Thursday, July 31, 2014

കർണവീര്യം

"സാഹചര്യങ്ങളുടെ അനിവാര്യതകൾക്ക്
 ആത്മസൌഹൃദത്തിന്റെ ആഴങ്ങൾക്ക്
 സ്നേഹത്തിന്റെ കർണസ്പർശത്തിനായ് "

കൌന്തേയനെങ്കിലും രാധേയനായ്
സൂര്യപുത്രനെങ്കിലും സൂതപുത്രനായ്...
തിടമ്പേറ്റാൻ കുലമഹിമയും-
ആശിസ്സിൻ അനുപാതവുമേതുമില്ലാതെ
തിരസ്കരണത്തിന്റെ തീനാമ്പുകളും
അവഹേളനത്തിന്റെ അത്യുഷ്ണവും
ഊതിക്കാച്ചിയെടുത്ത കർണപർവ്വം.....

വിവേചനത്തിന്റെ കർമ്മക്ഷേത്രങ്ങൾ-
ഉടച്ചുവാർത്തതാവണം കർണവീര്യം....

ഗംഗാനദി അവളുടെ ശാലീനമൌനത്തിലും-
നിന്റെ പരിദേവനങ്ങൾക്ക്  കാതോർത്ത്-
ഹൃദയവ്യഥകളെ പകുത്തെടുത്തിരിക്കണം.....

ഒരു സാധൂകരണവും പോരാത്ത-
നിന്നെ ദഹിപ്പിച്ച ആത്മനിന്ദയ്ക്കു മുൻപിൽ-
കന്നിഗർഭത്തിന്റെ, കന്യകാഗർഭത്തിന്റെ
ഭീതിയിൽ മാതൃത്വം വ്രണപ്പെടുത്തിയ കുന്തി

ആത്മശിഷ്യൻ പാർഥനായ് വസുവിനെ-
അവഗണിച്ച ദ്രോണരോ ഗുരുശ്രേഷ്ഠൻ?

എങ്കിലും പാർഥനും പൂകാത്ത-
മഹാരഥിയുടെ ചാതുര്യം നിനക്ക് സ്വന്തം...

പഞ്ചപാണ്ഡവ പത്നിയെങ്കിലും കൃഷ്ണയുമീ-
സീമന്തപാണ്ഡവനെ പൊള്ളിച്ചതല്ലേ?

നിയതിയുടെ ഒടുങ്ങാത്ത ജ്വാലാ-
മുഖങ്ങളിലും അജയ്യനായ യുഗപുരുഷൻ.

ധർമ്മാധർമ്മങ്ങളുടെ അപഗ്രഥനങ്ങൾക്കുമപ്പുറം-
അപമാനഭാരമേറ്റ ചേതനാമലരുകൾ

എങ്കിലും കർമപുഷ്പങ്ങളുടെ ആത്മസത്ത നെഞ്ചേറ്റി-
ആജന്മവിഭൂഷകൾ ദാനംചെയ്തവൻ  നീ മാത്രം ...

 മരണദൂതിനായ്  കാത്തുകിടക്കുമ്പോഴും-
 ദാനത്തിൻ സല്കീർത്തി എന്തിനു കർണാ നിനക്കനന്തരം?

കെടുതികളുടെ പ്രവാഹമേറ്റ്-
നിരായുധനായ് നീ മൃതിയെ പുല്കിയത്-
കടപ്പാടുകൾ ഭസ്മീകരിക്കാത്ത...
പ്രതിജ്ഞയുടെ കനൽക്കാടില്ലാത്ത....
ഗാഡനിദ്ര മോഹിച്ചാവണം...

10 comments:

  1. കര്‍ണ്ണനാണ് താരം. എന്നെ സംബന്ധിച്ചിടത്തോളം വേറാരുമല്ല.
    നന്നായി എഴുതി!

    ReplyDelete
    Replies
    1. എന്റേം ആരാധനാപാത്രമാണ് കർണൻ.... വായനയ്ക്ക് കൊറേ സ്നേഹം അജിത്തേട്ടാ...

      Delete
  2. കർണൻ ഒരിക്കലും തോറ്റിട്ടില്ലല്ലോ.
    തന്റെ രഥം ചെളിയിൽ ആഴ്‌ന്നു പോയതും അനിവാര്യമായ ഒരു സാഹചര്യമാകാം.
    എങ്കിലും അങ്ങിനെ അനുജന്റെ കൈകളാൽ മരണപ്പെടുമ്പോഴും കർണൻ എന്ന കഥാപാത്രം രംഗവേദി വിടുന്നത് ജയിച്ചുകൊണ്ട് തന്നെയല്ലേ...?

    വേറിട്ട വിഷയം തിരഞ്ഞെടുത്തത്തിനും അത് ഭംഗിയായി അവതരിപ്പിച്ചതിനും അഭിനന്ദനങ്ങൾ ആശ.

    ReplyDelete
    Replies
    1. അതെ ഗിരീഷേ....കയ്യിൽ ആയുധമേന്തിയ കർണൻ അജയ്യനാണല്ലൊ....കർണന് നിരായുധനായി മരണത്തെ വരിക്കേണ്ടി വന്നത് കാലത്തിന്റെ നിയോഗമാകാം.. എങ്കിലും മഹാഭാരതത്തിൽ എനിക്ക് അര്ജുനനിലും പ്രിയം ഈ മഹാരഥി തന്നെയാ. ഉറ്റസ്നേഹിതനായി പ്രാണനും പണയപ്പെടുത്തിയ കർമ്മധീരൻ.... പാണ്ഡവരുടെ വീരമാതാവായ കുന്തിക്കും പുത്രദാനം നല്കിയത് ആ മഹാമനസ്കത. മരണക്കിടക്കയിലും ദാനം നല്കാൻ കർണനല്ലാതെ വേറാർക്ക് കഴിയും? മരണമില്ലാത്ത സല്ക്കീര്ത്തി മറ്റാർക്ക് അവകാശപ്പെടാനാകും.... ? മനസ്സിലെ തീവ്രത വാക്കുകളിൽ എത്തിയോ എന്നറിയില്ല...ശ്രമിച്ചിട്ടുണ്ടെന്നു മാത്രം.... വരവിനും വായനയ്ക്കും സ്നേഹവും നന്ദിയും ഗിരീഷെ...

      Delete
  3. Replies
    1. അന്നൂസേ.... വായനയ്ക്ക് ഒത്തിരി ഇഷ്ടം....

      Delete
  4. Replies
    1. ഈ സ്നേഹവാക്കുകൾക്ക് നന്ദി റാംജിയേട്ടാ...

      Delete

  5. പുരാണത്തിൽനിന്ന്‌ ചീന്തിയെടുത്ത ഒരേട്‌ പുതിയ കാഴ്ചപ്പാടിലൂടെ മനോഹരമായി അവതരിപ്പിച്ചു. ആശംസകൾ

    ReplyDelete
    Replies
    1. മധുവേട്ടാ.. വേറിട്ട ഒരു വിഷയത്തിലേക്കുള്ള കൂടുമാറൽ ശ്രമം... കൊറേ നന്ദിയും സ്നേഹവും ഈ വായനയ്ക്ക് ...

      Delete