Friday, January 17, 2025

പ്രണയാർദ്രം ഈ പ്രണയമഴ

 കണ്ണേ…

ഒരു ജൂണിലെ നനുത്ത സന്ധ്യയിൽ ദേശാടനപക്ഷിയായ്  നിന്നിൽ എപ്പോഴോ ഞാൻ കൂടുകൂട്ടി… ഒരു മുറിയാതെ പെയ്യുന്ന മഴ നിന്നോടൊപ്പം നനഞ്ഞു…നിന്റെ ചുംബനപൂവിന്റെ മധുരവും നുണഞ്ഞു… പ്രണയം നുരയുന്ന നിന്റെ കണ്ണുകളിലെ ആഴമളന്ന്… നീ നീയായ് മാറുന്ന പ്രണയം പൂത്തുലയുന്ന നമ്മുടെ ആ നിമിഷങ്ങൾ ഈ ജന്മത്തിലെ  ഓർമച്ചെപ്പായ് ഞാൻ നെഞ്ചിൽ കൂട്ടിവെച്ചോളാം… എനിക്ക് നിന്നിൽ നിറഞ്ഞു കവിഞ്ഞു പുഴയായി ഒഴുകണം…. നിന്റെ ചുണ്ടിലെ ചിരിയുടെ വസന്തമായ്…നിന്നിലെ ഗന്ധമായി… നിന്റെ പ്രാണൻ പുണരുന്ന രാഗരേണുവായ്… അങ്ങനെയങ്ങനെ…

ഇത്രമേൽ നീയെന്തിനാണ് എന്നെ പ്രണയിച്ചത്…?ആഴിയോളം…നിന്റെ ഹൃദയത്തോളം… നിന്റെ പ്രണയം ഇത്രമേൽ പവിത്രമായതും അതുകൊണ്ട് തന്നെ…മറ്റൊരാളിലേക്കും പങ്ക് കൊടുക്കാതെ എന്നെ നിറച്ചു വെച്ച നിന്നെയാണ് എനിക്കെന്നും ഇഷ്ടം…എനിക്കും നിനക്കുമിടയിൽ ഒരു മഴക്കാലത്തിന്റെ പോലും ദൂരമില്ലാതെ…മിഴിദൂരത്തിൽ നിറയുന്ന നീ എന്നെ പിന്നിലൂടെ വന്ന് വരിഞ്ഞുമുറുക്കി നിന്റേതാക്കുന്ന ആ നിന്നെയാണ് എനിക്കിഷ്ടം…ഒരു കുഞ്ഞിനെ പോലെ എന്നെ കൊഞ്ചിച്ചും താലോലിച്ചും പ്രണയം സിരകളിൽ നിറയ്ക്കുന്ന നിന്റെ നിഷ്കളങ്കതയാണ് നിന്നിൽ എനിക്കേറെ പ്രിയങ്കരം...എന്റെ പോലും അനുവാദമില്ലാതെ നീയെന്നിൽ സ്വകാര്യ അഹങ്കാരമായ് നിറഞ്ഞത്‌ ഞാൻ പോലും തിരിച്ചറിഞ്ഞത് ഒരുപാട് കഴിഞ്ഞാണ്… നീ എന്നും നീയായിരിയ്ക്കുമ്പോൾ ഞാൻ നിന്നിൽ പൂർണത തേടുന്നു അറിഞ്ഞോ അറിയാതെയോ… ഉപാധികളില്ലാത്ത പ്രണയം ലഹരിയായി ഉള്ളിൽ നിറഞ്ഞത്‌  ഞാൻ അറിഞ്ഞതും നിന്നിലൂടെ തന്നെയാണ് …

നിന്റെ ഈ പ്രണയമഴയിൽ നനഞ്ഞ എനിക്ക് ഓരോ മഴയും നീയാണ്… നിന്റെ പ്രണയത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്…പെയ്തൊഴിയുന്ന ഓരോ മഴയും ഉടലാകെ പൊതിയുന്ന തണുപ്പായും… ഹൃദയം മൂടുന്ന കുളിരായും… കാതിൽ നിന്റെ നിശ്വാസമായും… ആത്‌മാവിലെ ദാഹജലമായും… വിരൽതുമ്പിൽ പോലും പ്രണയസ്പർശമായും  തുളുമ്പുമ്പോൾ…എന്നിൽ പൂത്തുലയുമ്പോൾ…എന്നിൽ നിന്നെ നിറയ്ക്കുമ്പോൾ നമ്മൾ രണ്ടാകുന്നത് എങ്ങനെ ??? നീയെന്നിൽ നിറയുന്തോറും ഞാനേത് നീയേത് എന്ന ചിന്തപോലും അപ്രസക്തമാണ്… എവിടേക്ക് പോയാലും നിന്നിലേക്ക്‌ തന്നെ തിരികെയെത്തുന്ന ഞാൻ... എന്നിലേക്ക്‌ തന്നെ മടങ്ങിയെത്തുന്ന നീ… കൈക്കുമ്പിളിൽ നിന്റെ മുഖം കോരിയെടുക്കുമ്പോൾ ഞാൻ  എന്നെത്തന്നെയാണ് നിന്നിൽ കാണുന്നത്… നിന്നെയോർക്കുമ്പോൾ തന്നെ വാക്കുകൾ വർഷമായി പെയ്യുന്നത് പോലും അതുകൊണ്ടാവണം…