Wednesday, January 2, 2013

യാത്ര

ദൂരെ ദൂരെ ഒരു യാത്ര പോകണം...
ചിന്തകളുടെ ചാമരങ്ങളില്ലാതെ...
അനുഭവങ്ങളുടെ ആരവങ്ങളൊഴിഞ്ഞ്... 
ആശുപത്രിയുടെ ശ്വാസം മുട്ടിയ്ക്കുന്ന-
നരച്ച മഞ്ഞയ്ക്കുമപ്പുറം-
ഒരുപാട് കാതം അങ്ങു ദൂരെ ...

മിഴികള്‍ നനയാതെ-
മൊഴികള്‍ കിലുങ്ങാതെ-
മുഖപടങ്ങളില്ലാതൊരു യാത്ര...
ഞാന്‍ ഞാന്‍ ആകുന്നൊരു ലോകത്തേയ്ക്ക്...

കണ്ണെത്താ ദൂരം വിജനമാകണം...
ആത്മശിഖരങ്ങളില്‍ നിന്റെ സാന്നിദ്ധ്യമില്ലാതെ-
ഓര്‍മപ്പൂക്കള്‍ മണക്കാതെ-
പെയ്തൊഴിയാന്‍ പരിഭവങ്ങളില്ലാതെ-
ഇന്നിന്റെ വിരിമാറില്‍-
ആകാശം നോക്കി കിടക്കണം...

 മനസ്സിന്റെ ഓരോ-
 പൊട്ടും പൊടിയും ചിലമ്പുന്നു...
"കലങ്ങിയ മിഴികളും-
നൊമ്പരങ്ങളുടെ നിഴലുമില്ലാതെ-
നീ നീയായി ഒന്ന് പുനര്‍ജനിയ്ക്കൂ...
ഒരു മാത്ര നേരത്തേയ്ക്കെങ്കിലും..."

ഒടുവില്‍ ഒരിരുള്‍ക്കാറ്റിന്‍ ചിണുങ്ങലില്‍-
രാപ്പാടി തന്‍ തേങ്ങലില്‍-
ഒരു ചന്ദ്രോദയം സാക്ഷിയാക്കി-
ആത്മാവിനാഴങ്ങളില്‍ നീന്തിത്തുടിച്ച്-
ഒരിയ്ക്കല്‍ നഷ്ടമായിടത്തിന്ന് തന്നെ തുടങ്ങി-
എന്നിലെ എന്നിലെയ്ക്കൊരു തിരിച്ചുപോക്ക്...

37 comments:

  1. എന്നിലെ എന്നിലെയ്ക്കൊരു തിരിച്ചുപോക്ക്...

    ReplyDelete
    Replies
    1. സന്തോഷം റാംജിയേട്ടാ ഈ വായനയ്ക്കും സ്നേഹത്തിനും...

      Delete
  2. എന്നാല്‍ യാത്രാമൊഴി

    ReplyDelete
    Replies
    1. ഈ യാത്രാമൊഴിക്ക് പകരം ഒരുപാട് നന്മയും സ്നേഹവും അജിത്തേട്ടാ...

      Delete
  3. ആശേ ഇതെനിക്ക് ഈ ബ്ലോഗിലെ വായിച്ചതിൽ ഏറ്റവും ഇഷ്ടമായത്.
    മികച്ച വരികൾ. പുതുവർഷത്തെ ആദ്യ എഴുത്ത് മോശമായില്ല.
    മനസ്സു വിങ്ങുമ്പോഴും എല്ലാം പഴയത് പോലെ നേരെയാക്കാൻ ഉള്ള തിരിച്ച് പോക്ക്..

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്ക് സന്തോഷവും സ്നേഹവും സുമേഷേ...മനസ്സു വിങ്ങുമ്പോഴും എല്ലാം പഴയത് പോലെ നേരെയാക്കാന്‍ ഉള്ള തിരിച്ച് പോക്ക് തന്നെ... മനസ്സുകള്‍ മാത്രം സംവദിയ്ക്കുന്ന ഒരു ലോകത്തേയ്ക്ക്...ഒരു സ്വപ്നയാത്ര.. :)

      Delete
  4. വളരെ നന്നായി .... അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ഈ വരവിനും നല്ല വാക്കുകള്‍ക്കും ഒത്തിരി സ്നേഹവും സന്തോഷവും കുമാറെ...

      Delete
  5. നഷ്ടങ്ങളുടെ പിന്നാമ്പുറങ്ങളില്‍ പരതി പുനര്‍ജനി തേടി ഒരു യാത്ര

    ഇഷ്ടായി

    ReplyDelete
    Replies
    1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും കടപ്പാടും സ്നേഹവും ഗോപാ...
      ഈ യാത്രയ്ക്ക് അപ്പൊ ഗോപന്റെ ഭാവുകങ്ങള്‍ കൂട്ടായുണ്ടാകുമല്ലോ....

      Delete
  6. നീ നീയായി ഒന്ന് പുനര്‍ജനിയ്ക്കൂ...
    ഒരു മാത്ര നേരത്തേയ്ക്കെങ്കിലും..ആശയം ചോര്‍ന്നു പോവാതെ ഒരു യാത്ര.

    ReplyDelete
    Replies
    1. ഈ വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹവും കടപ്പാടും കാത്തീ....

      Delete
  7. പ്രിയപ്പെട്ട ആശ,
    "മനസ്സിന്റെ ഓരോ-
    പൊട്ടും പൊടിയും ചിലമ്പുന്നു...
    "കലങ്ങിയ മിഴികളും-
    നൊമ്പരങ്ങളുടെ നിഴലുമില്ലാതെ-
    നീ നീയായി ഒന്ന് പുനര്‍ജനിയ്ക്കൂ..."
    ഒരു മാത്ര നേരത്തേയ്ക്കെങ്കിലും..."

    വളരെ നന്നായി എഴുതി ആശംസകള്‍.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. കവിത വായിച്ചതിനും നല്ല വാക്കുകള്‍ക്കും സ്നേഹവും സൌഹൃദവും ഗിരീഷെ...

      Delete
  8. പോയി വരണം.മംഗളം ഭവന്തു.....

    ReplyDelete
    Replies
    1. ഈ മംഗളാശംസകള്‍ക്ക് ഒത്തിരി സ്നേഹവും സന്തോഷവും രമേഷേട്ടാ...

      Delete
  9. ആകാശം നോക്കി ഞാന്‍ ഞാനാകുന്ന ഒരു ലോകത്തിലേക്ക് ഒരു യാത്ര..
    ഒരു യാത്രയും ഒരവസാനമല്ല ആശാ.. എങ്കിലും ആശിക്കാം ചിന്തകളും, പരിഭവങ്ങളും ഇല്ലാത്തൊരു ലോകം.. അനുഭവങ്ങള്‍ പൊള്ളിക്കാത്ത ഒരു ലോകം..
    തുടങ്ങണം.. എല്ലാം നഷ്ടമായിടത്തു നിന്ന് തന്നെ തുടങ്ങണം..തിരിച്ചെത്തുക തന്നെ ചെയ്യും...

    "കലങ്ങിയ മിഴികളും നൊമ്പരങ്ങളുടെ നിഴലുമില്ലാതെ
    നീ നീയായി ഒന്ന് പുനര്‍ജ്ജനിക്കൂ ഒരു മാത്ര നേരത്തേക്കെങ്കിലും"

    ഒരുപാട് നാളുകള്‍ക്കൊടുവിലുള്ള വരികള്‍ ഏറെ നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. ചിന്തകളും പരിഭവങ്ങളും അനുഭവങ്ങളും ഇല്ലാത്ത ഒരു ലോകം നിത്യസത്യമായ മരണമാണ് എന്നറിയായ്കയല്ല നിത്യേ...എങ്കിലും വെറുതെ ഒരു മോഹം മുഖപടങ്ങളില്ലാതെ ഞാന്‍ ഞാന്‍ ആകാന്‍...ഈ നല്ല വാക്കുകള്‍ക്ക് ഒത്തിരി ഇഷ്ടം നിത്യേ...

      Delete
  10. എന്നിലെ എന്നിലെയ്ക്കൊരു തിരിച്ചുപോക്ക്...

    ഈ തിരിച്ചു പോക്കു സഹസ്രാരത്തില്‍ എത്തുമ്പോള്‍
    മനുഷ്യന്റെ പൂര്‍ണതയെത്തുന്നതു..

    ആശംസകള്‍

    ReplyDelete
    Replies
    1. ആ പൂര്‍ണതയിലേയ്ക്കുള്ള ഒരു യാത്ര രാജീവെ...ഈ ആശംസകള്‍ക്ക് സ്നേഹവും കടപ്പാടും രാജീവെ....

      Delete
  11. ഞാന്‍ ഞാന്‍ ആകുന്നൊരു ലോകത്തേയ്ക്ക്...

    ReplyDelete
    Replies
    1. ഈ വരവിനും വായനയ്ക്കും സ്നേഹവും സൌഹൃദവും അമ്മാച്ചു...

      Delete
  12. സ്വപ്നയാത്രയ്ക്ക് ആശംസകള്‍.....

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.... ചങ്ങാതിയാകാനും ക്ഷണിക്കുന്നു.......

    ReplyDelete
    Replies
    1. വിനീതിന്റെ ബ്ലോഗ്‌ അറിയില്ലല്ലോ...ഗൂഗിള്‍ പ്ലസ്‌ ലിങ്ക് മാത്രമേ ഇവിടെ കാണുന്നുള്ളൂ... ലിങ്ക് തന്നാല്‍ വായിച്ചുറപ്പായും കമന്റാം...വായനയ്ക്ക് ഏറെ നന്ദി കേട്ടോ വിനീതേ...

      Delete
  13. ഓര്‍മ്മപ്പൂക്കള്‍ മണക്കാത്ത തീരത്തേയ്ക്കൊരു യാത്ര!


    ReplyDelete
    Replies
    1. ഈ വായനയ്ക്കും വാക്കുകള്‍ക്കും നന്ദിയും സ്നേഹവും ശ്രീ...

      Delete
  14. www.vinerahman.blogspot.com

    ഇതാണെന്റെ ബ്ലോഗ്‌..... ചുമ്മാ വന്നു നോക്ക്...

    ReplyDelete
    Replies
    1. വരാട്ടോ വിനീതെ...

      Delete
  15. ഓര്‍മപ്പൂക്കള്‍ മണക്കാത്ത ആ തീരത്ത്-
    പെയ്തൊഴിയാന്‍ പരിഭവങ്ങളില്ലാതെ-
    ഇന്നിന്റെ വിരിമാറില്‍-
    ആകാശം നോക്കി കിടക്കണം...

    നോവുകളും നോമ്പരങ്ങളുടെ
    നിഴലുമില്ലാത്ത ജീവിത പകര്‍ച്ചയുണ്ടോ...?
    അറിയില്ല.

    ആഷ തകര്‍ക്കുകയാണല്ലോ....
    മനോഹരമായ വരികള്‍.

    ReplyDelete
    Replies
    1. നോവുകളും നൊമ്പരങ്ങളുമില്ലാതെ ജീവിതമില്ല എന്നറിയുമ്പോഴും അങ്ങനെ ഒരു സ്വപ്നം.... കണ്മഷിയുടെ പുതിയ കവിതയുടെ വരികളും അതിമനോഹരംട്ടോ.....

      Delete
  16. പ്രിയപ്പെട്ട ആശ,

    ഹൃദ്യമായ നവവര്‍ഷ ആശംസകള്‍ !

    ഇടക്കെങ്കിലും നമ്മള്‍ നമ്മളായി മാറണം.

    ആശയം മനോഹരം !വരികളും.

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ.. ഈ വരവിനും വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദിയും സ്നേഹവും...ഒപ്പം നന്മയൂറുന്ന പുതുവര്‍ഷ ആശംസകളും

      Delete
  17. ഓരോ യാത്രയിലും നമ്മള്‍ നമ്മളിലേക്ക് യാത്ര പോകുന്നു . ഒരു പക്ഷെ അപ്പോഴാകണം നമ്മള്‍ നമ്മെ തന്നെ തിരിച്ചറിയുന്നത്‌ .അക്ഷരങ്ങളിലൂടെയുള്ള ഈ യാത്ര ഇഷ്ടമായി.ഇനിയും അക്ഷരങ്ങളെ സ്നേഹിക്കുക .ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
    Replies
    1. അതെ...നമ്മളെ തിരിച്ചറിയുന്ന നമ്മളിലേക്ക് തന്നെയുള്ള ഒരു യാത്ര...കുഞ്ഞു മയില്‍‌പ്പീലി...ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും സ്നേഹം...

      Delete
  18. ഒത്തിരി നാളുകൾക്ക്‌ ശേഷം ഇവിടെ വന്നാപ്പോൾ ആദ്യം കണ്ട കവിത തന്നെ ഒരു പാട്‌ ഇഷ്ടായി...എന്നിലെ എന്നിലേയ്കൊരു തിരിചു പോക്ക്‌...ഞാനും ഏറെ നാളായി അങ്ങനെയൊരു യാത്ര കൊതിക്കുന്നു..മുഖപടങ്ങളില്ലാതെ,നാട്യങ്ങളില്ലാതെ എന്നെയും തിരഞ്ഞൊരു യാത്ര.

    ReplyDelete
    Replies
    1. നിഘില്‍...കവിത വായിച്ചതില്‍ കടപ്പാടും സ്നേഹവും...ഈ മോഹം ഇല്ലാത്തവരായി ആരും ഉണ്ടാവില്ല തന്നെ...

      Delete
  19. നന്നായിട്ടുണ്ട് ...... ഇത്രക്ക് ഇല്ല എങ്കിലും ഇതുപോലൊന്ന് ഞാനും എഴുതിയിട്ടുണ്ട് .... http://www.pancharalokam.blogspot.ae/2008/05/blog-post_1838.html

    ReplyDelete