Sunday, October 6, 2024

എന്റെ കണ്ണാംതുമ്പിക്ക്…

സ്മൃതികൾ ഉറങ്ങുന്ന 

കോവിൽ മുറ്റത്തിരുന്ന് 

നിനക്കായ്‌ പ്രണയാക്ഷരങ്ങൾ 

കുറിയ്ക്കണമെനിക്ക്…


അത് കണ്ട്‌ ഭരിതമാകുന്ന 

നിന്റെ ആത്മാവിനെ 

വെൺതൂവലാൽ തഴുകണം…


മഞ്ഞു പൊഴിയുമൊരു 

നിശാവേളയിൽ 

നിന്റെ അരികിലിരുന്ന് 

ഒരുപാടിഷ്ടത്തോടെ 

ആ മറുവാക്കുകൾക്ക് കാതോർക്കണം…


കണ്ണാംതുമ്പിയായ് എന്റെ

ഹൃദയത്തിൽ കൂട്കൂട്ടിയ നിന്റെ 

മൗനത്തിൽ ഒളിപ്പിച്ച വാക്കുകൾ 

എന്നിലേക്ക്‌ പ്രവഹിയ്ക്കുന്നു അനുനിമിഷവും…


നെഞ്ചിൽ ഒരു കുളിരായ് 

പ്രാണന്റെ താളമായ് 

മിഴികൾ പൂട്ടി ഞാൻ 

ആ മൊഴികളിൽ അലിയുന്നു…


പറയാൻ ബാക്കി വെച്ച 

കഥകളുടെ ചെപ്പ് 

നീ ഇനിയും ഉള്ളിൽ 

സൂക്ഷിയ്ക്കുന്നത് 

ഇവിടത്തെ ഓരോ 

മണൽത്തരിയും 

കാതോരം മൊഴിയുന്നു…


ആരും കൊതിയ്ക്കുന്ന 

കുളിർമാരിയായ് 

നിസ്സീമമായ 

അഴകലയായ് 

നിന്റെ വിരിമാറിൽ

തല ചായ്ച്ചു 

ആ കഥകളുടെ 

ജീവനിശ്വാസമാകണം…


പറയാൻ വെമ്പിയ 

ഒരായിരം ആശകളുടെ  

മുല്ലമുറ്റത്തിരുന്ന് 

ഈറൻ മുകിലിനെ

തൊടുന്ന  

അംബരമാകണം…


ഒരു നീലാംബരി രാഗമായ് 

കണ്മഷിച്ചന്തമായ്

നിന്റെ കരലാളനമേറ്റ് 

ആ ഹൃത്തിൽ 

അനുരാഗപ്പൂക്കൾ നിറയ്ക്കണം…


പിന്നെ ഒരുമിച്ച് നടന്ന 

പാതയോരങ്ങളിൽ 

നിന്റെ വിരൽ കോർത്ത് 

കവിതകൾ പാടി 

വീണ്ടും നടന്ന് തീർക്കണം…

ഇഷ്ടങ്ങൾ

 ഒരു പൂവാകാൻ ആണെനിക്കിഷ്ടം 

നിന്റെ ശ്വാസക്കാറ്റിന്റെ  നറുമണം 

ഒട്ടും ചോർന്നു പോകാതെ പ്രാണനിൽ പടർത്താൻ…


ഒരു പുഴയാകാൻ ആണെനിക്കിഷ്ടം

നിന്റെ പാദങ്ങളെ കുളിർസ്പന്ദനമായ് പുൽകി ആത്‌മശിഖരങ്ങളെ തഴുകിയുണർത്താൻ…


ഒരു കുളിർക്കാറ്റാകാൻ ആണെനിക്കിഷ്ടം 

നിന്റെ ഹൃദയത്തിൽ ഇതളിടുന്ന 

മധുരക്കിനാക്കൾക്ക് രാഗാമൃതമാകാൻ…


ഒരു പറവയാകാൻ ആണെനിക്കിഷ്ടം 

സീമകളില്ലാത്ത ആകാശത്തിന്റെ 

സ്നേഹച്ചോട്ടിൽ നീയുമായ് 

പ്രണയപൂർവ്വം കൊക്കുരുമ്മാൻ...

Thursday, September 26, 2024

മൗനം

ചന്ദനം മണക്കുന്ന ഹൃദ്യമൗനം

പ്രണയം തുളുമ്പുന്ന അരിയമൗനം

നൊമ്പരക്കാട്ടിലെ നീറുന്ന നിനവിന് 

വരാദാനമാകുന്ന ആർദ്രമൗനം 

 

മഴപ്പൂക്കൾ ശിരസിൽ ചൂടി 

വെയിൽകാറ്റിൽ വിരൽതൊട്ട് 

ചക്രവാകസീമയിൽ കണ്ണുംനട്ട് 

മൂടുപടം അണിയുന്ന സാന്ദ്രമൗനം 


ആത്‌മാവിൻ നെരിപ്പോടിൽ 

ഒടുങ്ങാത്ത കലമ്പലും 

കരൾ കവിയുന്ന ഇരമ്പലും  

തീരം പുണരുന്ന സമുദ്രമൗനം 

 

മിഴിയിതൾ ഒളിപ്പിച്ച  

വിരഹം ചുവപ്പിച്ച 

സ്‌മൃതിയിഴ ചാലിച്ച   

പനിനീർപൂവ് തൻ  

സുഗന്ധമൗനം 


ഒറ്റയടിപ്പാതയുടെ ദൂരം താണ്ടി 

ഏകാന്തപഥികനായ്   

വഴിമരങ്ങൾക്ക്‌ ശ്രുതിമീട്ടി  

യുണരുന്ന ദീർഘമൗനം 


തൊട്ടാവാടിചെടി  കൂമ്പുന്ന 

കുറുമ്പുകൾ കുറുകുമ്പോൾ 

മഞ്ഞുനീർതുള്ളിയായ്  മൃദുലമൗനം 


ഇന്നലെയുടെ സ്പർശത്തിൽ  

നാളെയുടെ ചോപ്പുകാറ്റിൽ 

നോവിൻ ചാല്കീറി ചിറകെട്ടി

പിടയുന്ന വ്യഥിതമൗനം…


മാനത്തു കാർമേഘം വിടരുമ്പോൾ 

സുകൃതമായ് പൊടിയുന്ന മഴയ്ക്ക് 

മുൻപേ വിരിയുന്ന മയൂരമൗനം


അകതാരിൽ തെളിയും 

വൈവിധ്യ കാഴ്ചയിൽ 

ധ്യാനമായ് പൊഴിയുന്ന ശലഭമൗനം  


ഒന്നായ് പിണയുന്ന ആത്മശിഖരത്തിൽ 

 അഗ്നിയായ് പകരുന്ന രതിമൗനം


തപസ്സിൻ വിഹായസ്സിൽ സ്വയമുരുകി 

തണലായ്‌ തൂവുന്ന വൃക്ഷമൗനം


പിന്നെ

മുകിൽ മൗനത്തിലുദിച്ചു 

മഴമൗനമായ് പെയ്ത് 

ജലമൗനമായ് ചൊരിയുന്ന 

പൊയ്‌പ്പോയ കാലത്തിൻ  

കുങ്കുമഗന്ധത്തിൽ 

നീയായ് വിടരുന്ന വശ്യമൗനം …

ഈറൻ സന്ധ്യ

 സ്വപ്‌നങ്ങൾ തളിരിട്ട ഈറൻ സന്ധ്യ 

അകതാര് പിടയുന്നുവോ 

പ്രിയനേ നിൻ അനുരാഗം 

ഒരു പൂവിതൾ ചൊരിയും സായൂജ്യം 


വിങ്ങുമാ മഞ്ജുരാഗം 

പാടുന്നു നിന്റെ ദേവൻ 

പിരിയുമാ നിനവിൻ നൊമ്പരങ്ങൾ


പാതി വിരിഞ്ഞു മിഴിപ്പൂവ് 

മറന്നുവോ യാത്ര ചൊല്ലാൻ 

ആ പദതാളം ദൂരെയായ് 

പുൽകിടും കനവുകൾ മൂകമായ് 

മഴനൂല് പോലെ നീ 

എന്നെ തലോടുവാൻ 

പൊൻവീണ മീട്ടുന്നു  ഞാൻ….  

മഴയോർമ്മകൾ

ഒരു ഋതുവസന്തം പൂത്തിറങ്ങിയ 

മഴയുടെ ഇലച്ചാർത്തിൽ  

ചെമ്പനീർപൂവ് നീട്ടി 

രാഗമേഘമായ് 

നീയെന്നിൽ പെയ്തിറങ്ങി…


ഒരുമിച്ചു ചൊല്ലിയ 

കവിതയും 

ഒഴുക്കിവിട്ട കളിവഞ്ചിയും 

നനഞ്ഞ പ്രണയമഴയും 

മായാത്ത ഓർമകളായി…


വിരൽ കൊരുത്തു പിന്നിട്ട പൂമേടും 

പറയാതെ പറഞ്ഞ മോഹങ്ങളും 

മിഴിയിണ കൂട്ടിമുട്ടിയ അനുഭൂതിയും 

ഒരു മഴയ്‌ക്കൊപ്പമായിരുന്നു…


മാന്തളിർ നുള്ളിയൊരു മഴസന്ധ്യയിൽ

മൗനം പൊതിയുമൊരു സ്നേഹച്ചില്ലയിൽ 

കവിൾത്തടം നനച്ചൊരു ചുടുചുംബനമായ് 

ഹൃത്തടം കവിഞ്ഞു നീ നിറസുഗന്ധമായ്…


നൂപുരധ്വനികളിൽ കുപ്പിവളക്കുളിരിൽ 

പ്രാണന്റെ തുടിപ്പായ്…

ആറ്റിരമ്പിൽ  വിരിയും 

താമരപ്പൂക്കളും തേന്മൊഴികളും 

മഴനീർക്കനവുകളായ്…


ഒരു കുഞ്ഞുപൂവിന്റെ സൗരഭ്യം പകർന്ന് 

മൃദുമേനി കുളിർപ്പിച്ച ഇളംകാറ്റിനും

പുണരാൻ കൊതിച്ച കാൽച്ചിലങ്കകൾക്കും 

മഴയുടെ സംഗീതമായിരുന്നു…


Wednesday, September 25, 2024

എന്നിലെ കവിത

ഒരു ദീർഘനിദ്രയിൽ 

നിന്നുണർത്തി 

മഴവിൽ നിറം പകർന്ന് 

എന്നിലെ കവിതയായ് 

വിരിഞ്ഞു  നീ…


എൻ കണിമലരായ് 

കാവ്യപ്രപഞ്ചമായ് 

സ്വരലയമായ്  നീ 

ഹൃദയം തൊടുന്നു…


ഇഷ്ടവസന്തമായ് കിളിവാതിൽ 

തുറന്നു നീ  

മഴവിരൽത്തുമ്പ് നീട്ടി 

തൂലികയാൽ കുറിയ്ക്കുന്നു…

 

അലകടൽ  ഞൊറികളിൽ  

ഉന്മാദമുണരുമ്പോൾ 

പ്രണയാരുണം 

ഈ പാതിരാക്കാറ്റ്…


ഇരുൾ ഇടറിവീണ 

മുത്തശ്ശിക്കാവും 

ആപാദം മഞ്ഞുതിർന്നു വീണ 

പൂവാകച്ചോടും 

നിന്റെ പദവിന്യാസത്തിനായ്

കാതോർത്തിരുന്നു… 


കാതങ്ങൾക്കപ്പുറം  

മറവിയിലമരാതെ 

നിന്റെ 

ചുടുനിശ്വാസങ്ങൾ 

ചെമ്പകമരം

അപ്പോഴും

നെഞ്ചോട് 

ചേർത്ത് വച്ചിരുന്നു …

Sunday, September 22, 2024

രാധ

 വൃന്ദാവനത്തിൽ പൂക്കാലമാകും

രാധികാപ്രേമത്തിൻ അനശ്വരഗാഥ

വിരഹാഗ്നിയിൽ ഹൃദയമുലഞ്ഞ

തീവ്രമാം പ്രണയത്തിൻ ദീപ്തഭാവം 

ദിവ്യമാം പ്രണയത്തിൻ തപ്തഭാവം


അനുരാഗ രേണുവിൻ വേണുഗാനം ‌ 

കണ്ണനായ്‌ വിടരുന്ന തേൻമലരായ്

പ്രാണനിൽ നിറയും സംഗീതമായ്

ഉപാധികളില്ലാതെ അതിരുകളില്ലാതെ 

അനന്തമാം പ്രണയത്തിൻ ജീവാമൃതം 


താമരക്കണ്ണന്റെ കൃഷ്ണമയിയായ്

ശ്യാമവർണന്റെ  പ്രിയതോഴിയായ്

കൃഷ്ണപ്രിയയായിവൾ രാധ

രാസകേളിയിൽ പ്രപഞ്ചമുണരും 

തൂമന്ദഹാസത്തിൻ സ്ഫുരണമായ്   


യമുനാനദിതൻ കുളിരലയിൽ 

കണ്ണന്റെ ആലിംഗനത്തിലമർന്നു…

നീലകടമ്പിൻ സല്ലാപചോട്ടിൽ

ശ്യാമാംബരന്റെ  സ്പന്ദനമായ്…


നികുഞ്ജത്തിനുള്ളിൽ 

ഉടലും  ഉയിരും പിണഞ്ഞു 

ആത്മരതിയുടെ ആദിതാളം

ആനന്ദവേള തൻ ഘോഷം …


മുരളിക ഏല്പിച്ചു കണ്ണൻ മടങ്ങുമ്പോൾ 

പ്രാണൻ പിടഞ്ഞു ഇടനെഞ്ചു പൊടിഞ്ഞു…

മധുരയിലേക്കുള്ള കണ്ണന്റെ 

രഥചക്രമുരുളുമ്പോൾ…

പിൻവിളിക്കണ്ണീർ തൂകിയില്ല…


കരളിൽ കനലുരുകുമ്പോൾ

അധരസിന്ദൂരമായ്  പൊടിഞ്ഞു രക്തം 

അത് കണ്ട് കണ്ണൻ അകലേക്ക്‌ മാഞ്ഞു.


രുക്മിണീകാന്തനായ കൃഷ്ണനെ

ഒരു വാക്കിനാലും മുറിപ്പെടുത്തീല്ല

ഒരു തരി പോലും നൊവേൽപ്പിച്ചില്ല…


കണ്ണനില്ലാത്ത വൃന്ദാവനത്തിൽ 

മയിൽ‌പീലിയഴകില്ല മുരളീരവമില്ല 

നിർജനമായ് പിന്നെ കാളിന്ദിയും


ചുംബനസ്മൃതികളിൽ വിങ്ങിവിതുമ്പി  

മാധവഗീതിയിൽ അലിയുന്നു രാധ 

മാധവനെന്നുമീ രാധയ്‌ക്ക്‌  സ്വന്തം

കണ്ണൻ എന്നുമീ രാധയ്ക്ക് മാത്രം …