Thursday, July 31, 2014

കർണവീര്യം

"സാഹചര്യങ്ങളുടെ അനിവാര്യതകൾക്ക്
 ആത്മസൌഹൃദത്തിന്റെ ആഴങ്ങൾക്ക്
 സ്നേഹത്തിന്റെ കർണസ്പർശത്തിനായ് "

കൌന്തേയനെങ്കിലും രാധേയനായ്
സൂര്യപുത്രനെങ്കിലും സൂതപുത്രനായ്...
തിടമ്പേറ്റാൻ കുലമഹിമയും-
ആശിസ്സിൻ അനുപാതവുമേതുമില്ലാതെ
തിരസ്കരണത്തിന്റെ തീനാമ്പുകളും
അവഹേളനത്തിന്റെ അത്യുഷ്ണവും
ഊതിക്കാച്ചിയെടുത്ത കർണപർവ്വം.....

വിവേചനത്തിന്റെ കർമ്മക്ഷേത്രങ്ങൾ-
ഉടച്ചുവാർത്തതാവണം കർണവീര്യം....

ഗംഗാനദി അവളുടെ ശാലീനമൌനത്തിലും-
നിന്റെ പരിദേവനങ്ങൾക്ക്  കാതോർത്ത്-
ഹൃദയവ്യഥകളെ പകുത്തെടുത്തിരിക്കണം.....

ഒരു സാധൂകരണവും പോരാത്ത-
നിന്നെ ദഹിപ്പിച്ച ആത്മനിന്ദയ്ക്കു മുൻപിൽ-
കന്നിഗർഭത്തിന്റെ, കന്യകാഗർഭത്തിന്റെ
ഭീതിയിൽ മാതൃത്വം വ്രണപ്പെടുത്തിയ കുന്തി

ആത്മശിഷ്യൻ പാർഥനായ് വസുവിനെ-
അവഗണിച്ച ദ്രോണരോ ഗുരുശ്രേഷ്ഠൻ?

എങ്കിലും പാർഥനും പൂകാത്ത-
മഹാരഥിയുടെ ചാതുര്യം നിനക്ക് സ്വന്തം...

പഞ്ചപാണ്ഡവ പത്നിയെങ്കിലും കൃഷ്ണയുമീ-
സീമന്തപാണ്ഡവനെ പൊള്ളിച്ചതല്ലേ?

നിയതിയുടെ ഒടുങ്ങാത്ത ജ്വാലാ-
മുഖങ്ങളിലും അജയ്യനായ യുഗപുരുഷൻ.

ധർമ്മാധർമ്മങ്ങളുടെ അപഗ്രഥനങ്ങൾക്കുമപ്പുറം-
അപമാനഭാരമേറ്റ ചേതനാമലരുകൾ

എങ്കിലും കർമപുഷ്പങ്ങളുടെ ആത്മസത്ത നെഞ്ചേറ്റി-
ആജന്മവിഭൂഷകൾ ദാനംചെയ്തവൻ  നീ മാത്രം ...

 മരണദൂതിനായ്  കാത്തുകിടക്കുമ്പോഴും-
 ദാനത്തിൻ സല്കീർത്തി എന്തിനു കർണാ നിനക്കനന്തരം?

കെടുതികളുടെ പ്രവാഹമേറ്റ്-
നിരായുധനായ് നീ മൃതിയെ പുല്കിയത്-
കടപ്പാടുകൾ ഭസ്മീകരിക്കാത്ത...
പ്രതിജ്ഞയുടെ കനൽക്കാടില്ലാത്ത....
ഗാഡനിദ്ര മോഹിച്ചാവണം...