Saturday, June 28, 2014

കടൽക്കൊതി

ഒരു തർപ്പണത്തിനാവണം
നിന്നെ അടുത്തറിഞ്ഞത്,

നീലചേല ഞൊറിഞ്ഞു ചുറ്റി-
നീലമിഴികളിൽ മാരിവിൽച്ചന്തം നിറച്ച്-.
നിലീന സൌന്ദര്യത്തിന്റെ തിരി കാട്ടി -
വെള്ളിചിലങ്കയുടെ ചിലമ്പൊലിയായി-
ചുംബനപെരുക്കത്തിന്റെ കടലാഴം തീർത്ത്‌-
"സ്നേഹായനത്തിന് സീമകളില്ലെന്ന് " നീ..

 എൻ അരുമവറ്റുകൾ നിന്നെ ഊട്ടിയപ്പോൾ-
 ബലിയിട്ടു തേങ്ങിയ ഈറൻകൈകളെ-
 കരുതലിന്റെ ഇഴയടുപ്പങ്ങളിൽ പൊതിഞ്ഞതും...
 നോവുകൾ ചാലിച്ച ആത്മാവിൽ-
 കുളിർമുത്തുകളായ്‌  പെയ്തിറങ്ങിയതും...
 വിതുമ്പുന്ന ചുണ്ടുകളിൽ അമ്മിഞ്ഞ ഇറ്റിച്ചതും...
 മനസ്സിൽ കൊരുത്ത കനൽതുണ്ടുടച്ച്-
 താരാട്ടിനീണങ്ങൾ  പകർന്നതും ...
 നീയാം മടിത്തട്ട് സാന്ത്വനം ചൊരിഞ്ഞതും ...
 ഒരു പുലരിയുടെ സ്നേഹവായ്പിലായിരുന്നു....

ഇനി നിന്റെ നിഗൂഡതകളുടെ ആഴമളന്ന്-
നീലരാവിൽ തെളിയുന്ന വെണ്‍ശംഖിനെ-
ഓളപ്പരപ്പിൽ കണ്ടെടുക്കണം...
നിന്റെ പുടവത്തുമ്പിന്റെ-
 വാത്സല്യചൂരേറ്റ് മുങ്ങിതാഴണം...
മാടിമാടി വിളിക്കുന്ന ഓരോ-
തിരയിലും മുഖമമർത്തണം...
ഓർമകളുടെ പൂമുഖപ്പടിയിൽ-
പിടയുന്ന ഹൃദയത്തെ-
നിന്റെ ചുഴികളിൽ ഒളിച്ചുവെക്കണം...
പിന്നിട്ട യാത്ര തൻ വേരറ്റ വഴിയിലുറഞ്ഞ-
ഒരു തരി സ്നേഹം നിനക്ക് വിളമ്പണം...
പ്രാണൻ പൂക്കുന്ന ഓരോ രേണുവും നിന്നിലമരണം...

അങ്ങനെ
" സ്നേഹായനത്തിനൊടുക്കം
  ഒരു കുഞ്ഞുനക്ഷത്രമാകണം... "

14 comments:

  1. കുഞ്ഞുകുഞ്ഞാഗ്രഹങ്ങള്‍!!

    ReplyDelete
    Replies
    1. ആഗ്രഹങ്ങളില്ലാതെ മനുഷ്യരുണ്ടോ... നന്ദി അജിത്തേട്ടാ...

      Delete
  2. നോവിന്റെ തീരങ്ങളെ തഴുകുന്ന സാന്ത്വനത്തിന്റെ തിരയിളക്കം പോലെ കടലമ്മയുടെ മനസ്സ്..
    ആ അമ്മയുടെ നെറുകയിൽ ചുംബനം നല്കുന്ന അനന്തതയുടെ അധരങ്ങൾ പോലെ ഒരു കുഞ്ഞു നക്ഷത്രമായ്‌ നീയും...

    വളരെ മനോഹരമായ വരികൾ..

    ആശംസകൾ...

    ReplyDelete
    Replies
    1. ഈ വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദിയും കടപ്പാടും ഗിരീഷെ...

      Delete
  3. ഒരു കുഞ്ഞുനക്ഷത്രത്തിലേക്കുള്ള സ്‌നേഹായനം. പ്രാണായനം. നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ഈ പ്രാണായനത്തിന് ഒപ്പം ചേർന്നതിന് ഒത്തിരി സ്നേഹം സുധീറെട്ടാ.....

      Delete
  4. Replies
    1. ഈ വരവിനും വായനയ്ക്കും സ്നേഹവും നന്ദിയും മുഹമ്മദെട്ടാ...

      Delete
  5. ഇഷ്ട്ടമായി..നല്ല വരികള്‍

    ReplyDelete
    Replies
    1. വായനയ്ക്കും വരവിനും നന്ദിയും കടപ്പാടും അന്നൂസേ... ഈ ഗായകന്റെ പാട്ട് യു-ട്യൂബിൽ കേട്ടിരുന്നു....തകർത്തു ബോസ്സ്...

      Delete
  6. നന്നായിട്ടുണ്ട്, ഇനിയുമെഴുതുക

    ReplyDelete
    Replies
    1. നന്ദി ശ്രീ ഈ വാക്കുകൾക്ക് ... തീർച്ചയായും എഴുതാം...

      Delete