Friday, August 14, 2015

ജന്മാന്തരതീരം

മഴമണക്കുന്ന ജന്മാന്തരതീരത്തിൽ -
മാനം തൊടുന്ന ഹൃദയവുമായ്-
പാതിരക്കാറ്റിന്റെ താളലയങ്ങളേറ്റ്‌ -
പോയ മന്വന്തരങ്ങളോടെനിക്ക് മനസ്സ് തുറക്കണം...

നോമ്പ് നോറ്റ  മൗനത്തെ പടിയിറക്കി-
ദേവായനത്തിന്റെ ആത്മമന്ത്രങ്ങളുരുവിട്ട്-
അനുനിമിഷം മാരിവിൽ മാല കോർത്ത്‌-
തുളുമ്പുന്ന വിഹ്വലതകൾ തേനലകളാക്കണം...

ഉണരുന്ന കാട്ടാറിന്റെ സ്മിതമുനകളിൽ-
തെളിയുന്ന വശ്യതക്കൂട്ടടർത്തി  -
തോരാത്ത മിഴികളിൽ നിറച്ച്-
സ്മൃതിമുദ്രകൾക്ക് സാന്ത്വനമാകണം...

മയിലാഞ്ചിക്കാട്ടിലെ സുഗന്ധം ആത്മാവിലൂറുമ്പോൾ
തിരതല്ലിയ മോഹപ്പച്ചകൾ വിരൽത്തുമ്പിലാവാഹിച്ച്-
പൈതൃകം അവകാശപ്പെടാനില്ലാത്ത മണ്‍തരികളിൽ
സമസ്ത നിറക്കൂട്ടുകളും ചാലിയ്ക്കണം...

അന്ന് ഇടനെഞ്ചിലെ വേരുകൾ പകുത്തെടുത്ത ഉയിരും-
അനുസ്യൂതം നുരയുന്ന വിലക്കപ്പെട്ട കളിവാക്കുകളും-
സ്വയം നുകരുന്ന ഏകാന്തതയുടെ വിളുമ്പിൽ-
തട്ടിത്തടഞ്ഞ് അനന്തതയെ പുൽകുന്നുണ്ടാവണം....

3 comments:

  1. ജന്മാന്തരഗീതം നന്നായിട്ടുണ്ട്

    ReplyDelete
  2. മനസ്സുതുറന്നെഴുതി....
    ആശംസകള്‍

    ReplyDelete
  3. ആശംസകൾ ആശ.... നല്ല വരികൾ

    എന്റെ അടിവേരുകളിൽ ഒരു നുള്ള് ജീവൻ അണയാതെ എന്നും കാത്ത് വയ്ക്കും ... പുതുമഴയായി നീ വന്ന് പുൽകുമ്പോൾ പുതുനാമ്പുകൾ പോലെ കിളിർത്തു വന്ന് ഞാൻ നിന്നിലേക്ക് പടർന്ന് പന്തലിക്കുo

    ReplyDelete