Tuesday, January 29, 2013

പറയാന്‍ മറന്ന വാക്ക്

പിണക്കം തളിരിട്ട നാട്ടുവഴികളില്‍-
പാതിവിരിഞ്ഞൊരു കുഞ്ഞു പൂവായി നീ...
ഒതുക്കിറങ്ങിയെത്തുന്ന ആല്‍മരച്ചുവട്ടില്‍-
മൊഴികള്‍ പുണരുന്നൊരു തേന്‍മഴയായി നീ...
പറയാന്‍ മറന്ന വാക്കിലും-
ഒരു യാത്രാമൊഴി തന്‍ അതിര്‍വരമ്പിലും-
നിന്നെ തളച്ചിടാനാവാതെ ഞാന്‍...
മനസ്സും മനസ്സും ശൂന്യതയില്‍ തിരയുമ്പോള്‍-
ചോന്ന മാനവും ഇടറുന്ന കാലടികളും ബാക്കിയാകുന്നു...
കരളില്‍ കിനിഞ്ഞതും പ്രിയംകരമായതും...
പ്രണയമായി വളര്‍ന്നതും പുകച്ചുരുളുകളാകുന്നു...

അറിവെത്താത്തതോ മനസ്സ് പൊള്ളിയതോ-
വേര്‍തിരിച്ചെടുക്കാനും വയ്യ...
നൊമ്പരങ്ങളുടെ പൊടിക്കാറ്റേറ്റ ഹൃദയച്ചുഴികളില്‍-
അറിയാതെ മുളപൊട്ടുന്നൊരു കുറ്റബോധം...
ആയുസറ്റതെന്നറിഞ്ഞിട്ടും തടുക്കാനവാതെയത് തഴച്ചു വളരുന്നു...
ഒരു ദുസ്വപ്നത്തിന്‍ ഉടയാടയില്‍ മുഖം ചേര്‍ത്ത്-
വിമ്മിക്കരഞ്ഞൊരു പകലന്തി...
തളം കെട്ടുന്ന മൌനവും ഇടമുറിയുന്ന വാക്കും-
പരസ്പരം മത്സരിയ്ക്കുന്നുവോ?
ഇനി ഒരായുഷ്കാല സ്നേഹത്തിന്‍ തണുത്തുവെറുങ്ങലിച്ച-
നെഞ്ചിന്‍കൂടില്‍ എല്ലാം മറന്നൊരു സമര്‍പ്പണം...

Wednesday, January 2, 2013

യാത്ര

ദൂരെ ദൂരെ ഒരു യാത്ര പോകണം...
ചിന്തകളുടെ ചാമരങ്ങളില്ലാതെ...
അനുഭവങ്ങളുടെ ആരവങ്ങളൊഴിഞ്ഞ്... 
ആശുപത്രിയുടെ ശ്വാസം മുട്ടിയ്ക്കുന്ന-
നരച്ച മഞ്ഞയ്ക്കുമപ്പുറം-
ഒരുപാട് കാതം അങ്ങു ദൂരെ ...

മിഴികള്‍ നനയാതെ-
മൊഴികള്‍ കിലുങ്ങാതെ-
മുഖപടങ്ങളില്ലാതൊരു യാത്ര...
ഞാന്‍ ഞാന്‍ ആകുന്നൊരു ലോകത്തേയ്ക്ക്...

കണ്ണെത്താ ദൂരം വിജനമാകണം...
ആത്മശിഖരങ്ങളില്‍ നിന്റെ സാന്നിദ്ധ്യമില്ലാതെ-
ഓര്‍മപ്പൂക്കള്‍ മണക്കാതെ-
പെയ്തൊഴിയാന്‍ പരിഭവങ്ങളില്ലാതെ-
ഇന്നിന്റെ വിരിമാറില്‍-
ആകാശം നോക്കി കിടക്കണം...

 മനസ്സിന്റെ ഓരോ-
 പൊട്ടും പൊടിയും ചിലമ്പുന്നു...
"കലങ്ങിയ മിഴികളും-
നൊമ്പരങ്ങളുടെ നിഴലുമില്ലാതെ-
നീ നീയായി ഒന്ന് പുനര്‍ജനിയ്ക്കൂ...
ഒരു മാത്ര നേരത്തേയ്ക്കെങ്കിലും..."

ഒടുവില്‍ ഒരിരുള്‍ക്കാറ്റിന്‍ ചിണുങ്ങലില്‍-
രാപ്പാടി തന്‍ തേങ്ങലില്‍-
ഒരു ചന്ദ്രോദയം സാക്ഷിയാക്കി-
ആത്മാവിനാഴങ്ങളില്‍ നീന്തിത്തുടിച്ച്-
ഒരിയ്ക്കല്‍ നഷ്ടമായിടത്തിന്ന് തന്നെ തുടങ്ങി-
എന്നിലെ എന്നിലെയ്ക്കൊരു തിരിച്ചുപോക്ക്...