Saturday, June 28, 2014

കടൽക്കൊതി

ഒരു തർപ്പണത്തിനാവണം
നിന്നെ അടുത്തറിഞ്ഞത്,

നീലച്ചേല ഞൊറിഞ്ഞു ചുറ്റി
നീലമിഴികളിൽ മാരിവിൽച്ചന്തം നിറച്ച്
നിലീന സൌന്ദര്യത്തിന്റെ തിരി കാട്ടി
വെള്ളിചിലങ്കയുടെ ചിലമ്പൊലിയായ് 
ചുംബനപെരുക്കത്തിന്റെ കടലാഴം തീർത്ത്‌
"സ്നേഹായനത്തിന് സീമകളില്ലെന്ന് " നീ..

 എൻ അരുമവറ്റുകൾ നിന്നെ ഊട്ടിയപ്പോൾ-
 ബലിയിട്ടു തേങ്ങിയ ഈറൻകൈകളെ-
 കരുതലിന്റെ ഇഴയടുപ്പങ്ങളിൽ പൊതിഞ്ഞതും...
 നോവുകൾ ചാലിച്ച ആത്മാവിൽ-
 കുളിർമുത്തുകളായ്‌  പെയ്തിറങ്ങിയതും...
 വിതുമ്പുന്ന ചുണ്ടുകളിൽ അമ്മിഞ്ഞ ഇറ്റിച്ചതും...
 മനസ്സിൽ കൊരുത്ത കനൽതുണ്ടുടച്ച്
 താരാട്ടിനീണങ്ങൾ  പകർന്നതും ...
 നീയാം മടിത്തട്ട് സാന്ത്വനം ചൊരിഞ്ഞതും ...
 ഒരു പുലരിയുടെ സ്നേഹവായ്പിലായിരുന്നു....

ഇനി നിന്റെ നിഗൂഡതകളുടെ ആഴമളന്ന്
നീലരാവിൽ തെളിയുന്ന വെണ്‍ശംഖിനെ
ഓളപ്പരപ്പിൽ കണ്ടെടുക്കണം...
നിന്റെ പുടവത്തുമ്പിന്റെ
 വാത്സല്യചൂരേറ്റ് മുങ്ങിതാഴണം...
മാടിമാടി വിളിക്കുന്ന ഓരോ
തിരയിലും മുഖമമർത്തണം...
ഓർമകളുടെ പൂമുഖപ്പടിയിൽ
പിടയുന്ന ഹൃദയത്തെ
നിന്റെ ചുഴികളിൽ ഒളിച്ചുവെക്കണം...
പിന്നിട്ട യാത്ര തൻ വേരറ്റ വഴിയിലുറഞ്ഞ
ഒരു തരി സ്നേഹം നിനക്ക് വിളമ്പണം...
പ്രാണൻ പൂക്കുന്ന ഓരോ രേണുവും നിന്നിലമരണം...

അങ്ങനെ
" സ്നേഹായനത്തിനൊടുക്കം
  ഒരു കുഞ്ഞുനക്ഷത്രമാകണം... "

Monday, June 9, 2014

കടപ്പാടുകളുടെ മുഴങ്ങുന്ന ശംഖൊലികൾ

ആത്മബന്ധങ്ങളുടെ ചന്ദനഗന്ധത്തിന്
വറ്റാത്ത സാന്ത്വനത്തിന്റെ മാതൃസ്പർശത്തിന്
മുരളീരവമൊടുങ്ങാത്ത ഈറൻ മുളംകാടുകൾക്ക്
പ്രണയം മരിക്കാത്ത ഗുൽമോഹർ തണലുകൾക്ക്...........

ദേവശാപമേറ്റ്‌ കടംകൊണ്ട ജന്മത്തിന്
അരിയ മോഹങ്ങൾ മുളപ്പിച്ച മിഴിയിണകൾക്ക്
മാധവത്തിന്റെ തിരക്കോളുകളുറങ്ങുന്ന മണിച്ചുണ്ടിന്
ജനനിയുടെ ജ്വരഗന്ധങ്ങളെ ആവാഹിച്ച നാസികയ്ക്ക്
നൂറുനൂറു കനവുകളുടെ ചുംബനക്കൊതിയൂറുന്ന നെറുകയ്ക്ക് .......

കർമ്മഭാണ്ഡം പേറുന്ന ശിരോലിഖിതങ്ങൾക്ക്
നരച്ച ചിന്തകൾ പെയ്യുന്ന ആത്മാവിന്റെ ഉള്ളറകൾക്ക്
പ്രാണന്റെ ഈണം മൂളുന്ന ഹൃദയമിടിപ്പുകൾക്ക്
ചിതറുന്ന മനസ്സിനെ എകാഗ്രമാക്കുന്ന ചൂണ്ടുവിരലിന്
ഋതുഭേദങ്ങൾ  തഴുകി തലോടിയ താരുടലിന് ...........

പുഴയോർമ്മകൾ ചാലിചെടുത്ത പാദമുദ്രകൾക്ക്
പിന്നെ ആത്മനിർവൃതിയിൽ പുഷ്പിച്ച കുറുമൊഴികൾക്ക്
ഒടുക്കം സാന്ദ്രരാഗത്തിൽ ചാലിച്ച നീതിവാക്യങ്ങൾക്ക്....
അങ്ങനെ കടപ്പാടുകളുടെ മുഴങ്ങുന്ന ശംഖൊലികളി-
ലുറയുന്ന മനസ്സിന്  ആസന്നനിയോഗങ്ങൾ ജ്വാലകളാകുന്നു...