Sunday, October 28, 2012

ജീവിതത്തില്‍ നിന്ന് ...

ആ വഴി നടന്നപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ണ് നിറയാതിരിയ്ക്കാന്‍  ഒരുപാട് ശ്രമിച്ചു.  മിഴികള്‍ എനിയ്ക്ക് വശംവദരാണ് എന്ന എന്റെ സ്വകാര്യ അഹങ്കാരം ഉടഞ്ഞ ഒരു സന്ദര്‍ഭം പിന്നെയും. മനസ്സ് ചിലമ്പിയാല്‍ മുഖത്തു പ്രകടമാകും എന്നത് എന്നും എന്നെ തളര്‍ത്തിയ കയ്പേറിയ സത്യം.

അറിയാതെ ഞാന്‍ നടത്തം അവസാനിപ്പിച്ച് ആ വഴിയരികില്‍ പരിസരം മറന്നു നിന്നുവോ? അറിയില്ല. മനസ്സ് കൈവിട്ടുപോയ ഒരു നിമിഷം കൂടി..എനിയ്ക്ക് മുന്‍പേ അടര്‍ന്നു വീണ നീര്‍ത്തുള്ളികളെ നിയന്ത്രിയ്ക്കാനും കഴിയുന്നില്ലെനിയ്ക്ക് .  മനസ്സ്  കൈവിട്ട മേനിയെ ദൈവവും കൈവിട്ടുവോ? ഞാന്‍ പിന്നെയും മരിച്ചോ? ഓര്‍ക്കാന്‍ കഴിയുന്നില്ല. അറിയാമായിരുന്നില്ലേ യാത്ര ഈ വഴി തന്നെയെന്ന്.?  മനസ്സില്‍ കൂട്ടിയും കിഴിച്ചും ഒരുപാട് വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നില്ലേ ഈ യാത്രയ്ക്ക് മുന്നോടിയായ്? എന്നിട്ടുമെന്തേ തളര്‍ന്നു പോകുന്നു? നിറഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ  ഞാന്‍ വീണ്ടും അങ്ങോട്ടേക്ക് നോക്കി നിന്നു. അവിടെയാണ്  ഞാന്‍  കൂട്ടിവെച്ച ഒരുപാട് സ്വപ്‌നങ്ങള്‍ പറക്കുമുറ്റാതെ വെന്തുവെണ്ണീറായ നിരാശാഭൂമി... എന്റെ അമ്മ ദഹിച്ചു തീര്‍ന്ന പൊതു ശ്മശാനം.അവിടെ എന്റെ അമ്മ നില്‍ക്കുന്നു. ആ മനം മയക്കുന്ന നറുംപുഞ്ചിരി  എന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. കല്യാണപ്പുടവയാണ് അമ്മ അണിഞ്ഞിരിയ്ക്കുന്നത് . അമ്മയോടൊപ്പം അവസാനം എരിഞ്ഞടങ്ങിയ പുടവയല്ലേ അത്? 

  "ഞാന്‍ ഒത്തിരി സ്നേഹിയ്ക്കുന്നു ഈ പുടവ."  എന്ന് അമ്മ പണ്ട് പറഞ്ഞിരുന്നപ്പോള്‍ അറിയാതെ എനിയ്ക്ക് അച്ഛനോട് അസൂയ തോന്നിയിരുന്നു. 
"ഈ അമ്മയ്ക്ക് എന്നെക്കാള്‍ കൂടുതല്‍ സ്നേഹം അച്ഛനോടാണല്ലോ."

"ഇഷ്ടങ്ങള്‍ക്ക് നീ അളവുകോല്‍ വയ്ക്കരുത് ." 
എന്ന അമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ശാസന ഇന്നും എന്റെ ഹൃദയത്തിലുണ്ട്.  അത് കേട്ടിരുന്നപ്പോള്‍ ആ വാക്കുകളിലെ സ്നേഹതീവ്രത അന്ന് ഞാനറിഞ്ഞിരുന്നില്ല. ഒരു ജന്മം മാപ്പ്. അറിയാതെയെങ്കിലും ആ മനസ്സ് നോവിച്ചെങ്കില്‍... 

 സ്നേഹം എന്നും അമ്മയ്ക്ക് ദൌര്‍ബല്യമായിരുന്നല്ലോ.  നെറ്റിയിലെ ഭസ്മക്കുറിയും സീമന്തരേഖയിലെ സിന്ദൂരവും ആ പട്ടുടയാടയില്‍ അമ്മയെ കൂടുതല്‍ സുന്ദരിയാക്കിയിരിയ്ക്കുന്നു. ആ കവിള്‍ത്തടങ്ങളിലെ നനവ്‌ ഞാന്‍ അവസാനം പകര്‍ന്നു തന്ന ചുംബനങ്ങളുടെ ഓര്‍മ്മകള്‍ നിറച്ചു എന്നില്‍.   "അമ്മേ ..." നെഞ്ചില്‍  കുരുങ്ങി അല്പാല്പമായ്  പുറത്തേയ്ക്ക്  വന്ന ആ വിളി അമ്മ കേട്ടെന്നു തോന്നുന്നു. അതായിരിയ്ക്കും ആ അരികിലേയ്ക്ക് എന്നെ മാടി വിളിച്ചത്.  മെല്ലെ എന്റെ കാലുകള്‍ ആ അടുത്തെത്താന്‍ കുതികൊണ്ടു.  "ഈ കുട്ടി എന്ത് സ്വപ്നം കണ്ടാണ്‌ ഈ ചുടുകാട്ടിലേയ്ക്ക്  കയറിപ്പോകുന്നത്‌, ഭ്രാന്തിയെപ്പോലെ?" . ചെവിയില്‍ കരിവണ്ടിന്റെ മുരള്‍ച്ചപോലെ വാക്കുകള്‍ ഉതിര്‍ന്നു വീണു. അത് കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. ലൈറ്റിട്ടു കിടക്കയുടെ അരികില്‍ നിന്ന്  അമ്മയുടെ ഫോട്ടോ എടുക്കുമ്പോഴും ആ സുന്ദര സ്വപ്നത്തില്‍ നിന്നു ഒരിയ്ക്കലും മോചിതയാകാതിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചു പോയി.  മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു. വിടവാങ്ങാന്‍ മടിയ്ക്കുന്ന എന്റെ നൊമ്പരച്ചീളുകള്‍ക്ക് സാന്ത്വനത്തിന്റെ കുളിരമൃതുമായ്‌... 

[ അമ്മയുടെ ഗന്ധത്തിനായ്.. ആ സാമീപ്യത്തിനായ്.. ആ ധൈര്യത്തിനായ്..എത്രയോ രാത്രികളില്‍ ആ ശ്മശാനത്തില്‍  വന്നു അമ്മയെ ഒന്ന് നോക്കിയാലോ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ചിന്തകള്‍ പീലിവിടര്‍ത്തിയപ്പോള്‍ മനസ്സ് കനിഞ്ഞു നല്‍കിയ ഈ കിനാവിനെ ഞാന്‍ വേറെന്തു പേരിട്ടു വിളിയ്ക്കും? ഒരുപാടാഗ്രഹിച്ച എന്റെ മനസ്സിന്  നിര്‍വൃതിയടഞ്ഞ ആ സാമീപ്യം. ഒരല്പ നേരത്തെയ്ക്കെങ്കിലും  "അമ്മേ"   എന്ന് വിളിയ്ക്കാന്‍ അവസരം പകര്‍ന്നു നല്‍കിയ എന്റെ കണ്ണാ... ജന്മാന്തരങ്ങളിലും ഞാന്‍ നിന്നോട് കടപ്പെട്ടിരിയ്ക്കുന്നു. ]

40 comments:

 1. സ്നേഹത്തിന്റെ അളവുകോല്‍ നഷ്ടപ്പെടല്‍ ആണ്.
  അല്ലെ ആഷേ?
  എന്തോ എനിക്കങ്ങനെ തോന്നുന്നു.
  എന്റെ മാത്രം തോന്നലാവാം അത്.
  അമ്മെ പറ്റി എന്ത് എഴുതിയാലും അത് വായിക്കുമ്പോള്‍ ഞാന്‍ കരയും.
  ഇതും അങ്ങനെ തന്നെ.
  കരയിച്ചു.

  ReplyDelete
  Replies
  1. സ്നേഹത്തിന്റെ അളവുകോല്‍ നഷ്ടപ്പെടല്‍ തന്നെയാണ്... അതറിയാന്‍ പക്ഷെ ഞാന്‍ ഒരുപാട് വൈകി കേട്ടോ...ഉമയെ കരയിക്കണം എന്ന് വിചാരിച്ചതല്ല .. എന്റെ അനുഭവങ്ങളുടെ ചെപ്പില്‍ നിന്ന് അടര്‍ത്തിയെടുത്തത് കൊണ്ടാവാം അത്...ഇഷ്ടായി ഈ വരവും വായനയുംട്ടോ.

   Delete
 2. എഴുത്തിന്റെ ഭാഷ ഉള്ളില്‍ തട്ടിതന്നെ കടന്നുപോകുന്നു.അമ്മ വീണ്ടും കൊതിപ്പിക്കുന്നു,എല്ലാത്തിനും കണ്ണന്‍റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ.

  ReplyDelete
  Replies
  1. സന്തോഷം കാത്തീ... വായനയ്ക്കും പ്രോത്സാഹനത്തിനും...

   Delete
 3. പ്രിയപ്പെട്ട ആശ,
  ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വിതം എഴുതി. മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തായി കൈത്താങ്ങായി അമ്മയെന്ന പുണ്യം ഇനിയും ഹൃദയത്തില്‍ നിറയട്ടെ.

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. ഗിരീഷെ... നന്ദിയും കടപ്പാടും ഈ വായനയ്ക്...ഇതുവരെയുള്ള യാത്രയിലും ഇനിയെന്നും ആ സ്നേഹം എനിയ്ക്ക് വഴിവിളക്കായി...സുരക്ഷാ കവചമായി ഉണ്ടാകും കേട്ടോ... അതെനിയ്ക്കുറപ്പാ.

   Delete
 4. ജീവിതത്തില്‍ നിന്ന്, ഹൃദയം കൊണ്ടെഴുതുമ്പോള്‍, വാക്കുകളിലെ ആര്‍ദ്രത മനസ്സിനെ ഈറനണിയിക്കുന്നു..

  ReplyDelete
  Replies
  1. സന്തോഷം നിത്യേ ഈ വായനയ്ക്ക്... ബ്ലോഗിലേയ്ക്ക്‌ വീണ്ടും തിരിച്ചെത്തിയല്ലോ. ആശ്വാസായി..ശുഭരാത്രിട്ടോ ..

   Delete
 5. ആഷ... അമ്മയോര്‍മ്മകള്‍
  നന്നായിരിക്കുന്നു....
  ഹൃത്തടം നോവിക്കുന്ന
  നൊമ്പരങ്ങള്‍.................

  അമ്മസ്നേഹത്തിനോളം ആഴമുള്ള
  ഒന്നുമില്ല ഈ ഭൂപടത്തില്‍.......

  അമ്മസ്നേഹത്തിനോളം ഉയരമുള്ള
  ഒന്നുമില്ല ഈ ഭൂപടത്തില്‍.......

  ഇന്നലെ ഉറങ്ങിയുട്ടണ്ടാവില്ല
  അല്ലെ...
  "ഇഷ്ടങ്ങള്‍ക്ക് നീ അളവുകോല്‍ വയ്ക്കരുത്"
  സ്വന്തം ജീവിതത്തിലും അങ്ങനെതന്നെ ആവുമല്ലോ...

  ReplyDelete
  Replies
  1. ഇഷ്ടങ്ങള്‍ക്ക് ഞാന്‍ അളവുകോല്‍ വെയ്ക്കാറില്ല കണ്മഷി... അന്നും ഇന്നും...
   വായിച്ചതിനും വിലയിരുത്തിയതിനും കടപ്പാടും സ്നേഹവുംട്ടോ...പുഴ ഒഴുകും വഴി പൂര്‍ത്തിയാക്ക് കേട്ടോ...ദീപാവലി ആശംസകളും ശുഭരാത്രിയും...

   Delete
 6. അമ്മയെന്ന സന്തോഷം,എപ്പോഴും ഒരിക്കലും അവസാനിക്കാത്ത ഒരു വേദനയായി മാറുന്നു..
  നന്നായി എഴുതി

  ReplyDelete
  Replies
  1. സന്തോഷം മുഹമ്മദേട്ടാ... വായനയ്ക്കും പ്രോത്സാഹനത്തിനും...ദീപാവലി ആശംസകളും ഒപ്പം ശുഭരാത്രിയും...

   Delete
 7. അമ്മയോളം സ്നേഹം
  സ്നേഹത്തോളം അമ്മ

  ReplyDelete
  Replies
  1. അതെ.... സ്നേഹത്തിന്റെ തണല്‍ എനിയ്ക്കെന്നും അമ്മയാണ് അജിത്തെട്ടാ... ശുഭരാത്രിയും... ദീപാവലി ആശംസകളുംട്ടോ...

   Delete
 8. ആശ!!! വായിച്ചു കണ്ണു നിറഞ്ഞു..
  ഇതു വായിച്ചപ്പോള്‍ ഒരു ഗാനം ഓര്‍മ്മ വന്നു..
  അതു ഇവിടെ സ്മരിക്കാതിരിക്കന്‍ പറ്റുന്നില്ല..

  http://www.youtube.com/watch?v=F05ibCaHV0Q

  ആശയും കേള്‍ക്കും എ ന്ന് വിശ്വസിക്കുന്നു..

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷവും സ്നേഹവും രാജീവേ ഈ മനസ്സ് നിറഞ്ഞുള്ള വായനയ്ക്കും പ്രോത്സാഹനത്തിനും..പിന്നെ ഈ ഗാനം ഞാന്‍ ആദ്യമായിട്ട കാണുന്നെ... കണ്ടപ്പോ കേട്ടപ്പോ മനസ്സില്‍ ഒത്തിരി വിഷമം തോന്നി...പിന്നെ ഇലന്തൂര്‍ ദീപാവലി എങ്ങനെ ഉണ്ടായിരുന്നു ? ദീപാവലി ആശംസകളും ഒപ്പം ശുഭാരാത്രിയുംട്ടോ...

   Delete
 9. അമ്മയെന്ന സ്നേഹ സാഗരത്തെ എത്ര എഴുതിയാലാണ് മതി വരിക
  ആശംസകള്‍...

  ReplyDelete
  Replies
  1. അമ്മ സ്നേഹം എത്ര വര്‍ണ്ണിച്ചാലും ഉറവ വറ്റില്ലല്ലോ...കടപ്പാടും സ്നേഹവും ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും...ദീപാവലി ആശംസകള്‍ട്ടോ...ശുഭരാത്രി...

   Delete
 10. ചന്ദനഗന്ധമുള്ള അമ്മമനസ്സിന്റെ അനുഗ്രഹം, അതിനേക്കാള്‍ വലിയ സുകൃതം വേറെന്താണ് വേണ്ടത്

  ആശ വളരെ നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. സ്നേഹവും കടപ്പാടും ഈ നല്ല വാക്കുകള്‍ക്ക് ഗോപാ...

   Delete
 11. Replies
  1. നന്ദിട്ടോ കലാവല്ലഭാ...

   Delete
 12. അമ്മയുടെ സ്നേഹത്തിനു പകരമായി മറ്റൊന്നും തന്നെ ഇല്ല.ആ സ്നേഹം ഈ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു,വളരെ നന്നായി എഴുതി.
  ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷവും സ്നേഹവും അമ്മാച്ചു ഈ ആശ്വാസ വാക്കുകള്‍ക്ക്...

   Delete
 13. അമ്മ നഷ്ടപെട്ട മക്കള്‍ക്കെല്ലാം അമ്മ എപ്പോഴും ഒരു അത്മനോമ്പരമാണ്. അനിയത്തി നിന്റെ ദു:ഖം എന്റെതുമാണ്.
  എഴുത്തും നന്നായി, ആശംസകള്‍.

  ReplyDelete
  Replies
  1. സ്നേഹവും കടപ്പാടും ശീലേച്ചി ഈ വായനയ്ക്കും... ഈ അനിയത്തിയോടുള്ള നല്ല വാക്കുകള്‍ക്കും..

   Delete
 14. മനസ്സിൽ തട്ടി.... വേറൊന്നും പറയുന്നില്ല...

  ReplyDelete
  Replies
  1. വിനുവേട്ടന്റെ മനസ്സ് നോവിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു... ഈ വായനയ്ക്കും സ്നേഹവാക്കുകള്‍ക്കും പകരം കടപ്പാട്...

   Delete
 15. Replies
  1. വന്നിട്ടെന്തേ ഒന്നും പറയാതെ പോയി ശ്രീ ??വന്നതില്‍ സന്തോഷംട്ടോ...

   Delete
 16. അമ്മ മഴ എനിക്കൊരു കണ്ണീര്‍ മഴ തന്നു..ആശാ.

  എന്താ പറയുക...
  എഴുത്തിന്റെ ഭംഗി നല്ലത് പക്ഷെ മനസ്സില്‍ തട്ടുന്നത് അമ്മ എന്നാ വികാരം.
  അതെ സ്നേഹത്തിനു അളവുകോല്‍ വയ്ക്കരുത് കൊടുക്കുമ്പോള്‍../,,,പകര്‍ന്നു കിട്ടുമ്പോള്‍ അളവ് നോക്കാതെ ചേര്‍ത്ത് വയ്ക്കുക !!!

  ReplyDelete
  Replies
  1. കീയു...ഞാന്‍ എന്താ നിന്നോട് പറയുക?? ഒരു കണ്ണീര്‍ മഴയായ് ഈ വാക്കുകള്‍ നിന്നെ നനച്ചല്ലേ? പോട്ടെ മോളൂ ... വായനയ്ക്കും ഈ നല്ല വാക്കുകള്‍ക്കും പകരം സ്നേഹം മാത്രം...നിന്നോടാകുമ്പോ കടപ്പാട് വേണ്ടല്ലോ അല്ലെ :)

   Delete
 17. നന്നായിരിക്കുന്നു.. ഹൃദ്യമായ ഒരു അനുഭവം സൃഷ്ടിച്ചതിന് അഭിനന്ദനങ്ങള്‍.............

  ReplyDelete
  Replies
  1. വായിച്ചതിനും പ്രോത്സാഹനത്തിനും സ്നേഹവും കടപ്പാടും തുളസി...

   Delete
 18. ഒരമ്മയല്ലേ പോയുള്ളൂ..നിറയെ അമ്മമാരുള്ളലോകം ചുറ്റിലുമുണ്ട്.ഒരിറ്റുജീവൽസ്നേഹം കൊതിക്കുന്നഅമ്മമാർ.പകരം വയ്ക്കാനല്ല,അതിനുകഴിയുകയുമില്ല.പക്ഷേ ഒരമ്മ മനസ്സ് ഉള്ളിലേക്ക് ആവാഹിക്കാം,പകരാം കഴിവുള്ളിടത്തോളം ആ അമൃതസ്നേഹം.നന്മവരട്ടെ...

  ReplyDelete
  Replies
  1. ചുറ്റിനും കൊറേ അമ്മമാരെ ഞാന്‍ കാണുന്നുണ്ട് .... സ്നേഹിക്കുന്നുണ്ട്... പകരമാവില്ല എന്നെനിക്കറിയാമെങ്കിലും എന്റെ സമാധാനത്തിനും അവരുടെ സന്തോഷത്തിനും അത് നല്ലതല്ലേ..
   ഈ വായനയ്ക്കും അവലോകനത്തിനും നന്ദിയും കടപ്പാടും രമേഷേട്ടാ..

   Delete
 19. ഉള്ളിൽ തട്ടി. എന്തു പറയണമെന്നാലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല. നന്നായി . അത്രന്നെ,

  ReplyDelete
  Replies
  1. സുമേഷിനു എന്ത് പറ്റി വാക്കുകള്‍ക്കു വരള്‍ച്ച? അത്രെയും ഞാന്‍ വേദനിപ്പിച്ചോ ഈ വാക്കുകള്‍ കൊണ്ട്? സന്തോഷവും സ്നേഹവും ഈ വരവിനും... ഹൃദയത്തില്‍ തട്ടിയുള്ള വാക്കുകള്‍ക്കും...

   Delete
 20. നല്ലൊരു ഫീല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍....

  ReplyDelete
  Replies
  1. സ്നേഹവും കടപ്പാടും വിനോദേട്ടാ വായനയ്ക്കും പ്രോത്സാഹനത്തിനും...

   Delete