പിന്മുറക്കാരായ ആ പഴയ തലമുറ  എപ്പോഴും മുതിര്‍ന്നവരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ആ തലമുറയിലൂടെ യാത്ര ചെയ്ത് സാമുഹികമായ അപഗ്രഥനം നടത്തി പുതിയ തലമുറയിലേക്കു വെളിച്ചം വീശുന്ന ഒരു രീതിയാണ് ഈ കഥയില്‍ അവലംബിച്ചിട്ടുള്ളത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മദിരാഷിയുടെയും ലഹരിയിലമര്‍ന്ന ധാര്‍മികച്യുതി സംഭവിച്ച സങ്കുചിതചിന്താഗതിയുള്ള  യുവതലമുറയെ തച്ചുടച്ച് ജീവിതത്തിന്റെ ഗന്ധവും മൂല്യങ്ങളും നെഞ്ചോടു ചേര്‍ക്കുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിലേക്കുള്ള ഒരു സാമുഹിക പ്രതിബധതായാണ് ഈ കഥ. വിശപ്പിനു ആഹാരവും ദാഹത്തിനു ജലവും എന്ന പോലെ ജീവിതത്തിനും പവിത്രമായ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്‌ എന്ന് ഉദ്ഖോഷിക്കുന്ന ഒരു ജനതയിലേക്കുള്ള പരിവര്‍ത്തനമാണ് നമുക്ക് വേണ്ടത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമുക്ക് തുടച്ചു മാറ്റാന്‍ കഴിഞ്ഞെങ്കില്‍ തികച്ചും ബാലിശമായ മൃദുല കാമവികാരങ്ങള്‍ അവനു അനിയന്ത്രിതമാണ് എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ്?

മണ്മറഞ്ഞ സ്മൃതികള്‍ ഇ-മെയില്‍ ഫോര്‍വേര്‍ഡുകളിലും ഫേസ്ബുക്ക്‌ പോസ്റ്റ്‌കളിലുമായി നിലനിര്‍ത്തുന്ന ഇന്നത്തെ IT തലമുറയ്ക്കായി പങ്കുവയ്ക്കാന്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒത്തിരി ഓര്‍മ്മകള്‍ രരമ്യമ്യയുടെ 'കുഞ്ഞിപ്പെണ്ണ് ' എന്ന കഥ പകരും എന്നെനിക്കുറപ്പുണ്ട്. പ്രകൃതിയുടെ മനോഹാരിത ലളിതവും തരളിതവും എന്നാല്‍ ശക്തവുമായി  ഈ കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നു. കാലത്തിന്റെ വ്യതിയാനങ്ങളും, പ്രകൃതിയുടെ ഭാവവ്യത്യാസങ്ങളും പ്രതിപാദിച്ചിരിക്കുന്ന രീതി ആരെയും ആകര്‍ഷിക്കുന്നതാണ്. ഇലഞ്ഞിമരവും ഓടല്‍ച്ചെടികളുമൊക്കെ കഥാപാത്രങ്ങളോട് അത്രയധികം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇതിലെ ഓരോ കഥാപാത്രവും നമ്മളില്‍ തന്നെയുള്ളവരാണ്. കാറ്റ് എല്ലാ സംഭവങ്ങളും  ഗ്രാമത്തില്‍ എല്ലായിടത്തും എത്തിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന രീതി അത്യന്തം കൌതുകകരവും ഭാവനാദീപ്തവുമാണ്. ഉത്തമ പ്രണയത്തിന്റെ ഉദാത്തഉദാഹരണങ്ങളായ ശാരദയുടെയും ശ്രീധരന്റെയും സ്നേഹബന്ധം അസൂയാവഹവും കരളലിയിക്കുന്നതുമാണ് . പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ബന്ധങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന ഒരു തലമുറയില്‍ നിന്ന് തുടങ്ങി "പണത്തിനു മീതെ പരുന്തും പറക്കില്ല"  എന്ന ആപ്ത വാക്യത്തോട് കിടപിടിക്കുന്ന സ്വഭാവവിശേഷമുള്ള ബന്ധങ്ങളെ ബന്ധനങ്ങളായി കാണുന്ന ഇന്നത്തെ തലമുറ വരെ കഥ ഒഴുകിയെത്തുന്നു. വ്യത്യസ്ത രീതിയിലുള്ള ഒരുപാട് ആചാരങ്ങള്‍ ഉള്ള പഴയ തലമുരയിലെക്കുള്ള ഒരെത്തിനോട്ടം കൂടിയാണ് 'കുഞ്ഞിപ്പെണ്ണ് '. ഓരോ കഥാപാത്രവും അതിന്റേതായ രീതിയില്‍ മികവ് പുലര്‍ത്തുന്നു. 'Mother's Day', 'Father's Day' ഇവയൊക്കെ ഫേസ്ബുക്ക്‌ പോസ്റ്റ്‌കളില്‍ ഇടാന്‍ തിരക്ക് കൂട്ടുന്ന യുവ തലമുറ കുടുംബ ബന്ധങ്ങളുടെ പവിത്രത എന്തുകൊണ്ടോ പരിരക്ഷിക്കുന്നില്ല. മകനെ വളര്‍ത്താന്‍ വേണ്ടി ഒത്തിരി ത്യാഗങ്ങള്‍ സഹിക്കുന്ന ഒരമ്മയുടെ കഥയാണിത്.മരണം ബന്ധുക്കള്‍ക്ക് വേദനയാനെങ്കില്‍ മിണ്ടാപ്രാണികള്‍ പോലും അത് തീരാദു:ഖമായി ഉള്‍ക്കൊള്ളുന്നത് വളരെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു. സ്വന്തം ജീവിതം മകന് വേണ്ടി ഉഴിഞ്ഞു വെച്ച് പ്രതികൂല സാഹചര്യങ്ങളോട് ഏകയായി പൊരുതി ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ടെങ്കിലും നല്ലോരമ്മയായി ജീവിച്ച 'കുഞ്ഞിപ്പെണ്ണ് ' എന്ന അമ്മ യുവ തലമുറയ്ക്ക്  മാതൃകയാക്കാന്‍ ഏറ്റവും അനുയോജ്യയായ അമ്മയാണ്.
 

No comments:

Post a Comment