Sunday, June 3, 2012

ജൂണ്‍ 15

അകാലത്തില്‍ നഷ്ടപ്പെട്ട എന്റെ അമ്മയ്ക്കായി സമര്‍പ്പിക്കുന്നു... ഞാന്‍  എഴുതുന്നത്  ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എന്റെ അമ്മയ്ക്ക് വേണ്ടി എഴുതിയ എന്റെ ആദ്യ കവിത...ഒരു പക്ഷെ സ്കൂളില്‍ എപ്പോഴോ കൈവിട്ട ഈ കഴിവിനെ ഓര്‍മിപ്പിക്കാന്‍ അമ്മയും നിമിത്തമായതാണോ എന്നറിയില്ല...ഏതു  ലോകത്തായാലും ഈ കവിത അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെടും എന്നആത്മവിശ്വാസത്തോടും പ്രാര്‍ത്ഥനയോടും  സമര്‍പ്പിക്കുന്നു...






നിറവെയിലും നനമഴയും അതിര് ചമച്ച-
സ്നേഹാതുരമായ ഇന്നലെകൾ...
കാതോര്ത്ത തൂമരന്ദമായ മൊഴിച്ചിന്തുകൾ ...

വാത്സല്യത്തിന്റെ വസന്തകാലം-
ഒരു ജൂണ്‍ പതിനഞ്ചിന്‍ വിടപറയുമ്പോൾ
ആകുലതകളുടെ കനൽ വിരിച്ച പാതകൾ
എന്നിലേക്ക്‌ വന്നണയുകയായിരുന്നു...

നൊമ്പരങ്ങളുടെ ശ്യാമരാവുകൾ-
നിഴൽക്കാടായെന്നെ മൂടിയപ്പോൾ..
കനൽപൊട്ടുകൾ ഹൃദയാഴങ്ങളിൽ
കാണാമുറിവുകളായി കുരുത്തു...

ഉലയുന്ന കൊലുസിൽ-
പടരുന്ന വേവിൽ-
അടരുന്ന മിഴിനീരിൽ-
തെളിയുന്ന ചെരാതും ശോകാർദ്രം

             * * * *
                     
മനസ്സ് നീറുന്ന സ്മൃതികൾ നീര്ചാലൊഴുക്കുന്ന-
 ഒരു ജൂണ്‍ പതിനഞ്ചു കൂടി......... 

ഓര്‍മ്മനിറവുകള്‍ക്ക്-
ഒരു ദശകത്തിലും പഴക്കം,
എങ്കിലും മായാതെ മറയാതെ നില്‍ക്കുന്നു-
തെളിനീരിന്‍ തെളിമപോലവ...

വിളക്കും ഓട്ടുപാത്രങ്ങളും-
ആണ്ടുബലിയ്ക്കായി ഒരുക്കുമ്പോഴും-
മടങ്ങാന്‍ മടിച്ചെന്‍-
ചിത്തം വര്‍ത്തമാനത്തിലേക്ക്‌...

വിറയാര്‍ന്ന കൈകളാല്‍-‍
അയയ്ക്കാന്‍ മറന്ന-
അമ്മയെഴുതിയ കത്ത്-
ഈ ദിനം പിന്നെയും വായിച്ചു,

മിഴിപ്പൂക്കള്‍ അഹമഹമിഹയാ-
ഉതിരാന്‍ വെമ്പല്‍ കൊള്ളുന്നു ആര്ദ്രമായ് ...

ആ കടലാസിന്‍ ഗന്ധവും വിരല്‍പ്പാടുകളും-
മുറിയാകെ നിറഞ്ഞു നിന്നു,
ജന്മാന്തരകിനാവുകള്‍ നിറച്ച ചഷകംപോല്‍...

ആശുപത്രിക്കിടക്കയില്‍ അമ്മയോടൊപ്പം കിടന്നപ്പോള്‍-
"എന്ന് നമുക്ക് വീട്ടില്‍ പോകാം" എന്ന ചോദ്യത്തിന്നു-
മുന്നില്‍ വാക്കുകള്‍ക്കു വരള്‍ച്ച വന്ന്-
പലവുരു വലഞ്ഞു ഞാന്‍...

ദര്‍ഭപ്പുല്ലിന്‍ മോതിരമണിഞ്ഞ്‌,
തൈരും എള്ളും ചേര്‍ത്ത്-
പിണ്ഡമായ് ബലിച്ചോറുരുട്ടുമ്പോള്‍-
കണ്ഠത്തില്‍ കുരുങ്ങി നിന്നു
അമ്മവാത്സല്യാതിരേകം പണ്ട് വാരിത്തന്ന
അന്നത്തിന്‍ സുഗന്ധ സ്പര്‍ശം...

അമ്മയുടെ പേരും നാളും മരിച്ച തീയതിയും ചൊല്ലി-
'പരേതാത്മാവിന് ശാന്തിയേകുന്നു'എന്നേറ്റു പറയുമ്പോള്‍-
ഒരു ജന്മത്തിലധികം വ്യഥയാല്‍ ചങ്കുപൊട്ടി,
ഗദ്ഗദകണ്ഠത്താല്‍ വാക്കുകള്‍ ഇടമുറിഞ്ഞു,

'ജൂണ്‍ 15-ഉം,ഒന്നാം തീയതിയും,
വെള്ളിയാഴ്ചയും കൂടി വന്ന ശുഭ ദിനേ...'
എന്നെത്ര ആവര്‍ത്തി നിനയാതെ ചൊല്ലിത്തീര്‍ത്തു.
അനന്തരം ഈറന്‍ കൈകള്‍കൊട്ടി-
ബലിക്കാക്കകളെ മാടിവിളിച്ചു,
അവയില്‍ അമ്മ തന്‍ സാദൃശ്യം ഞാന്‍ കണ്ടെത്തി...

ഭാഗവതപാരായണത്തില്‍ ഭവനം മുഖരിതമായപ്പോഴും-
ബന്ധുജനങ്ങള്‍ ആശ്വാസം ചൊരിഞ്ഞപ്പോഴും-
എന്നോ നഷ്ടപ്പെട്ട മനസ്സിന്‍ കടിഞ്ഞാന്‍-
പിന്നെയും തിരഞ്ഞോ ഞാന്‍?

വേദനസംഹാരികള്‍ക്കിടവേള കൊടുക്കുമ്പോള്‍-
 വേദന സഹിക്കാനാവാതെയാ-
മാതൃ ഹൃദയം മൌനമായി തേങ്ങിയോ?
ആ സങ്കടത്തിന്‍ അലകടലിനു കുളിര്‍മ്മയേകാന്‍-
തന്‍ മണിമുത്തങ്ങള്‍ക്ക് കഴിഞ്ഞില്ല-
എന്നത് സത്യമോ മിഥ്യയോ?

'"എന്നെ ഒന്ന് കൊല്ല് മോളേ,പറയുന്ന കേട്ടാല്‍ മതി..."
വേദനയേറുമ്പോള്‍ ചൊരിയുന്ന ഈ അപേക്ഷാവാക്കുകള്‍-
ജന്മജന്മാന്തരങ്ങളില്‍ മനസ്സില്‍-
മാറ്റൊലിക്കൊള്ളുമെന്നോര്‍ത്തുപോയി ഞാന്‍‍ .

മുടി ചീകിയൊതുക്കി  മുഖച്ചാർത്തണിയിച്ച്
നെറ്റിയില്‍ ഭസ്മക്കുറിയിട്ടപ്പോഴുള്ള-
ആ നിറകണ്‍ചിരി അടുത്തണയാന്‍ വെമ്പുന്ന-
മൃതിയെ തോല്പ്പിക്കുമെന്നെന്തോ കൊതിച്ചുപോയി!!!

പിറ്റേന്ന് ഉറക്കമുണരാത്ത നിദ്രയിലും-
ആ നിറകണ്‍ചിരി വാടാതെ നിന്നു,
മൃത്യുവിന്‍ നനുത്ത നൊമ്പരത്തെ തോല്പ്പിച്ചെന്ന പോല്‍ .

മെല്ലെ ജീവസറ്റ ആ മേനിയില്‍ നിന്ന് ഞാന്‍-
വസ്ത്രം മാറ്റുമ്പോഴും ഹൃത്തടം പൊട്ടുമാറുള്ള-
"അമ്മേ" എന്ന നിലവിളി
ആശുപത്രി വരാന്തയില്‍ തട്ടി പ്രതിധ്വനിച്ചുവോ?

മൃദുല കപോലങ്ങള്‍ മെല്ലെ തഴുകുമ്പോഴും
അമ്മ തന്‍ കണ്ണീര്‍ക്കണങ്ങള്‍ തുടയ്ക്കുമ്പോഴും
ആ മാറോട് ചേര്‍ന്ന് നാമംചൊല്ലി കിടക്കുമ്പോഴും
സുകൃതാനുഭൂതിയാല്‍ ഈ പാഴ്ജന്മം-
മാത്രം ബാക്കിയാകുമെന്ന്  എന്തേ ഞാൻ നിനച്ചില്ല???

ആംബുലന്‍സില്‍ നിശ്ചേഷ്ടമായ അമ്മയെ കെട്ടിപ്പിടിച്ചു-
പൊട്ടിക്കരയുമ്പോഴും നിറവേറ്റാന്‍ കഴിയാത്ത ആ-
വാക്കുകള്‍ തന്‍ തീക്ഷ്ണതയില്‍-
മനം കുറ്റബോധത്താല്‍ വെന്തുരുകി,

പിന്നീട് നിദ്ര കയ്യൊഴിഞ്ഞ എത്രയോ രാവുകള്‍ ,
ആ കണ്ണുകള്‍ ഒരു വേള തുറക്കാന്‍‍-
എന്റെ ജന്മം പകരം വെക്കാനും പ്രാര്‍ഥിച്ചു,

അണയ്ക്കാനും അനുഗ്രഹിക്കാനും പഠിപ്പിച്ച ആ-
കൈകള്‍ തന്‍ തലോടല്‍ അപ്പോള്‍ ഞാന്‍ കൊതിച്ചു.

ആ കത്തിന്‍ ബാക്കിയെഴുതാന്‍-
ഇനിയേത് ജന്മം എന്നമ്മയെത്തും?
എഴുതാന്‍ വെമ്പിയ അമ്മമനസ്സിലെ ഒത്തിരി
വിഷാദചിന്തകള്‍ നെയ്തെടുത്തു ഞാൻ.

നൊമ്പരപ്പൂക്കള്‍ നിറച്ച ആ പൂവാടിയില്‍
എന്റെ ഒരായിരം കണ്ണീര്‍പ്പൂക്കള്‍കൂടി...

11 comments:

  1. ഈ കവിത എന്നെ വല്ലാതെ നൊമ്പരപെടുത്തുന്നു...
    അനുഭവങ്ങളുടെ ഊര്‍ജം കവിതയ്ക്ക് കരുത്ത് പകരുന്നു...
    ഓര്‍മകള്‍ ദു:ഖമാകുന്നെങ്കില്‍
    മറവി അനുഗ്രഹമാക്കുക

    ReplyDelete
  2. ഒരായിരം കണ്ണീര്‍പ്പൂക്കള്‍ മാത്രം

    ReplyDelete
  3. No comments..... Its rly good.....

    ReplyDelete
  4. ഓര്‍മകളില്‍ അമ്മയുടെ സൌന്ദര്യം എന്നും നിലനില്‍ക്കട്ടെ ...

    ReplyDelete
  5. Arinjirunnilla ashaa...
    Ninte mizhineerinoppam cherkkunnu enteyum kannuneerthullikal...

    ReplyDelete
  6. മനസ്സിനെ സ്പര്‍ശിക്കുന്നൊരു രചന. അഭിനന്ദനങ്ങള്‍ എഴുത്തുകാരീ...

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. അമ്മയിഷ്ട്ടപ്പെടുക തന്നെ ചെയ്യും ഈ വരികളെ
    ആ ആത്മാവ് സന്തോഷം കൊള്ളും ഈ അനര്‍ഗ്ഗള സ്നേഹത്തില്‍....
    അനുഭവത്തിന്റെ വേവുള്ളത് കൊണ്ടാകാം കവിത ഒരു ആവി പോലെ ഹൃദയം തൊട്ടത്‌....

    ReplyDelete
  9. ദുഖമുണ്ട് . അമ്മയുടെ ആത്മാവിനു നിത്യശാന്തിയുണ്ടാവട്ടെ.

    ReplyDelete