Friday, August 30, 2024

പ്രണയമഴ

വറുതിയിൽ വരണ്ട മണ്ണിൽ 

പൊഴിയുന്ന കന്നിമഴയുടെ 

ഗന്ധവും വന്യതയുമായ് 

നിന്നിലേക്ക്‌ ആഴ്ന്നിറങ്ങണമെനിക്ക് 


എന്തിനെന്നോ…

നിന്റെ പ്രണയത്തിൽ പൂത്തുലഞ്ഞു 

എന്റെ ആത്‌മാവിൻ മറുപാതി 

നിന്നിൽ കണ്ടെടുക്കാൻ….


എന്നിലെ നിന്നെയും 

നിന്നിലെ എന്നെയും 

ഒരു തരി ചിമ്മാതെ 

മിഴികളിൽ ഉയിരായ് നിറയ്ക്കാൻ  


നിന്റെ മൗനത്തിൽ വിടരുന്ന 

വിസ്‌മൃതികളുടെ പൂക്കാലം  സ്വയം  നെഞ്ചേറ്റാൻ 


പെയ്തൊഴിയാത്ത നൊമ്പരങ്ങളുടെ 

നേരും നോവും ആവാഹിച്ചെടുക്കാൻ 


വിങ്ങുന്ന അകക്കാടിന്റെ തീവ്രത തൊട്ടറിഞ്ഞു

ഹൃദയഭിത്തികൾക്ക് സാന്ത്വനക്കുളിരേകാൻ


നിന്റെ ലോകം നമ്മുടെ ലോകമെന്നു പറഞ്ഞ 

കർണികാരപ്പക്ഷിയെ നിന്നിൽ തിരയാൻ 


വിരഹം ഗർഭം ധരിച്ച കനൽപ്പൂവുകളിറുത്തു 

നിന്റെ പ്രാണന്റെ ഈണത്തിന് കാതോർക്കാൻ 


നിന്റെ വിരലുകളുടെ നനുത്ത സ്പർശത്തിൽ 

ജന്മാന്തരപാപങ്ങൾ  കൊഴിഞ്ഞു പോകാൻ 

നമ്മുടെ പ്രണയം

 നീ 

മൗനം ചിറകടിച്ച വീചികളിൽ 

വചസ്സായ് പെയ്തു നീ ഓമലേ..

പ്രിയതേ നിന്നനുരാഗം 

എന്നാത്മാവ് ‌ തേടും ജന്മസുഗന്ധം 

ഞാൻ 

ചിലമ്പിയ മനസ്സിൻ ഇടനാഴിയിൽ

സ്മൃതികൾ നിറയാതെ തന്നെ 

നിന്നിലേക്കുള്ള പുനർജനിയുടെ 

ദൂരവും ആഴവും ലിഖിതപ്പെട്ടിരുന്നു 

നമ്മൾ 

ഓർമകളുടെ പൂമരച്ചോട്ടിൽ 

നീ അന്ന് ഏകനായിരുന്നുവെങ്കിലും 

അകതാരിൽ നൊമ്പരമായി

തേങ്ങലുകളുതിർത്തും 

ആ ഹൃദയവ്യഥകൾക്ക്  കാതോർത്തും 

നിനക്കൊപ്പം ഞാനുമുണ്ടായിരുന്നു. 


ഒരു വ്യാഴവട്ടം കാത്തിരിപ്പിന്റെ 

അന്നൊരു പകലന്തിയിലൊരിക്കൽ 

പുഴകൾ നീന്തി കടൽ കടന്നെത്തിയ 

മൊഴികൾ‌ പ്രണയമായ് പൊഴിഞ്ഞു 


കോരിത്തരിപ്പിന്റെ ഓരോ മാത്രയിലും 

ഓർമകളുടെ താമരച്ചെപ്പ് 

ആത്മനോവായ്  നീ 

നെഞ്ചോടു ചേർത്തുവെച്ചിരുന്നു   


ഇനി നമ്മുടെ സംഗമത്തിന് 

സമയം നിശ്ചലസാക്ഷിയാകണം 

തനുവിലെ ഓരോ അണുവിലും 

നിന്നെ മാത്രം ചേർത്തുവെച്ചു 

കാതോരം ചുംബനപൂക്കൾ നിറച്ചു 

നെഞ്ചോരം പ്രണയാഗ്നി പടർത്തണം 


നിന്റെ  രാഗച്ചുവപ്പിൽ 

ഹൃദയങ്ങൾ മുട്ടിയുരുമ്മുമ്പോൾ 

അതിരുകളും ഉപാധികളുമില്ലാത്ത 

വരിഞ്ഞുമുറുക്കിയുള്ള പ്രണയത്തിന്റെ 

ഒരായിരം ആകാശങ്ങൾ 

നമ്മളിൽ പിന്നെയുമുണരണം 


ആത്മാവുകൾ തമ്മിലലിഞ്ഞു 

രതിമൂർച്ച കഴിഞ്ഞുള്ള 

ധ്യാനാവസ്ഥയിലേക്ക് 

നമ്മൾ ചേരുമ്പോൾ 

ആ നവജന്മങ്ങളും 

ഉള്ളിൽ പ്രവാഹമായി പെരുകണം 


പിന്നെ ഒരു മഴരാത്രിയിൽ 

എന്നെ ചേർത്തുവെച്ചും 

കണ്ണിൽ കണ്ണിൽ നോക്കിയും    

നീ പാടുന്ന രാഗം മേഘമൽഹാർ ആകണം 


അളന്നുമുറിയാത്ത നിന്റെ മറുവാക്കിൻ 

കൊഞ്ചൽ തോരാമഴയിലും 

എന്നെ ഇറുകെ പുണർന്ന് 

അകം നിറയ്‌ക്കണം 


എന്നിട്ടു നമുക്കൊരു യാത്രപോകാം

നിന്നിലുറങ്ങി നിന്നിലുണർന്ന് 

നിന്റെ നിഴലായ് പടരാൻ 


മഴക്കാടുകൾ താണ്ടി മഞ്ഞുമലകൾ കടന്ന് 

നിന്നെ മാറോടണച്ചുള്ള മോഹയാത്രയിൽ 

പരസ്പരം വിരൽ കൊരുത്തു 

ഭൂമിയെ വലംവച്ച് 

നിന്റേത്‌  മാത്രമായ്‌  ഒടുങ്ങണം