എന്നിലെ ഉയിരും
ഉയിരേകും കുളിരും
തലോടും വിരലും
പുണരും പ്രാണനും
മൂളും ഗാനവും
നൃത്തമാടും ദലങ്ങളും
നുള്ളും പൂക്കളും
മൂടും സുഗന്ധവും
തൂകും പനിനീരും
ചുംബിക്കും ചാമരവും
നീ മാത്രം…
നിറവെയിലും നനമഴയും അതിര് ചമച്ച സ്നേഹാതുരമായ ഇന്നലെകൾ... കാതോർത്ത തൂമരന്ദമായ മൊഴിച്ചിന്തുകൾ... കാലത്തിന്റെ ചില്ലകളില്‍ മഴയിലും വെയിലിലും വിരിഞ്ഞ സ്നേഹപ്പൂക്കള്‍ ഇറുത്തെടുത്ത് മാല കോര്‍ത്തപ്പോള്‍ ഒരുവേള ഞാന്‍ അറിഞ്ഞില്ല എനിക്കായുള്ള പുഷ്പച്ചക്രങ്ങള്ക്ക് ഉതകുന്ന പൂക്കളാണിവയെന്ന്... കാരണം മഴയും വെയിലും ദാനം തന്ന പ്രകൃതിയെ ഞാന്‍ അത്രമേല്‍ സ്നേഹിച്ചിരുന്നു... വിശ്വസിച്ചിരുന്നു... ആരാധിച്ചിരുന്നു.....
എന്നിലെ ഉയിരും
ഉയിരേകും കുളിരും
തലോടും വിരലും
പുണരും പ്രാണനും
മൂളും ഗാനവും
നൃത്തമാടും ദലങ്ങളും
നുള്ളും പൂക്കളും
മൂടും സുഗന്ധവും
തൂകും പനിനീരും
ചുംബിക്കും ചാമരവും
നീ മാത്രം…
സ്മൃതികൾ ഉറങ്ങുന്ന
കോവിൽ മുറ്റത്തിരുന്ന്
നിനക്കായ് പ്രണയാക്ഷരങ്ങൾ
കുറിയ്ക്കണമെനിക്ക്…
അത് കണ്ട് ഭരിതമാകുന്ന
നിന്റെ ആത്മാവിനെ
വെൺതൂവലാൽ തഴുകണം…
മഞ്ഞു പൊഴിയുമൊരു
നിശാവേളയിൽ
നിന്റെ അരികിലിരുന്ന്
ഒരുപാടിഷ്ടത്തോടെ
ആ മറുവാക്കുകൾക്ക് കാതോർക്കണം…
കണ്ണാംതുമ്പിയായ് എന്റെ
ഹൃദയത്തിൽ കൂട്കൂട്ടിയ നിന്റെ
മൗനത്തിൽ ഒളിപ്പിച്ച വാക്കുകൾ
എന്നിലേക്ക് പ്രവഹിയ്ക്കുന്നു അനുനിമിഷവും…
നെഞ്ചിൽ ഒരു കുളിരായ്
പ്രാണന്റെ താളമായ്
മിഴികൾ പൂട്ടി ഞാൻ
ആ മൊഴികളിൽ അലിയുന്നു…
പറയാൻ ബാക്കി വെച്ച
കഥകളുടെ ചെപ്പ്
നീ ഇനിയും ഉള്ളിൽ
സൂക്ഷിയ്ക്കുന്നത്
ഇവിടത്തെ ഓരോ
മണൽത്തരിയും
കാതോരം മൊഴിയുന്നു…
ആരും കൊതിയ്ക്കുന്ന
കുളിർമാരിയായ്
നിസ്സീമമായ
അഴകലയായ്
നിന്റെ വിരിമാറിൽ
തല ചായ്ച്ചു
ആ കഥകളുടെ
ജീവനിശ്വാസമാകണം…
പറയാൻ വെമ്പിയ
ഒരായിരം ആശകളുടെ
മുല്ലമുറ്റത്തിരുന്ന്
ഈറൻ മുകിലിനെ
തൊടുന്ന
അംബരമാകണം…
ഒരു നീലാംബരി രാഗമായ്
കണ്മഷിച്ചന്തമായ്
നിന്റെ കരലാളനമേറ്റ്
ആ ഹൃത്തിൽ
അനുരാഗപ്പൂക്കൾ നിറയ്ക്കണം…
പിന്നെ ഒരുമിച്ച് നടന്ന
പാതയോരങ്ങളിൽ
നിന്റെ വിരൽ കോർത്ത്
കവിതകൾ പാടി
വീണ്ടും നടന്ന് തീർക്കണം…
ഒരു പൂവാകാൻ ആണെനിക്കിഷ്ടം
നിന്റെ ശ്വാസക്കാറ്റിന്റെ നറുമണം
ഒട്ടും ചോർന്നു പോകാതെ പ്രാണനിൽ പടർത്താൻ…
ഒരു പുഴയാകാൻ ആണെനിക്കിഷ്ടം
നിന്റെ പാദങ്ങളെ കുളിർസ്പന്ദനമായ് പുൽകി ആത്‌മശിഖരങ്ങളെ തഴുകിയുണർത്താൻ…
ഒരു കുളിർക്കാറ്റാകാൻ ആണെനിക്കിഷ്ടം
നിന്റെ ഹൃദയത്തിൽ ഇതളിടുന്ന
മധുരക്കിനാക്കൾക്ക് രാഗാമൃതമാകാൻ…
ഒരു പറവയാകാൻ ആണെനിക്കിഷ്ടം
സീമകളില്ലാത്ത ആകാശത്തിന്റെ
സ്നേഹച്ചോട്ടിൽ നീയുമായ്
പ്രണയപൂർവ്വം കൊക്കുരുമ്മാൻ...