Tuesday, November 27, 2012

മോഹിയ്ക്കുമൊരു ജന്‍മം

ജനിമൃതികളില്‍ പിടയുന്നൊരു ജന്മം-
ഇനിയൊന്നു കൂടി മോഹിച്ചു പോയി ഞാന്‍...
ഓര്‍മ്മകള്‍ തുളുമ്പുന്ന മണ്‍കുടമെന്നില്‍-
സുന്ദരസ്വപ്നങ്ങളായി പീലി വിരിച്ചു...
മഞ്ഞുകണത്തിന്‍ കുളിരില്‍ പൊതിഞ്ഞ്-
വാരിപ്പുണരുമാ ജന്മാന്തരകിനാക്കളെ...

ഒരു മഴസന്ധ്യയില്‍ കൊഴിഞ്ഞ  പൂക്കള്‍-
പെറുക്കി നിറയ്ക്കണം നിന്റെ കൈക്കുമ്പിളില്‍...
തിങ്ങിയ ഇലത്തണലില്‍ തലചായ്ച്ച് പിന്നെയാ-
പരിഭവക്കാടിന്‍ കൊഞ്ചല്‍ കേള്‍ക്കണം...
നിനക്കായ് കൈമാറണം പ്രിയരഹസ്യമപ്പോള്‍...

ഒരു കുളിര്‍ക്കാറ്റിന്‍ സാന്ത്വനത്തില്‍-
പ്രണയമാം മുത്തുകള്‍ മിഴികളില്‍ പെയ്യണം...
ഈറന്‍ നിലാവത്ത്  തൂവുമാ പുഞ്ചിരിയില്‍-
നീയാം പ്രാണന്റെ നാളം തെളിയ്ക്കണം...
ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ..

Monday, November 26, 2012

അവള്‍

ഉടഞ്ഞ കുപ്പിവളത്തുണ്ടുകള്‍ മുറിവേല്‍പ്പിച്ച കൈത്തണ്ട...
 
പാതിമയങ്ങിയ പിടയ്ക്കുന്ന മിഴിയിണകളില്‍-
വിരുന്നു വരാന്‍ വെമ്പുന്ന മൃത്യുവിന്‍ കരിനിഴല്‍...


അലസമായിളകുന്ന കുറുനിരകള്‍ മൂളുന്നത്-
ആളൊഴിഞ്ഞ അരങ്ങിന്‍ മൌനസംഗീതം...


വിറയ്ക്കുന്ന ചെഞ്ചുവപ്പാം ചുണ്ടുകളില്‍-
അസ്തമിച്ച രാവിന്‍ പൊട്ടുംപൊടിയും...


ഹൃദയതാളങ്ങള്‍ക്ക് കാറ്റിന്റെ ഗതിവേഗം...

മരവിച്ച മനസ്സിന്‍ ഇടനാഴിയില്‍-
ഉന്മാദത്തിന്റെ ഉഷ്ണവും-
താളം തെറ്റിയ പദചലനവുമായ് അവള്‍...

ഉള്ളിലെ പദ്മതീര്‍ഥത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍-
സ്വന്തമാക്കിയത് വഴുക്കലുകളുടെ നൂറുനുറുങ്ങുകള്‍...


ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍ അടുക്കാനാകാതെ-
മോഹിച്ച വഴിമരങ്ങള്‍ക്ക് മുഖംകൊടുക്കാതെ-

മൊഴിയറ്റ നാവും ചിതലരിച്ച ചിന്തകളുമായ് അവള്‍...

അകതാരിലെ കുറുകലുകള്‍ വിതുമ്പലുകളാകുന്നു...

ഹൃദയസത്യങ്ങള്‍ നേരിടാതെ-  
വഴിമുടക്കിയാകുന്ന വിമുഖമാം മനസ്സ്...
ആ പടയോട്ടത്തിന് കടിഞ്ഞാനിടാനാകാതെ-  
ആയുധംനഷ്ടപ്പെട്ട അടര്‍ക്കളത്തില്‍-
പകപോക്കലിന് സ്വയം കീഴടങ്ങി അവള്‍...

Wednesday, November 14, 2012

നമ്മുടെ സൌഹൃദം



നീയണിയാന്‍ കൊതിച്ച കാല്‍ച്ചിലങ്കകള്‍...
വിരല്‍തൊടാന്‍ വെമ്പിയ വയലിന്‍തന്ത്രികള്‍...
നമ്മുടെ ആത്മബന്ധത്തിന്‍ അടയാള മോതിരം...
പറയട്ടെ നിനക്കിതിലും പ്രിയമേറിയത്?


നീ മോഹിച്ച... നിന്നെ മോഹിപ്പിച്ച ആ മഴക്കാലം...
അവിടെ നീ പ്രണയിച്ച ഓടല്‍വള്ളികളില്‍ തീര്‍ത്ത ഒരു കുടില്‍...
മദിപ്പിക്കും ചെമ്പകപ്പൂമണം പടര്‍ത്തുന്ന നീയാം കാറ്റ്...
അതില്‍ പാറിപ്പറക്കുന്ന നിന്റെ ജീവനാം അപ്പൂപ്പന്‍ താടികള്‍...
തല ചായ്ക്കാന്‍ ഒരായിരം കഥകളുടെ വസന്തം വിരിയിച്ച ഇടനെഞ്ച്...
പിന്നെ നീ കൊതിച്ച പരിരംഭണത്തിന്റെ ഇളം ചൂടും...
ആ പറുദീസയില്‍ രാജകുമാരിയായ് നീയും..
മധുരമായ് ഈ സൌഹൃദത്തിന്‍ ഓര്‍മയും...

Tuesday, November 13, 2012

ഇഷ്ടമാണെനിയ്ക്കെന്നും...

ഇഷ്ടമാണെനിയ്ക്കെന്നും...

ഇളകിമറിയുന്ന തിരമാലകളിലേയ്ക്ക്  താദാത്മ്യം പ്രാപിക്കാന്‍-
ആ അലകളില്‍ എന്റെ നിഴല്‍ച്ചിത്രങ്ങള്‍ തിരയാന്‍...

പ്രഭ ചൊരിയുന്ന ഒറ്റ നക്ഷത്രത്തിന്‍  കൂട്ടില്‍-
ഹൃദയം നുറുങ്ങുന്ന നൊമ്പരങ്ങള്‍ പാടെ മറക്കാന്‍...

നുള്ളിനോവിയ്ക്കാത്ത സ്വപ്നങ്ങളുടെ വിരിമാറില്‍-
നീറുന്ന ഇന്നലെകളെ വകഞ്ഞു മാറ്റാന്‍....

മനസ്സിന്‍ പീലിക്കാവുകളില്‍ കൂടുകൂട്ടിയ കാര്‍മേഘങ്ങളെ കുടിയിറക്കി-
ഇനിയും പെയ്യാത്ത മഴയോട് സ്വയം പരിഭവിയ്ക്കാന്‍...

ഇഷ്ടമാണെനിയ്ക്കെന്നും...

ഒടുവില്‍ എനിയ്ക്കായി മാത്രം പെയ്യുന്ന മഴയെ പുണര്‍ന്ന്‍ ...
കാത് രണ്ടുമടച്ച് ആ ഇരമ്പലില്‍ അലിഞ്ഞു ചേരാന്‍...

വിജനമാം ആ രാവില്‍ മഴപ്പൊട്ടുകളുടെ വലയത്തില്‍-
തുളുമ്പുന്ന സ്നേഹത്തിന്‍ കുളിരില്‍... എല്ലാം മറന്നിരിയ്ക്കാന്‍‍...