Saturday, June 28, 2014

കടൽക്കൊതി

ഒരു തർപ്പണത്തിനാവണം
നിന്നെ അടുത്തറിഞ്ഞത്,

നീലച്ചേല ഞൊറിഞ്ഞു ചുറ്റി
നീലമിഴികളിൽ മാരിവിൽച്ചന്തം നിറച്ച്
നിലീന സൌന്ദര്യത്തിന്റെ തിരി കാട്ടി
വെള്ളിചിലങ്കയുടെ ചിലമ്പൊലിയായ് 
ചുംബനപെരുക്കത്തിന്റെ കടലാഴം തീർത്ത്‌
"സ്നേഹായനത്തിന് സീമകളില്ലെന്ന് " നീ..

 എൻ അരുമവറ്റുകൾ നിന്നെ ഊട്ടിയപ്പോൾ-
 ബലിയിട്ടു തേങ്ങിയ ഈറൻകൈകളെ-
 കരുതലിന്റെ ഇഴയടുപ്പങ്ങളിൽ പൊതിഞ്ഞതും...
 നോവുകൾ ചാലിച്ച ആത്മാവിൽ-
 കുളിർമുത്തുകളായ്‌  പെയ്തിറങ്ങിയതും...
 വിതുമ്പുന്ന ചുണ്ടുകളിൽ അമ്മിഞ്ഞ ഇറ്റിച്ചതും...
 മനസ്സിൽ കൊരുത്ത കനൽതുണ്ടുടച്ച്
 താരാട്ടിനീണങ്ങൾ  പകർന്നതും ...
 നീയാം മടിത്തട്ട് സാന്ത്വനം ചൊരിഞ്ഞതും ...
 ഒരു പുലരിയുടെ സ്നേഹവായ്പിലായിരുന്നു....

ഇനി നിന്റെ നിഗൂഡതകളുടെ ആഴമളന്ന്
നീലരാവിൽ തെളിയുന്ന വെണ്‍ശംഖിനെ
ഓളപ്പരപ്പിൽ കണ്ടെടുക്കണം...
നിന്റെ പുടവത്തുമ്പിന്റെ
 വാത്സല്യചൂരേറ്റ് മുങ്ങിതാഴണം...
മാടിമാടി വിളിക്കുന്ന ഓരോ
തിരയിലും മുഖമമർത്തണം...
ഓർമകളുടെ പൂമുഖപ്പടിയിൽ
പിടയുന്ന ഹൃദയത്തെ
നിന്റെ ചുഴികളിൽ ഒളിച്ചുവെക്കണം...
പിന്നിട്ട യാത്ര തൻ വേരറ്റ വഴിയിലുറഞ്ഞ
ഒരു തരി സ്നേഹം നിനക്ക് വിളമ്പണം...
പ്രാണൻ പൂക്കുന്ന ഓരോ രേണുവും നിന്നിലമരണം...

അങ്ങനെ
" സ്നേഹായനത്തിനൊടുക്കം
  ഒരു കുഞ്ഞുനക്ഷത്രമാകണം... "

14 comments:

  1. കുഞ്ഞുകുഞ്ഞാഗ്രഹങ്ങള്‍!!

    ReplyDelete
    Replies
    1. ആഗ്രഹങ്ങളില്ലാതെ മനുഷ്യരുണ്ടോ... നന്ദി അജിത്തേട്ടാ...

      Delete
  2. നോവിന്റെ തീരങ്ങളെ തഴുകുന്ന സാന്ത്വനത്തിന്റെ തിരയിളക്കം പോലെ കടലമ്മയുടെ മനസ്സ്..
    ആ അമ്മയുടെ നെറുകയിൽ ചുംബനം നല്കുന്ന അനന്തതയുടെ അധരങ്ങൾ പോലെ ഒരു കുഞ്ഞു നക്ഷത്രമായ്‌ നീയും...

    വളരെ മനോഹരമായ വരികൾ..

    ആശംസകൾ...

    ReplyDelete
    Replies
    1. ഈ വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദിയും കടപ്പാടും ഗിരീഷെ...

      Delete
  3. ഒരു കുഞ്ഞുനക്ഷത്രത്തിലേക്കുള്ള സ്‌നേഹായനം. പ്രാണായനം. നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ഈ പ്രാണായനത്തിന് ഒപ്പം ചേർന്നതിന് ഒത്തിരി സ്നേഹം സുധീറെട്ടാ.....

      Delete
  4. Replies
    1. ഈ വരവിനും വായനയ്ക്കും സ്നേഹവും നന്ദിയും മുഹമ്മദെട്ടാ...

      Delete
  5. ഇഷ്ട്ടമായി..നല്ല വരികള്‍

    ReplyDelete
    Replies
    1. വായനയ്ക്കും വരവിനും നന്ദിയും കടപ്പാടും അന്നൂസേ... ഈ ഗായകന്റെ പാട്ട് യു-ട്യൂബിൽ കേട്ടിരുന്നു....തകർത്തു ബോസ്സ്...

      Delete
  6. നന്നായിട്ടുണ്ട്, ഇനിയുമെഴുതുക

    ReplyDelete
    Replies
    1. നന്ദി ശ്രീ ഈ വാക്കുകൾക്ക് ... തീർച്ചയായും എഴുതാം...

      Delete