Saturday, December 29, 2012

ഡല്‍ഹി... വേദനയുടെ ഒരു ബാക്കിപത്രം

മനുഷ്യമനസ്സാക്ഷിയെ നഖശിഖാന്തം ഞെട്ടിയ്ക്കുന്ന കൂട്ടബലാല്‍സംഗപരമ്പരകള്‍ ഇന്ന് ഒരു നേരമ്പോക്കായി മാറ്റിയിരിയ്ക്കുന്നു ആര്‍ഷഭാരതസംസ്കാരത്തിന് പുകള്‍പെറ്റ ഭാരതജനത.ആ പരമ്പരയ്ക്ക്‌ കൊഴുപ്പുകൂട്ടാന്‍ ദല്‍ഹിയിലെ പെണ്‍കുട്ടി കൂടി. "സ്ത്രീ  അമ്മയാണ്, ദേവതയാണ്, ഒരു വീടിന്റെ വിളക്കാണ്. പവിത്രമായ ഒരു സംസ്കാരത്തിന്റെ കറയറ്റ പ്രതീകമാണ് ഓരോ സ്ത്രീയും".ഈ ധാര്‍മിക ചിന്താഗതികളെ  തുലോം കാററില്‍ പറത്തി മൃഗതുല്യമായ കാമവി കാരങ്ങളടക്കാനുള്ള കേവലം ഒരു കളിക്കോപ്പായി അവളെ കാണുന്നത് അത്യന്തം വേദ നാജനകമാണ്. മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യന്‍ തന്നെയോ ഇതിനൊക്കെ ഉത്തരവാദി? അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാറാലകള്‍ അവനു തുടച്ചുമാറ്റാന്‍ കഴിഞ്ഞെങ്കില്‍ തികച്ചും ബാലിശമായ കാമവികാരങ്ങള്‍ അവനു അനിയന്ത്രിതമാണ് എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ്? അര്‍ഹിയ്ക്കുന്ന ശിക്ഷാനടപടികള്‍ കുറ്റക്കാര്‍ക്ക് നല്‍കുന്നില്ല എന്നതാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെടുന്നതിന്റെ മുഖ്യഹേതു. അറേബ്യന്‍ നാടുകളിലൊക്കെ ഇത് പോലെയുള്ള കുറ്റകൃത്യങ്ങള്‍ എന്തേ  അധികം  കണ്ടു വരുന്നില്ല? അവിടുത്തെ ശിക്ഷാനടപടികള്‍ അത്രമേല്‍ കഠോരമാണ്. ഒരു സ്ത്രീയ്ക്ക് ഏറ്റവും  അമൂല്യമായ അവളുടെ അഭിമാനം കവര്‍ന്നെടുക്കുന്ന നരാധമന്‍മാര്‍ക്ക് എത്ര കടുത്ത ശിക്ഷ നല്‍കിയാലും ഒട്ടും അധികമാവില്ല.സംസ്കാരത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിയ്ക്കുന്ന ഇത്തരക്കാര്‍ക്ക് എത്രയും പെട്ടെന്ന് തന്നെ വധശിക്ഷ നടപ്പാക്കണം.ഒപ്പം മരണത്തിന് മുന്‍പുള്ള കാലയളവില്‍ പ്രതികള്‍ക്ക് ജയില്‍ ഒരു സുഖവാസം ആകാതെ ക്രൂരമായ ശിക്ഷകള്‍ തന്നെ നല്‍കണം. ഗോവിന്ദച്ചാമിയ്ക്ക് ലഭിച്ചത് പോലെ ജയിലില്‍ ഒരിയ്ക്കലും പ്രതികള്‍ക്ക് ഫൈവ്സ്റ്റാര്‍ സുഖസൌകര്യങ്ങള്‍ അനുഭവിയ്ക്കാനുള്ള ആവാസകേന്ദ്രങ്ങള്‍ ആകരുത്. സ്ത്രീപുരുഷസമത്വം ഉദ് ഘോഷിയ്ക്കപ്പെടുന്ന ഇക്കാലത്ത്  സ്ത്രീയെ പിന്നെയും അബലയായി തളയ്ക്കാന്‍ ശ്രമിയ്ക്കു കയാണോ സമൂഹവും? പുരുഷന്റെ തണലില്‍ പോലും അവള്‍ സുരക്ഷിതയല്ലെങ്കില്‍ പിന്നെ  തനിയെ  സഞ്ചരിച്ചാലുള്ള കഥ പറയേണ്ടതില്ലല്ലോ.മദ്യത്തിന്റെയും  മയക്കുമരുന്നിന്റെയും  മദിരാഷിയുടെയും  ലഹരിയിലമര്‍ന്ന ധാര്മികച്യുതി  സംഭവിച്ച  മനുഷ്യരില്‍ നിന്ന് ഇതില്‍ കുറഞ്ഞ ക്രൂരതയൊന്നും പ്രതീക്ഷിയ്ക്കാനില്ല.സൂര്യന്‍ അസ്തമിയ്ക്കുന്നതിനു മുന്‍പ് സ്ത്രീ  വീടണ യണം എന്ന അലിഖിതനിയമം ആധുനികസ്ത്രീയ്ക്ക് പലപ്പോഴും വിദൂരമാണ്.അടുക്കള യുടെ ചട്ടക്കൂടുകളില്‍ മാത്രം  ഒതുങ്ങാതെ പുരുഷനോടൊപ്പം അവള്‍ കൂടി  പണിയെടുക്കുന്നു. കൂടാതെ കുടുംബവും നോക്കുന്നു. ഇന്ന് പല ബിസിനസ് സാമ്രാജ്യങ്ങള്‍ തന്നെ  അവളുടെ  വിരല്‍ത്തു മ്പിലാണ്.അങ്ങനെയുള്ള അവളെ ആദരിയ്ക്കുന്നതിനു പകരം  അവളുടെ  അഭിമാനത്തെ തന്നെ  വ്രണപ്പെടുത്തുന്നത് തികഞ്ഞ ഷണ്ടത്വം തന്നെ.അഭിമാനം കൈമോശംവന്ന ഒരു പെണ്‍കുട്ടി  മരിച്ചു ജീവിയ്ക്കുന്നതിനേക്കാള്‍ അവള്‍ക്ക്‌  മരണമാണ് വരദാനം. ഡല്‍ഹിയില്‍ ക്രൂരപീഡന ത്തിനിരയായ നിത്യശാന്തിയിലേയ്ക്ക് സ്വയം ആവാഹിയ്ക്കപ്പെട്ട ആ കുഞ്ഞുപൂ വിനായി...എന്റെ  സഹോദരിയ്ക്കായി  മന്സ്സിന്റെ  ഓരോ  ശിഖരങ്ങളിലും  പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിട്ട്കൊണ്ട്...ഒരായിരം  കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചു കൊണ്ട്... അധികാരികള്‍ കണ്ണ് തുറക്കുന്നതിനായി പോലീസുകാരും നീതിന്യായവും സ്ത്രീയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന തിനായി  നമുക്കോരോരുത്തര്‍ക്കും  പ്രതികരിയ്ക്കാം പ്രതിഷേധിയ്ക്കാം  കൈകോര്‍ക്കാം... മനു ഷ്യത്വം അല്പമെങ്കിലും നമ്മളില്‍ ബാക്കിയുണ്ടെങ്കില്‍. നാളെ ഒരു പക്ഷെ  ഈ അവസ്ഥ എനിയ്ക്കോ നിങ്ങളില്‍ ആര്‍ക്കെങ്കിലുമോ  നമ്മുടെയൊക്കെ  പ്രിയപ്പെട്ട വര്‍ക്കോ  സംഭ വിച്ചേക്കാം. അനിയത്തീ...നിന്നെ അപമാനിച്ച മനുഷ്യാധമന്മാര്‍ക്ക് വേണ്ടി  അവരുടെ  കാടത്ത ത്തിനു മുന്നില്‍ ഞാനും  നിന്നോട് മാപ്പ്ചോദിയ്ക്കുന്നു...

Tuesday, November 27, 2012

മോഹിയ്ക്കുമൊരു ജന്‍മം

ജനിമൃതികളില്‍ പിടയുന്നൊരു ജന്മം-
ഇനിയൊന്നു കൂടി മോഹിച്ചു പോയി ഞാന്‍...
ഓര്‍മ്മകള്‍ തുളുമ്പുന്ന മണ്‍കുടമെന്നില്‍-
സുന്ദരസ്വപ്നങ്ങളായി പീലി വിരിച്ചു...
മഞ്ഞുകണത്തിന്‍ കുളിരില്‍ പൊതിഞ്ഞ്-
വാരിപ്പുണരുമാ ജന്മാന്തരകിനാക്കളെ...

ഒരു മഴസന്ധ്യയില്‍ കൊഴിയുന്ന പൂക്കള്‍-
പെറുക്കി നിറയ്ക്കണം നിന്റെ കൈക്കുമ്പിളില്‍...
തിങ്ങിയ ഇലത്തണലില്‍ തലചായ്ച്ച് പിന്നെയാ-
പരിഭവക്കാടിന്‍ കൊഞ്ചല്‍ കേള്‍ക്കണം...
നിനക്കായ് കൈമാറണം പ്രിയരഹസ്യമപ്പോള്‍...

ഒരു കുളിര്‍ക്കാറ്റിന്‍ സാന്ത്വനത്തില്‍-
പ്രണയമാം മുത്തുകള്‍ മിഴികളില്‍ പെയ്യണം...
ഈറന്‍ നിലാവത്ത്  തൂവുമാ പുഞ്ചിരിയില്‍-
നീയാം പ്രാണന്റെ നാളം തെളിയ്ക്കണം...
ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ..

Monday, November 26, 2012

അവള്‍


ഉടഞ്ഞ കുപ്പിവളത്തുണ്ടുകള്‍ മുറിവേല്‍പ്പിച്ച കൈത്തണ്ട...
 
പാതിമയങ്ങിയ പിടയ്ക്കുന്ന മിഴിയിണകളില്‍-
വിരുന്നു വരാന്‍ വെമ്പുന്ന മൃത്യുവിന്‍ കരിനിഴല്‍...


അലസമായിളകുന്ന കുറുനിരകള്‍ മൂളുന്നത്-
ആളൊഴിഞ്ഞ അരങ്ങിന്‍ മൌനസംഗീതം...


വിറയ്ക്കുന്ന ചെഞ്ചുവപ്പാം ചുണ്ടുകളില്‍-
അസ്തമിച്ച രാവിന്‍ പൊട്ടുംപൊടിയും...


ഹൃദയതാളങ്ങള്‍ക്ക് കാറ്റിന്റെ ഗതിവേഗം...

മരവിച്ച മനസ്സിന്‍ ഇടനാഴിയില്‍-
ഉന്മാദത്തിന്റെ ഉഷ്ണവും-
താളം തെറ്റിയ പദചലനവുമായ് അവള്‍...

ഉള്ളിലെ പദ്മതീര്‍ഥത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍-
സ്വന്തമാക്കിയത് വഴുക്കലുകളുടെ നൂറുനുറുങ്ങുകള്‍...


ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍ അടുക്കാനാകാതെ-
മോഹിച്ച വഴിമരങ്ങള്‍ക്ക് മുഖംകൊടുക്കാതെ-

മൊഴിയറ്റ നാവും ചിതലരിച്ച ചിന്തകളുമായ് അവള്‍...

അകതാരിലെ കുറുകലുകള്‍ വിതുമ്പലുകളാകുന്നു...

ഹൃദയസത്യങ്ങള്‍ നേരിടാതെ-  
വഴിമുടക്കിയാകുന്ന വിമുഖമാം മനസ്സ്...
ആ പടയോട്ടത്തിന് കടിഞ്ഞാനിടാനാകാതെ-  
ആയുധംനഷ്ടപ്പെട്ട അടര്‍ക്കളത്തില്‍-
പകപോക്കലിന് സ്വയം കീഴടങ്ങി അവള്‍...

Wednesday, November 14, 2012

നമ്മുടെ സൌഹൃദംനീയണിയാന്‍ കൊതിച്ച കാല്‍ച്ചിലങ്കകള്‍...
വിരല്‍തൊടാന്‍ വെമ്പിയ വയലിന്‍തന്ത്രികള്‍...
നമ്മുടെ ആത്മബന്ധത്തിന്‍ അടയാള മോതിരം...
പറയട്ടെ നിനക്കിതിലും പ്രിയമേറിയത്?


നീ മോഹിച്ച... നിന്നെ മോഹിപ്പിച്ച ആ മഴക്കാലം...
അവിടെ നീ പ്രണയിച്ച ഓടല്‍വള്ളികളില്‍ തീര്‍ത്ത ഒരു കുടില്‍...
മദിപ്പിക്കും ചെമ്പകപ്പൂമണം പടര്‍ത്തുന്ന നീയാം കാറ്റ്...
അതില്‍ പാറിപ്പറക്കുന്ന നിന്റെ ജീവനാം അപ്പൂപ്പന്‍ താടികള്‍...
തല ചായ്ക്കാന്‍ ഒരായിരം കഥകളുടെ വസന്തം വിരിയിച്ച ഇടനെഞ്ച്...
പിന്നെ നീ കൊതിച്ച പരിരംഭണത്തിന്റെ ഇളം ചൂടും...
ആ പറുദീസയില്‍ രാജകുമാരിയായ് നീയും..
മധുരമായ് ഈ സൌഹൃദത്തിന്‍ ഓര്‍മയും...

Tuesday, November 13, 2012

ഇഷ്ടമാണെനിയ്ക്കെന്നും...

ഇഷ്ടമാണെനിയ്ക്കെന്നും...

ഇളകിമറിയുന്ന തിരമാലകളിലേയ്ക്ക്  താദാത്മ്യം പ്രാപിക്കാന്‍-
ആ അലകളില്‍ എന്റെ നിഴല്‍ച്ചിത്രങ്ങള്‍ തിരയാന്‍...

പ്രഭ ചൊരിയുന്ന ഒറ്റ നക്ഷത്രത്തിന്‍  കൂട്ടില്‍-
ഹൃദയം നുറുങ്ങുന്ന നൊമ്പരങ്ങള്‍ പാടെ മറക്കാന്‍...

നുള്ളിനോവിയ്ക്കാത്ത സ്വപ്നങ്ങളുടെ വിരിമാറില്‍-
നീറുന്ന ഇന്നലെകളെ വകഞ്ഞു മാറ്റാന്‍....

മനസ്സിന്‍ പീലിക്കാവുകളില്‍ കൂടുകൂട്ടിയ കാര്‍മേഘങ്ങളെ കുടിയിറക്കി-
ഇനിയും പെയ്യാത്ത മഴയോട് സ്വയം പരിഭവിയ്ക്കാന്‍...

ഇഷ്ടമാണെനിയ്ക്കെന്നും...

ഒടുവില്‍ എനിയ്ക്കായി മാത്രം പെയ്യുന്ന മഴയെ പുണര്‍ന്ന്‍ ...
കാത് രണ്ടുമടച്ച് ആ ഇരമ്പലില്‍ അലിഞ്ഞു ചേരാന്‍...

വിജനമാം ആ രാവില്‍ മഴപ്പൊട്ടുകളുടെ വലയത്തില്‍-
തുളുമ്പുന്ന സ്നേഹത്തിന്‍ കുളിരില്‍... എല്ലാം മറന്നിരിയ്ക്കാന്‍‍...

Sunday, October 28, 2012

ജീവിതത്തില്‍ നിന്ന് ...

ആ വഴി നടന്നപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ണ് നിറയാതിരിയ്ക്കാന്‍  ഒരുപാട് ശ്രമിച്ചു.  മിഴികള്‍ എനിയ്ക്ക് വശംവദരാണ് എന്ന എന്റെ സ്വകാര്യ അഹങ്കാരം ഉടഞ്ഞ ഒരു സന്ദര്‍ഭം പിന്നെയും. മനസ്സ് ചിലമ്പിയാല്‍ മുഖത്തു പ്രകടമാകും എന്നത് എന്നും എന്നെ തളര്‍ത്തിയ കയ്പേറിയ സത്യം.

അറിയാതെ ഞാന്‍ നടത്തം അവസാനിപ്പിച്ച് ആ വഴിയരികില്‍ പരിസരം മറന്നു നിന്നുവോ? അറിയില്ല. മനസ്സ് കൈവിട്ടുപോയ ഒരു നിമിഷം കൂടി..എനിയ്ക്ക് മുന്‍പേ അടര്‍ന്നു വീണ നീര്‍ത്തുള്ളികളെ നിയന്ത്രിയ്ക്കാനും കഴിയുന്നില്ലെനിയ്ക്ക് .  മനസ്സ്  കൈവിട്ട മേനിയെ ദൈവവും കൈവിട്ടുവോ? ഞാന്‍ പിന്നെയും മരിച്ചോ? ഓര്‍ക്കാന്‍ കഴിയുന്നില്ല. അറിയാമായിരുന്നില്ലേ യാത്ര ഈ വഴി തന്നെയെന്ന്.?  മനസ്സില്‍ കൂട്ടിയും കിഴിച്ചും ഒരുപാട് വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നില്ലേ ഈ യാത്രയ്ക്ക് മുന്നോടിയായ്? എന്നിട്ടുമെന്തേ തളര്‍ന്നു പോകുന്നു? നിറഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ  ഞാന്‍ വീണ്ടും അങ്ങോട്ടേക്ക് നോക്കി നിന്നു. അവിടെയാണ്  ഞാന്‍  കൂട്ടിവെച്ച ഒരുപാട് സ്വപ്‌നങ്ങള്‍ പറക്കുമുറ്റാതെ വെന്തുവെണ്ണീറായ നിരാശാഭൂമി... എന്റെ അമ്മ ദഹിച്ചു തീര്‍ന്ന പൊതു ശ്മശാനം.അവിടെ എന്റെ അമ്മ നില്‍ക്കുന്നു. ആ മനം മയക്കുന്ന നറുംപുഞ്ചിരി  എന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. കല്യാണപ്പുടവയാണ് അമ്മ അണിഞ്ഞിരിയ്ക്കുന്നത് . അമ്മയോടൊപ്പം അവസാനം എരിഞ്ഞടങ്ങിയ പുടവയല്ലേ അത്? 

  "ഞാന്‍ ഒത്തിരി സ്നേഹിയ്ക്കുന്നു ഈ പുടവ."  എന്ന് അമ്മ പണ്ട് പറഞ്ഞിരുന്നപ്പോള്‍ അറിയാതെ എനിയ്ക്ക് അച്ഛനോട് അസൂയ തോന്നിയിരുന്നു. 
"ഈ അമ്മയ്ക്ക് എന്നെക്കാള്‍ കൂടുതല്‍ സ്നേഹം അച്ഛനോടാണല്ലോ."

"ഇഷ്ടങ്ങള്‍ക്ക് നീ അളവുകോല്‍ വയ്ക്കരുത് ." 
എന്ന അമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ശാസന ഇന്നും എന്റെ ഹൃദയത്തിലുണ്ട്.  അത് കേട്ടിരുന്നപ്പോള്‍ ആ വാക്കുകളിലെ സ്നേഹതീവ്രത അന്ന് ഞാനറിഞ്ഞിരുന്നില്ല. ഒരു ജന്മം മാപ്പ്. അറിയാതെയെങ്കിലും ആ മനസ്സ് നോവിച്ചെങ്കില്‍... 

 സ്നേഹം എന്നും അമ്മയ്ക്ക് ദൌര്‍ബല്യമായിരുന്നല്ലോ.  നെറ്റിയിലെ ഭസ്മക്കുറിയും സീമന്തരേഖയിലെ സിന്ദൂരവും ആ പട്ടുടയാടയില്‍ അമ്മയെ കൂടുതല്‍ സുന്ദരിയാക്കിയിരിയ്ക്കുന്നു. ആ കവിള്‍ത്തടങ്ങളിലെ നനവ്‌ ഞാന്‍ അവസാനം പകര്‍ന്നു തന്ന ചുംബനങ്ങളുടെ ഓര്‍മ്മകള്‍ നിറച്ചു എന്നില്‍.   "അമ്മേ ..." നെഞ്ചില്‍  കുരുങ്ങി അല്പാല്പമായ്  പുറത്തേയ്ക്ക്  വന്ന ആ വിളി അമ്മ കേട്ടെന്നു തോന്നുന്നു. അതായിരിയ്ക്കും ആ അരികിലേയ്ക്ക് എന്നെ മാടി വിളിച്ചത്.  മെല്ലെ എന്റെ കാലുകള്‍ ആ അടുത്തെത്താന്‍ കുതികൊണ്ടു.  "ഈ കുട്ടി എന്ത് സ്വപ്നം കണ്ടാണ്‌ ഈ ചുടുകാട്ടിലേയ്ക്ക്  കയറിപ്പോകുന്നത്‌, ഭ്രാന്തിയെപ്പോലെ?" . ചെവിയില്‍ കരിവണ്ടിന്റെ മുരള്‍ച്ചപോലെ വാക്കുകള്‍ ഉതിര്‍ന്നു വീണു. അത് കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. ലൈറ്റിട്ടു കിടക്കയുടെ അരികില്‍ നിന്ന്  അമ്മയുടെ ഫോട്ടോ എടുക്കുമ്പോഴും ആ സുന്ദര സ്വപ്നത്തില്‍ നിന്നു ഒരിയ്ക്കലും മോചിതയാകാതിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചു പോയി.  മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു. വിടവാങ്ങാന്‍ മടിയ്ക്കുന്ന എന്റെ നൊമ്പരച്ചീളുകള്‍ക്ക് സാന്ത്വനത്തിന്റെ കുളിരമൃതുമായ്‌... 

[ അമ്മയുടെ ഗന്ധത്തിനായ്.. ആ സാമീപ്യത്തിനായ്.. ആ ധൈര്യത്തിനായ്..എത്രയോ രാത്രികളില്‍ ആ ശ്മശാനത്തില്‍  വന്നു അമ്മയെ ഒന്ന് നോക്കിയാലോ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ചിന്തകള്‍ പീലിവിടര്‍ത്തിയപ്പോള്‍ മനസ്സ് കനിഞ്ഞു നല്‍കിയ ഈ കിനാവിനെ ഞാന്‍ വേറെന്തു പേരിട്ടു വിളിയ്ക്കും? ഒരുപാടാഗ്രഹിച്ച എന്റെ മനസ്സിന്  നിര്‍വൃതിയടഞ്ഞ ആ സാമീപ്യം. ഒരല്പ നേരത്തെയ്ക്കെങ്കിലും  "അമ്മേ"   എന്ന് വിളിയ്ക്കാന്‍ അവസരം പകര്‍ന്നു നല്‍കിയ എന്റെ കണ്ണാ... ജന്മാന്തരങ്ങളിലും ഞാന്‍ നിന്നോട് കടപ്പെട്ടിരിയ്ക്കുന്നു. ]

Wednesday, October 24, 2012

നമ്മുടെ ലോകം

അനന്തമായ അക്ഷരസാഗരത്തില്‍ മുങ്ങിനിവര്‍ന്ന് ശേഖരിച്ച മുത്തുകളില്‍ ഏറെയും നിനക്ക് വേണ്ടി ഞാന്‍ കോര്‍ത്തു...വായ്‌ത്താരികളായ്...മൊഴിശകലങ്ങളായ്... പിന്നെയീ താളുകളായ്...  ഏകാന്തതയുടെ തുരുത്തില്‍ നിന്ന് നീ എന്നെ പിച്ച വച്ച് നടത്തിയത് അനിര്‍വചനീയമായ ഈ അക്ഷയഖനിയിലേക്കാണല്ലോ!!!   

ചിലമ്പിയ മനസ്സിന്‍ തണലില്‍ ഇരുന്ന് ..നിന്നിലേയ്ക്ക് താദാത്മ്യം പ്രാപിച്ചു ഞാന്‍ കൂട്ടിയിണക്കിയ ചിന്തകളില്‍ ആ സാന്നിധ്യം എന്നും ഞാന്‍ അറിഞ്ഞിരുന്നു...ഒരു തരം "empathetical approach" അല്ലേ?എപ്പോഴൊക്കെയോ ഞാന്‍ പടം പൊഴിയ്ക്കുന്ന സര്‍പ്പമായ്...മനസ്സിന്‍ ജീര്‍ണതകളും ആകുലതകളും ഉരിച്ചെടുത്ത്  അഭയാര്‍ഥിയെപ്പോലെ നിന്റെ സാന്ത്വനത്തിനായ്  കാതോര്‍ത്തു...

"ബന്ധങ്ങളുടെ നൂലിഴകള്‍ എന്നും നേര്‍ത്തതു തന്നെ "  എന്ന് പറയുന്ന നിന്റെ നറുംപുഞ്ചിരി അപ്പോഴും ഞാന്‍ കണ്ടു, എന്റെ മനസ്സിന്‍ നിലക്കണ്ണാടിയില്‍ വിടര്‍ന്ന സാന്ത്വനമൊട്ടായ് ... സ്നേഹപ്പൊട്ടായ് ...

 " വിരല്‍ത്തുമ്പു കൊണ്ട് പോലും നിന്നെ പ്രണയിക്കുന്നു " എന്ന് പറഞ്ഞ നിനക്ക് വേണ്ടി... പ്രണയത്തിന്റെയും പരിണയത്തിന്റെയും ബഹുമുഖ ഭാഷ്യങ്ങളില്‍... സമവാക്യങ്ങളില്‍ ... എന്റെ വിരല്‍ സ്പര്‍ശമറിഞ്ഞ ഈ ഒരേട്‌ കൂടി കണ്ണാ.. നിനക്കായ്...

Sunday, October 14, 2012

ഇഷ്ടദേവന്‍

വന്യ സൌന്ദര്യത്തില്‍-
നിന്നെ ചമച്ചതും ...
കൊടിയ വൈരൂപ്യത്തില്‍-
നിന്നെ പ്രാപിച്ചതും..
നിത്യമാം മൃതിയില്‍-
നിന്നെ പുല്കിയതും....
നിന്റെ ഇഷ്ടദേവന്‍...

Friday, September 28, 2012

വിരഹാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഹൃദയനൊമ്പരങ്ങള്‍

മഴക്കാടുകള്‍ പിന്നിട്ട്-
ഒറ്റമരത്തണലിലെ-
ഇണക്കങ്ങളും പിണക്കങ്ങള്‍ മറന്ന്......
എനിയ്ക്കായി മാത്രം പൂവിട്ട-
വൃക്ഷങ്ങളെയും കടന്ന്...
കൈക്കുമ്പിളില്‍ ചുവന്ന-
റോസാപൂക്കളുമായി...
എന്നരികിലെത്തി നീ...

കണ്മുന്നില്‍ നീയണഞ്ഞപ്പോള്‍-
വാക്കുകള്‍ മറന്ന് ഞാന്‍ നിന്നു...

നീര്‍ വറ്റിയ എന്റെ മിഴിക്കോണുകളില്‍-
ഉരുണ്ടുകൂടിയ ബാഷ്പങ്ങള്‍-
പതിയെ പതുങ്ങിയെത്തിയ മഴ മറച്ചു...

എങ്കിലും നീയറിഞ്ഞിരുന്നു... എന്റെ ഹൃദയനൊമ്പരങ്ങള്‍-
നിന്റെ വിരഹാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്തത്തവയെന്ന് ... 

Wednesday, September 12, 2012

വിടവാങ്ങല്‍


നിന്റെ കരവലയത്തിനുള്ളില്‍ എന്റെ-
കൈകള്‍ കോര്‍ത്ത്‌ വച്ച്...
നിന്റെ ചുരുള്‍മുടിയില്‍ മെല്ലെ തലോടി...
നിന്റെ ആത്മനൊമ്പരങ്ങളെ-
ഇടനെഞ്ചിലേറ്റ് വാങ്ങി...
നിന്നിളംചുണ്ടിന്‍ അരുണിമയില്‍-
എന്റെ സ്വപ്നങ്ങളുടെ പൂക്കാലം ബാക്കി വച്ച്...
നിന്റെ പ്രണയമൂറുന്ന കണ്ണുകളില്‍ കണ്ണുംനട്ട്.-
അടരാന്‍ വെമ്പുന്ന നീര്‍ത്തുള്ളികളെ  ഉള്ളിലെക്കാവാഹിച്ച്...
സമ്മിശ്രവികാരങ്ങള്‍ പുഞ്ചിരിയില്‍ ചാലിച്ച്..
സീമന്തരേഖയില്‍ നിന്റെ സിന്ദൂരമണിഞ്ഞ്... 
നിന്റെ മടിത്തട്ടില്‍ തലചായ്ച്ച്...
ജനിമൃതികളുടെ ലോകത്ത് നിന്ന്-
എനിക്ക് എന്നന്നേക്കുമായി വിടവാങ്ങണം...
എന്തിനെന്നോ... നിന്റെ പ്രണയിനിയായി... പ്രിയയായി...
മരണത്തിനപ്പുറവും...വരും ജന്മങ്ങളിലും....
നിനക്കായി മാത്രം എന്റെ ജന്മം പങ്കിടാന്‍...

Wednesday, August 29, 2012

കൂട്ടുകാരിയോ കൂടപ്പിറപ്പോ കണ്‍കണ്ട ദൈവമോ?
നമ്മുടെ സൌഹൃദത്തിന്‍ നിദാനം-
അജ്ഞാതം അന്നും ഇന്നും....

ഓര്‍ത്തെടുക്കാനാവുന്നില്ല....
കൂട്ടുകൂടിയൊരാ സന്ധ്യായാമം...

ഇഴപിരിഞ്ഞു പോകുന്നു സ്മൃതികള്‍...
ബന്ധിപ്പിയ്ക്കാന്‍ ശ്രമിക്കുന്നു ഞാനും...

എന്നോര്‍മകളില്‍ എന്നും
നീയുണ്ടെന്നതാണ് നേര്....

എന്നിലെ തെറ്റിനും ശരിയ്ക്കും-
അളവുകോല്‍ വച്ചില്ല നീ...

എന്നെ ഞാനാക്കിയ പ്രകൃതിയും
പ്രപഞ്ചവും നീ തന്നെ...

കലഹിച്ചിരുന്നു നിന്നോട് പലപ്പോഴുമെങ്കിലും-
വിലയം പ്രാപിച്ചു ഞാന്‍ നിന്നില്‍ നിത്യവും...

ചിന്തകള്‍ ചെളി ചാലിച്ച എന്നെ-
കറയറ്റതാക്കിയതും നിന്നിലെ നൈപുണ്യം...

നിന്റെ കണ്ണനെ അപഹരിച്ചു ഞാനെങ്കിലും-
നൊമ്പരപ്പെടുത്തിയില്ല തെല്ലും നീയെന്നെ...

സ്വന്തമായതെല്ലാം വിട്ടു കൊടുത്ത്-
ആത്മ സമര്‍പ്പണത്തിന്‍ പാഠങ്ങള്‍-
ചൊല്ലിത്തന്ന നീയെനിക്ക്-
കൂട്ടുകാരിയോ കൂടപ്പിറപ്പോ കണ്‍കണ്ട ദൈവമോ?

Sunday, August 5, 2012

എന്റെ വീട്

പഴകി ദ്രവിച്ച്, നിറം മങ്ങിയ പൂമുഖപ്പടി
കടന്നെത്തുമ്പോള്‍ എന്‍ സാമ്രാജ്യമായി.
എന്റെ മാത്രം .... അല്ലേയല്ല..,
ഞാനെന്നും സ്നേഹിക്കുന്ന-
എന്റേതും കൂടിയായ വീട്.

കണ്ടുവോ ഞാന്‍ തുളസിത്തറയിലെ-
മണ്‍ചെരാതിന്‍ തിരിയണഞ്ഞിരിക്കുന്നത്-
ഏതോ മഹാദുരന്തത്തിന്‍ മുന്നോടിയെന്നോണം,

തുളസിയോ കരിഞ്ഞുണങ്ങി തന്‍-
 നിസ്സഹായതയില്‍ വിലപിക്കുന്നുവോ?
വാടിക്കരിഞ്ഞു മൃതി കാത്തു കിടക്കുന്ന-
ചെടികള്‍ രാമനാമമോ ജപ്പിക്കുന്നത്,
ശാപമോക്ഷം നേടി ജീവന്‍മുക്തിയടയാന്‍?

തെറ്റിയും അരളിയും പാരിജാതവും,
 എന്തിന് പറയുന്നു, ജമന്തി പോലും-
 ഒരിറ്റു ജലത്തിനായി കേഴുന്നു.

മുറ്റത്തെ മാവും ഇലകൊഴിഞ്ഞു,
സ്വയം കീഴടങ്ങി,
മരണത്തിനായി കാതോര്‍ക്കുന്നു.

തുളസീ വരണമാല്യമണിഞ്ഞു-
 കുസൃതി കളിയ്ക്കാന്‍ ഇനി-
 യൊരു ബാല്യം തനിയ്ക്കില്ലെന്ന്,
പൂജാമുറിയിലെ കണ്ണനും തിരിച്ചറിഞ്ഞുവോ?

നാമജപത്താല്‍ മുഖരിതമാകാന്‍
കൊതിച്ചിരുന്ന ചുവരുകളും-
മാറാല തന്‍ ഒളിത്താവളത്തില്‍-
മൌനം പൂണ്ടിരിക്കുന്നുവോ?

മഹാഭാരതവും, രാമായണവും,
ദേവീഭാഗവതവും,ശിവപുരാണവും
പരാതിപ്പെട്ടി തുറക്കുന്നു,
" ഈ ചിതല്‍പ്പുറ്റില്‍ നിന്ന്
 ഞങ്ങളെ വേര്‍പെടുത്തൂ.. "

ക്ലാവ് പിടിച്ച നിലവിളക്കോ
ദേവനോട് മന്ത്രിക്കുന്നു,
"നീയുമെന്നെ മറന്നോ കണ്ണാ? "

പിന്നെയും അകത്തേയ്ക്ക് കടക്കാന്‍ നിര്‍വ്വാഹമില്ലാതെ,
മരവിച്ചുറഞ്ഞ പാദങ്ങള്‍  പിന്‍വലിയുമ്പോള്‍
അമ്മയുടെ നേര്‍ത്ത തേങ്ങല്‍ പിന്‍വിളിയായോ?

Tuesday, July 31, 2012

പരിഭവം, പ്രണയം, പിന്നെ പരിണയം

വിസ്മൃതിയിലാണ്ട-
ഇന്നലെകളോടുള്ള പരിഭവവും,
കടന്നു പോകുന്ന-
ഇന്നിനോടുള്ള പ്രണയവും,
പ്രതീക്ഷകളാകുന്ന നാളെകളെ-
പരിണയിക്കാം എന്ന മോഹവും,
ബാക്കി നില്‍ക്കേ... വ്യര്‍ഥമാം-
ജീവിതത്തില്‍ വേറെന്തുണ്ട്‌???

Sunday, July 15, 2012

അമ്മ

ഒരു കുഞ്ഞു ആദ്യമായി പറയാന്‍ പഠിക്കുന്ന വാക്ക്....'അമ്മ'.... എന്തുവിഷമം വന്നാലും 'എന്‍റെ കൃഷ്ണാ.... ' എന്ന് വിളിക്കുന്നതിലും അവള്‍ക്കു പ്രിയം അമ്മേ എന്ന് വിളിക്കാനാണ്... കാരണം എന്‍റെ കൃഷ്ണാ എന്ന് വിളിച്ചാലും കൃഷ്ണന്‍ എല്ലാവരുടെയുമാണ്... ഒപ്പം അവളുടെയും ..പക്ഷെ അമ്മ അവളുടെ മാത്രമാണ്...സ്വാര്‍ഥതയുടെ ഒരു വേറിട്ട മുഖം തന്നെ ഇവിടെ പിന്നെയും ആവര്‍ത്തിക്കപ്പെടുന്നു...ജീവിതത്തിന്‍റെ പല പ്രതിസന്ധികളും തരണം ചെയ്യാനുള്ള കരുത്ത് ആ രണ്ടക്ഷരങ്ങള്‍ക്കുണ്ടുണ്ട്...അവള്‍ പോലുംപ്രതീക്ഷിക്കാതെ ഒരു സഞ്ജീവനിമന്ത്രമായി അതവള്‍ക്ക്‌ തുണയേകുന്നു....
"കുട്ടീ....അമ്മയുടെ കയ്യിലൊന്നു പിടിക്ക്... injection വെക്കട്ടെ...".സിസ്റ്റര്‍ അവളോട്‌ പറഞ്ഞു. അവള്‍ ചിന്തകളില്‍നിന്നുണര്‍ന്നു...താന്‍ ഇതെവിടെയായിരുന്നു? ചിന്തകള്‍ മുഖത്ത് തടഞ്ഞ മാറാലകള്‍ പോലെയാണ്... അതില്‍ നിന്ന് തനിക്കു ഒരിക്കലും രക്ഷയില്ല..അത് തനിക്കു മാത്രമേ അറിയൂ.."അമ്മ നല്ല ഉറക്കമാണല്ലോ? " തലേന്ന് താനിട്ട ഭസ്മക്കുറി മാഞ്ഞിട്ടില്ല...."വേദന ഇല്ലാണ്ട് കുറച്ചു നേരം അമ്മ ഉറങ്ങിക്കോട്ടെ...അല്ലെ സിസ്റ്റര്‍"?സിസ്റ്റര്‍ ഒന്നും മിണ്ടിയില്ല...അവള്‍ മെല്ലെ അമ്മയുടെ കൈപ്പത്തി തന്‍റെ കയ്യുകളിലേക്ക് എടുത്തു വച്ചു. നല്ല തണുപ്പാണല്ലോ അമ്മയുടെ കയ്യുകളില്‍... ഇതെന്തു പറ്റി?അച്ഛന്‍ എന്‍റെ ഒപ്പം നിന്ന് ഇതെല്ലം കാണുന്നുണ്ടായിരുന്നു.
"നീ അമ്മയുടെ കയ്യ് നന്നായി പിടിച്ചു കൊടുക്ക്‌. സിസ്റ്റര്‍ injection വെച്ചിട്ട് പൊയ്ക്കോട്ടേ".അച്ഛന്‍ എന്നോടായി പറഞ്ഞു. ഞാന്‍ അമ്മയുടെ കയ്യ് ‍injection വയ്ക്കാന്‍ പാകത്തില്‍ വച്ചു കൊടുത്തു..സിസ്റ്റര്‍ injection‍ വയ്ക്കാന്‍ തുടങ്ങി ..."എന്താ അച്ഛാ അമ്മയുടെ കയ്യില്‍ ഇത്രയും തണുപ്പ്? 
Injection വെക്കുന്നതിനു  മുന്‍പ്  തന്നെ  സിസ്റ്റര്‍ പെട്ടെന്ന് ഓടിപ്പോയി. അച്ഛന് പെട്ടെന്ന് അപകടം മണത്തു. "മോള്‍ അമ്മയെ ഒന്ന് വിളിച്ചുണര്‍ത്ത്" . " "പാവം അമ്മ ഉറങ്ങിക്കോട്ടെ...ഇന്നലെയും വൈകിയല്ലേ അമ്മ ഉറങ്ങിയത്". ഞാന്‍ അച്ഛനോടായി പറഞ്ഞു. ഓടിപ്പോയ സിസ്റ്റര്‍ പെട്ടെന്ന് ഡോക്ടറുമായി തിരികെ എത്തി. ഡോക്ടര്‍ അമ്മയെ അടിമുടി പരിശോധിച്ചു. അതിനിഗൂഡമായ ഏതോ ഭയം  എന്നെ ഗ്രസിക്കാന്‍ തുടങ്ങി മുന്‍പെങ്ങും ഇല്ലാത്തതു പോലെ. അയ്യോ.... എന്ടമ്മയ്ക്ക് എന്ത് പറ്റി? എന്താ ഡോക്ടര്‍??? "അമ്മെ...കണ്ണ് തുറക്കമ്മേ...." 
അച്ഛാ...അമ്മയോട് കണ്ണ് തുറക്കാന്‍ പറ...അമ്മയെന്താ ഞാന്‍ വിളിച്ചിട്ടും ഉണരാത്തത്..".ഇതെന്തു ഉറക്കമാ...?ഡോക്ടര്‍ എന്റമ്മയെ ഒന്ന് ഉണര്ത്തുമോ?
ഡോക്ടര്‍ അമ്മയുടെ നെഞ്ച് അമര്‍ത്തി നോക്കി..പിന്നെ wrist പിടിച്ചു നോക്കി. "മോള്‍ അമമയുടെ വായില്‍ ഊതി നോക്ക്." ഡോക്ടര്‍ എന്നോട് പറഞ്ഞു. ഞാന്‍ എന്റെ സര്‍വശക്തിയും എടുത്തു അമ്മയുടെ വായില്‍ അതിശക്തമായി ഊതി..
ഡോക്ടര്‍ " I am sorry." എന്ന്  പറഞ്ഞു  നടന്നു  നീങ്ങിയതും  എന്റെ നിലവിളി ഉച്ചത്തിലായതും ഒരുമിച്ചായിരുന്നു... അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു. ചേതനയറ്റ അമ്മയെ കെട്ടിപ്പിടിച്ചു നിലവിളിക്കുമ്പോളും അമ്മ കണ്ണ് തുറക്കും  എന്ന പ്രതീക്ഷയോടെ ഞാന്‍ ആ കണ്ണുകളില്‍ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു.

Sunday, June 17, 2012

kunjippennu

'മാതപിതാഗുരുര്‍ദൈവം'  എന്ന ധര്‍മ്മത്തെ തുലോം കാറ്റില്‍ പറത്തി മാനുഷിക മൂല്യങ്ങള്‍ പാടെ മറന്ന്  ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ചെകുത്താന്മാരുടെ താവളമായിക്കൊണ്ടിരിക്കുകയാണ്. മൃഗതുല്യമായ കാമവികാരങ്ങള്‍ കാരണം ബന്ധങ്ങളുടെ  ഛന്ദസ്സ് മാത്രമല്ല പവിത്രതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതിനു അടിമപ്പെട്ട് അവന്‍ അമ്മയെയും സഹോദരിയയെയും പോലും അവന്റെ വികാരങ്ങളടക്കാന്‍ കളിക്കോപ്പുകളാക്കി മാറ്റുന്നു. 

ശാരീരികവും മാനസികവും ആത്മീയവും ബൌദ്ധികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്നാണല്ലോ വയ്പ്. വിജ്ഞാനഭിവൃദ്ധി ഏറി സര്‍വ്വക്ന്ജന്‍ ആയി തിരിച്ചറിവ് നഷ്ടപ്പെട്ട ഇന്നത്തെ തലമുറയിലെ മനുഷ്യന്‍ അധമനായി മാറുന്നു. ബന്ധങ്ങളുടെ വൈശിഷ്ട്യത്തെ ദൈവതുല്യമായി കണ്ടിരുന്ന പഴയ തലമുറയെ നാം പലപ്പോഴും മറന്നുപോകുന്നു. ആര്‍ഷഭാരതസംസ്കാരം  പകര്‍ന്നു നല്‍കിയ ഋഷിവര്യന്മാരുടെ പിന്മുറക്കാരായ ആ പഴയ തലമുറ  എപ്പോഴും മുതിര്‍ന്നവരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ആ തലമുറയിലൂടെ യാത്ര ചെയ്ത് സാമുഹികമായ അപഗ്രഥനം നടത്തി പുതിയ തലമുറയിലേക്കു വെളിച്ചം വീശുന്ന ഒരു രീതിയാണ് ഈ കഥയില്‍ അവലംബിച്ചിട്ടുള്ളത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മദിരാഷിയുടെയും ലഹരിയിലമര്‍ന്ന ധാര്‍മികച്യുതി സംഭവിച്ച സങ്കുചിതചിന്താഗതിയുള്ള  യുവതലമുറയെ തച്ചുടച്ച് ജീവിതത്തിന്റെ ഗന്ധവും മൂല്യങ്ങളും നെഞ്ചോടു ചേര്‍ക്കുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിലേക്കുള്ള ഒരു സാമുഹിക പ്രതിബധതായാണ് ഈ കഥ. വിശപ്പിനു ആഹാരവും ദാഹത്തിനു ജലവും എന്ന പോലെ ജീവിതത്തിനും പവിത്രമായ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്‌ എന്ന് ഉദ്ഖോഷിക്കുന്ന ഒരു ജനതയിലേക്കുള്ള പരിവര്‍ത്തനമാണ് നമുക്ക് വേണ്ടത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമുക്ക് തുടച്ചു മാറ്റാന്‍ കഴിഞ്ഞെങ്കില്‍ തികച്ചും ബാലിശമായ മൃദുല കാമവികാരങ്ങള്‍ അവനു അനിയന്ത്രിതമാണ് എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ്?

മണ്മറഞ്ഞ സ്മൃതികള്‍ ഇ-മെയില്‍ ഫോര്‍വേര്‍ഡുകളിലും ഫേസ്ബുക്ക്‌ പോസ്റ്റ്‌കളിലുമായി നിലനിര്‍ത്തുന്ന ഇന്നത്തെ IT തലമുറയ്ക്കായി പങ്കുവയ്ക്കാന്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒത്തിരി ഓര്‍മ്മകള്‍ രരമ്യമ്യയുടെ 'കുഞ്ഞിപ്പെണ്ണ് ' എന്ന കഥ പകരും എന്നെനിക്കുറപ്പുണ്ട്. പ്രകൃതിയുടെ മനോഹാരിത ലളിതവും തരളിതവും എന്നാല്‍ ശക്തവുമായി  ഈ കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നു. കാലത്തിന്റെ വ്യതിയാനങ്ങളും, പ്രകൃതിയുടെ ഭാവവ്യത്യാസങ്ങളും പ്രതിപാദിച്ചിരിക്കുന്ന രീതി ആരെയും ആകര്‍ഷിക്കുന്നതാണ്. ഇലഞ്ഞിമരവും ഓടല്‍ച്ചെടികളുമൊക്കെ കഥാപാത്രങ്ങളോട് അത്രയധികം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇതിലെ ഓരോ കഥാപാത്രവും നമ്മളില്‍ തന്നെയുള്ളവരാണ്. കാറ്റ് എല്ലാ സംഭവങ്ങളും  ഗ്രാമത്തില്‍ എല്ലായിടത്തും എത്തിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന രീതി അത്യന്തം കൌതുകകരവും ഭാവനാദീപ്തവുമാണ്. ഉത്തമ പ്രണയത്തിന്റെ ഉദാത്തഉദാഹരണങ്ങളായ ശാരദയുടെയും ശ്രീധരന്റെയും സ്നേഹബന്ധം അസൂയാവഹവും കരളലിയിക്കുന്നതുമാണ് . പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ബന്ധങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന ഒരു തലമുറയില്‍ നിന്ന് തുടങ്ങി "പണത്തിനു മീതെ പരുന്തും പറക്കില്ല"  എന്ന ആപ്ത വാക്യത്തോട് കിടപിടിക്കുന്ന സ്വഭാവവിശേഷമുള്ള ബന്ധങ്ങളെ ബന്ധനങ്ങളായി കാണുന്ന ഇന്നത്തെ തലമുറ വരെ കഥ ഒഴുകിയെത്തുന്നു. വ്യത്യസ്ത രീതിയിലുള്ള ഒരുപാട് ആചാരങ്ങള്‍ ഉള്ള പഴയ തലമുരയിലെക്കുള്ള ഒരെത്തിനോട്ടം കൂടിയാണ് 'കുഞ്ഞിപ്പെണ്ണ് '. ഓരോ കഥാപാത്രവും അതിന്റേതായ രീതിയില്‍ മികവ് പുലര്‍ത്തുന്നു. 'Mother's Day', 'Father's Day' ഇവയൊക്കെ ഫേസ്ബുക്ക്‌ പോസ്റ്റ്‌കളില്‍ ഇടാന്‍ തിരക്ക് കൂട്ടുന്ന യുവ തലമുറ കുടുംബ ബന്ധങ്ങളുടെ പവിത്രത എന്തുകൊണ്ടോ പരിരക്ഷിക്കുന്നില്ല. മകനെ വളര്‍ത്താന്‍ വേണ്ടി ഒത്തിരി ത്യാഗങ്ങള്‍ സഹിക്കുന്ന ഒരമ്മയുടെ കഥയാണിത്.മരണം ബന്ധുക്കള്‍ക്ക് വേദനയാനെങ്കില്‍ മിണ്ടാപ്രാണികള്‍ പോലും അത് തീരാദു:ഖമായി ഉള്‍ക്കൊള്ളുന്നത് വളരെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു. സ്വന്തം ജീവിതം മകന് വേണ്ടി ഉഴിഞ്ഞു വെച്ച് പ്രതികൂല സാഹചര്യങ്ങളോട് ഏകയായി പൊരുതി ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ടെങ്കിലും നല്ലോരമ്മയായി ജീവിച്ച 'കുഞ്ഞിപ്പെണ്ണ് ' എന്ന അമ്മ യുവ തലമുറയ്ക്ക്  മാതൃകയാക്കാന്‍ ഏറ്റവും അനുയോജ്യയായ അമ്മയാണ്.
 

Sunday, June 3, 2012

ജൂണ്‍ 15

അകാലത്തില്‍ നഷ്ടപ്പെട്ട എന്റെ അമ്മയ്ക്കായി സമര്‍പ്പിക്കുന്നു... ഞാന്‍  എഴുതുന്നത്  ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എന്റെ അമ്മയ്ക്ക് വേണ്ടി എഴുതിയ എന്റെ ആദ്യ കവിത...ഒരു പക്ഷെ സ്കൂളില്‍ എപ്പോഴോ കൈവിട്ട ഈ കഴിവിനെ ഓര്‍മിപ്പിക്കാന്‍ അമ്മയും നിമിത്തമായതാണോ എന്നറിയില്ല...ഏതു  ലോകത്തായാലും ഈ കവിത അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെടും എന്നആത്മവിശ്വാസത്തോടും പ്രാര്‍ത്ഥനയോടും  സമര്‍പ്പിക്കുന്നു...


നിറവെയിലും നനമഴയും അതിര് ചമച്ച-
സ്നേഹാതുരമായ ഇന്നലെകൾ...
കാതോര്ത്ത തൂമരന്ദമായ മൊഴിച്ചിന്തുകൾ ...

വാത്സല്യത്തിന്റെ വസന്തകാലം-
ഒരു ജൂണ്‍ പതിനഞ്ചിന്‍ വിടപറയുമ്പോൾ
ആകുലതകളുടെ കനൽ വിരിച്ച പാതകൾ
എന്നിലേക്ക്‌ വന്നണയുകയായിരുന്നു...

നൊമ്പരങ്ങളുടെ ശ്യാമരാവുകൾ-
നിഴൽക്കാടായെന്നെ മൂടിയപ്പോൾ..
കനൽപൊട്ടുകൾ ഹൃദയാഴങ്ങളിൽ
കാണാമുറിവുകളായി കുരുത്തു...

ഉലയുന്ന കൊലുസിൽ-
പടരുന്ന വേവിൽ-
അടരുന്ന മിഴിനീരിൽ-
തെളിയുന്ന ചെരാതും ശോകാർദ്രം

             * * * *
                     
മനസ്സ് നീറുന്ന സ്മൃതികൾ നീര്ചാലൊഴുക്കുന്ന-
 ഒരു ജൂണ്‍ പതിനഞ്ചു കൂടി......... 

ഓര്‍മ്മനിറവുകള്‍ക്ക്-
ഒരു ദശകത്തിലും പഴക്കം,
എങ്കിലും മായാതെ മറയാതെ നില്‍ക്കുന്നു-
തെളിനീരിന്‍ തെളിമപോലവ...

വിളക്കും ഓട്ടുപാത്രങ്ങളും-
ആണ്ടുബലിയ്ക്കായി ഒരുക്കുമ്പോഴും-
മടങ്ങാന്‍ മടിച്ചെന്‍-
ചിത്തം വര്‍ത്തമാനത്തിലേക്ക്‌...

വിറയാര്‍ന്ന കൈകളാല്‍-‍
അയയ്ക്കാന്‍ മറന്ന-
അമ്മയെഴുതിയ കത്ത്-
ഈ ദിനം പിന്നെയും വായിച്ചു,

മിഴിപ്പൂക്കള്‍ അഹമഹമിഹയാ-
ഉതിരാന്‍ വെമ്പല്‍ കൊള്ളുന്നു ആര്ദ്രമായ് ...

ആ കടലാസിന്‍ ഗന്ധവും വിരല്‍പ്പാടുകളും-
മുറിയാകെ നിറഞ്ഞു നിന്നു,
ജന്മാന്തരകിനാവുകള്‍ നിറച്ച ചഷകംപോല്‍...

ആശുപത്രിക്കിടക്കയില്‍ അമ്മയോടൊപ്പം കിടന്നപ്പോള്‍-
"എന്ന് നമുക്ക് വീട്ടില്‍ പോകാം" എന്ന ചോദ്യത്തിന്നു-
മുന്നില്‍ വാക്കുകള്‍ക്കു വരള്‍ച്ച വന്ന്-
പലവുരു വലഞ്ഞു ഞാന്‍...

ദര്‍ഭപ്പുല്ലിന്‍ മോതിരമണിഞ്ഞ്‌,
തൈരും എള്ളും ചേര്‍ത്ത്-
പിണ്ഡമായ് ബലിച്ചോറുരുട്ടുമ്പോള്‍-
കണ്ഠത്തില്‍ കുരുങ്ങി നിന്നു
അമ്മവാത്സല്യാതിരേകം പണ്ട് വാരിത്തന്ന
അന്നത്തിന്‍ സുഗന്ധ സ്പര്‍ശം...

അമ്മയുടെ പേരും നാളും മരിച്ച തീയതിയും ചൊല്ലി-
'പരേതാത്മാവിന് ശാന്തിയേകുന്നു'എന്നേറ്റു പറയുമ്പോള്‍-
ഒരു ജന്മത്തിലധികം വ്യഥയാല്‍ ചങ്കുപൊട്ടി,
ഗദ്ഗദകണ്ഠത്താല്‍ വാക്കുകള്‍ ഇടമുറിഞ്ഞു,

'ജൂണ്‍ 15-ഉം,ഒന്നാം തീയതിയും,
വെള്ളിയാഴ്ചയും കൂടി വന്ന ശുഭ ദിനേ...'
എന്നെത്ര ആവര്‍ത്തി നിനയാതെ ചൊല്ലിത്തീര്‍ത്തു.
അനന്തരം ഈറന്‍ കൈകള്‍കൊട്ടി-
ബലിക്കാക്കകളെ മാടിവിളിച്ചു,
അവയില്‍ അമ്മ തന്‍ സാദൃശ്യം ഞാന്‍ കണ്ടെത്തി...

ഭാഗവതപാരായണത്തില്‍ ഭവനം മുഖരിതമായപ്പോഴും-
ബന്ധുജനങ്ങള്‍ ആശ്വാസം ചൊരിഞ്ഞപ്പോഴും-
എന്നോ നഷ്ടപ്പെട്ട മനസ്സിന്‍ കടിഞ്ഞാന്‍-
പിന്നെയും തിരഞ്ഞോ ഞാന്‍?

വേദനസംഹാരികള്‍ക്കിടവേള കൊടുക്കുമ്പോള്‍-
 വേദന സഹിക്കാനാവാതെയാ-
മാതൃ ഹൃദയം മൌനമായി തേങ്ങിയോ?
ആ സങ്കടത്തിന്‍ അലകടലിനു കുളിര്‍മ്മയേകാന്‍-
തന്‍ മണിമുത്തങ്ങള്‍ക്ക് കഴിഞ്ഞില്ല-
എന്നത് സത്യമോ മിഥ്യയോ?

'"എന്നെ ഒന്ന് കൊല്ല് മോളേ,പറയുന്ന കേട്ടാല്‍ മതി..."
വേദനയേറുമ്പോള്‍ ചൊരിയുന്ന ഈ അപേക്ഷാവാക്കുകള്‍-
ജന്മജന്മാന്തരങ്ങളില്‍ മനസ്സില്‍-
മാറ്റൊലിക്കൊള്ളുമെന്നോര്‍ത്തുപോയി ഞാന്‍‍ .

മുടി ചീകിയൊതുക്കി വദനത്തില്‍
പൌഡര്‍ ഇട്ട്, നെറ്റിയില്‍ ഭസ്മക്കുറിയിട്ടപ്പോഴുള്ള-
ആ നിറകണ്‍ചിരി അടുത്തണയാന്‍ വെമ്പുന്ന-
മൃതിയെ തോല്പ്പിക്കുമെന്നെന്തോ കൊതിച്ചുപോയി!!!

പിറ്റേന്ന് ഉറക്കമുണരാത്ത നിദ്രയിലും-
ആ നിറകണ്‍ചിരി വാടാതെ നിന്നു,
മൃത്യുവിന്‍ നനുത്ത നൊമ്പരത്തെ തോല്പ്പിച്ചെന്ന പോല്‍ .

മെല്ലെ ജീവസറ്റ ആ മേനിയില്‍ നിന്ന് ഞാന്‍-
വസ്ത്രം മാറ്റുമ്പോഴും ഹൃത്തടം പൊട്ടുമാറുള്ള-
"അമ്മേ" എന്ന നിലവിളി
ആശുപത്രി വരാന്തയില്‍ തട്ടി പ്രതിധ്വനിച്ചുവോ?

മൃദുല കപോലങ്ങള്‍ മെല്ലെ തഴുകുമ്പോഴും
അമ്മ തന്‍ കണ്ണീര്‍ക്കണങ്ങള്‍ തുടയ്ക്കുമ്പോഴും
ആ മാറോട് ചേര്‍ന്ന് നാമംചൊല്ലി കിടക്കുമ്പോഴും
സുകൃതാനുഭൂതിയാല്‍ ഈ പാഴ്ജന്മം-
മാത്രം ബാക്കിയാകുമെന്ന്  എന്തേ ഞാൻ നിനച്ചില്ല???

ആംബുലന്‍സില്‍ നിശ്ചേഷ്ടമായ അമ്മയെ കെട്ടിപ്പിടിച്ചു-
പൊട്ടിക്കരയുമ്പോഴും നിറവേറ്റാന്‍ കഴിയാത്ത ആ-
വാക്കുകള്‍ തന്‍ തീക്ഷ്ണതയില്‍-
മനം കുറ്റബോധത്താല്‍ വെന്തുരുകി,

പിന്നീട് നിദ്ര കയ്യൊഴിഞ്ഞ എത്രയോ രാവുകള്‍ ,
ആ കണ്ണുകള്‍ ഒരു വേള തുറക്കാന്‍‍-
എന്റെ ജന്മം പകരം വെക്കാനും പ്രാര്‍ഥിച്ചു,

അണയ്ക്കാനും അനുഗ്രഹിക്കാനും പഠിപ്പിച്ച ആ-
കൈകള്‍ തന്‍ തലോടല്‍ അപ്പോള്‍ ഞാന്‍ കൊതിച്ചു.

ആ കത്തിന്‍ ബാക്കിയെഴുതാന്‍-
ഇനിയേത് ജന്മം എന്നമ്മയെത്തും?
എഴുതാന്‍ വെമ്പിയ അമ്മമനസ്സിലെ ഒത്തിരി
വിഷാദചിന്തകള്‍ നെയ്തെടുത്തു ഞാൻ.

നൊമ്പരപ്പൂക്കള്‍ നിറച്ച ആ പൂവാടിയില്‍
എന്റെ ഒരായിരം കണ്ണീര്‍പ്പൂക്കള്‍കൂടി...

Saturday, June 2, 2012

If I were a bird


If I were a bird, I will fly and fly and fly
More high and up in the sky with pride
Devoid of dreams about future
Absence of memories about past.
Unable to stand the present to nurture its crooked fate
Enjoying freedom at its peak
Nobody to restrict me with chains
Least bothered of natural calamities
Flying farther and faster till-
wings fail to move  forward.

Friday, April 6, 2012

Techies


-->
Emerging with ego, they live their lives
Fluttering colourful wings in pride-
overflowing with knowledge
Sparing precious time with technical jargons
Chasing them is a great journey
Mimicing them is stage-show
Abandoning them is God's will
But they constitute as worthless
scarecrow chap to damn society.

Thursday, April 5, 2012

വ്യര്‍ത്ഥമെങ്കിലും വൃഥാ.....

സ്കൂളിലേക്കുള്ള ബസിലെ തിക്കിലും തിരക്കിലും
ഫുട്ബോര്‍ഡില്‍ നിന്നു ഉള്ളിലെക്കൂര്‍ന്നിറങ്ങിയവള്‍,
ചുറ്റിനും കാടന്മാര്‍ പത്മവ്യൂഹം തീര്‍ത്തതവളറിഞ്ഞില്ല.
എപ്പോഴോ ചെറുതായി ശരീരമൊന്നുലഞ്ഞപ്പോളറിഞ്ഞു
അച്ഛനോളം പ്രായമുള്ള മനുഷ്യാധമന്‍മാരവരെന്ന്,
വ്യര്‍ത്ഥമെങ്കിലും വൃഥാ പ്രതികരിക്കാനവള്‍ മോഹിച്ചു.
മനതാരില്‍ കോപക്കനല്‍ പ്രതികാരമായപ്പോളും-
സങ്കടക്കടല്‍ നിറയുമ്പോഴും ഭയവിഹ്വലയായവള്‍
അഭിമാനക്ഷതമേറ്റെന്കിലും പ്രതിരോധിക്കാന്‍-
ചങ്കുറപ്പ് നഷ്ടപ്പെട്ട് കണ്ണീര്‍ കാഴ്ച മറയ്ക്കവെ...
എങ്ങനെയോ സ്റ്റോപ്പില്‍ ചാടിയിറങ്ങി-
ഹൃദയവേവുമായി അവള്‍ നടന്നു നീങ്ങി...
ലോകമേ തറവാടെന്നു പറഞ്ഞ മഹാനെ ശപിച്ചു കൊണ്ട്.

Sunday, March 25, 2012

മൃത്യു

നറുനിലാവിന്റെ ചന്തമൊന്നില്‍
മനസ്സിടറി നില്‍ക്കവേ
അറിയാതെ മിന്നിയ പുഞ്ചിരി
പ്രകൃതി തന്‍ വരദാനമോ?
മുന്‍ജന്മസാഫല്യമോ?
ഇമകള്‍ വെട്ടിയവള്‍ ഞെട്ടവേ
മിഴികളില്‍ നിന്നും ചിന്തിയ
നീര്‍ത്തുള്ളികള്‍ തന്‍ മുഖമണ്ഡലം
അസ്തമയ അരുണന്റെ ചെന്കിരണങ്ങളാല്‍
വാടിതളര്‍ന്നു പോയോ?
കപോലം മെല്ലെ തഴുകി
വന്നിളംകാറ്റ് താലോലിക്കവേ
അമ്മ തന്‍ സാന്ത്വനം പുനര്‍ജനിച്ചുവോ?
മൃത്യുവിന്‍ മൃദു സ്പര്ശ്നതാലെന്നവണ്ണം
നിത്യസുഷുപ്തിയിലാണ്ടുവോ അവള്‍?