എന്നിലെ ഉയിരും
ഉയിരേകും കുളിരും
തലോടും വിരലും
പുണരും പ്രാണനും
മൂളും ഗാനവും
നൃത്തമാടും ദലങ്ങളും
നുള്ളും പൂക്കളും
മൂടും സുഗന്ധവും
തൂകും പനിനീരും
ചുംബിക്കും ചാമരവും
നീ മാത്രം…
നിറവെയിലും നനമഴയും അതിര് ചമച്ച സ്നേഹാതുരമായ ഇന്നലെകൾ... കാതോർത്ത തൂമരന്ദമായ മൊഴിച്ചിന്തുകൾ... കാലത്തിന്റെ ചില്ലകളില് മഴയിലും വെയിലിലും വിരിഞ്ഞ സ്നേഹപ്പൂക്കള് ഇറുത്തെടുത്ത് മാല കോര്ത്തപ്പോള് ഒരുവേള ഞാന് അറിഞ്ഞില്ല എനിക്കായുള്ള പുഷ്പച്ചക്രങ്ങള്ക്ക് ഉതകുന്ന പൂക്കളാണിവയെന്ന്... കാരണം മഴയും വെയിലും ദാനം തന്ന പ്രകൃതിയെ ഞാന് അത്രമേല് സ്നേഹിച്ചിരുന്നു... വിശ്വസിച്ചിരുന്നു... ആരാധിച്ചിരുന്നു.....
എന്നിലെ ഉയിരും
ഉയിരേകും കുളിരും
തലോടും വിരലും
പുണരും പ്രാണനും
മൂളും ഗാനവും
നൃത്തമാടും ദലങ്ങളും
നുള്ളും പൂക്കളും
മൂടും സുഗന്ധവും
തൂകും പനിനീരും
ചുംബിക്കും ചാമരവും
നീ മാത്രം…
സ്മൃതികൾ ഉറങ്ങുന്ന
കോവിൽ മുറ്റത്തിരുന്ന്
നിനക്കായ് പ്രണയാക്ഷരങ്ങൾ
കുറിയ്ക്കണമെനിക്ക്…
അത് കണ്ട് ഭരിതമാകുന്ന
നിന്റെ ആത്മാവിനെ
വെൺതൂവലാൽ തഴുകണം…
മഞ്ഞു പൊഴിയുമൊരു
നിശാവേളയിൽ
നിന്റെ അരികിലിരുന്ന്
ഒരുപാടിഷ്ടത്തോടെ
ആ മറുവാക്കുകൾക്ക് കാതോർക്കണം…
കണ്ണാംതുമ്പിയായ് എന്റെ
ഹൃദയത്തിൽ കൂട്കൂട്ടിയ നിന്റെ
മൗനത്തിൽ ഒളിപ്പിച്ച വാക്കുകൾ
എന്നിലേക്ക് പ്രവഹിയ്ക്കുന്നു അനുനിമിഷവും…
നെഞ്ചിൽ ഒരു കുളിരായ്
പ്രാണന്റെ താളമായ്
മിഴികൾ പൂട്ടി ഞാൻ
ആ മൊഴികളിൽ അലിയുന്നു…
പറയാൻ ബാക്കി വെച്ച
കഥകളുടെ ചെപ്പ്
നീ ഇനിയും ഉള്ളിൽ
സൂക്ഷിയ്ക്കുന്നത്
ഇവിടത്തെ ഓരോ
മണൽത്തരിയും
കാതോരം മൊഴിയുന്നു…
ആരും കൊതിയ്ക്കുന്ന
കുളിർമാരിയായ്
നിസ്സീമമായ
അഴകലയായ്
നിന്റെ വിരിമാറിൽ
തല ചായ്ച്ചു
ആ കഥകളുടെ
ജീവനിശ്വാസമാകണം…
പറയാൻ വെമ്പിയ
ഒരായിരം ആശകളുടെ
മുല്ലമുറ്റത്തിരുന്ന്
ഈറൻ മുകിലിനെ
തൊടുന്ന
അംബരമാകണം…
ഒരു നീലാംബരി രാഗമായ്
കണ്മഷിച്ചന്തമായ്
നിന്റെ കരലാളനമേറ്റ്
ആ ഹൃത്തിൽ
അനുരാഗപ്പൂക്കൾ നിറയ്ക്കണം…
പിന്നെ ഒരുമിച്ച് നടന്ന
പാതയോരങ്ങളിൽ
നിന്റെ വിരൽ കോർത്ത്
കവിതകൾ പാടി
വീണ്ടും നടന്ന് തീർക്കണം…
ഒരു പൂവാകാൻ ആണെനിക്കിഷ്ടം
നിന്റെ ശ്വാസക്കാറ്റിന്റെ നറുമണം
ഒട്ടും ചോർന്നു പോകാതെ പ്രാണനിൽ പടർത്താൻ…
ഒരു പുഴയാകാൻ ആണെനിക്കിഷ്ടം
നിന്റെ പാദങ്ങളെ കുളിർസ്പന്ദനമായ് പുൽകി ആത്‌മശിഖരങ്ങളെ തഴുകിയുണർത്താൻ…
ഒരു കുളിർക്കാറ്റാകാൻ ആണെനിക്കിഷ്ടം
നിന്റെ ഹൃദയത്തിൽ ഇതളിടുന്ന
മധുരക്കിനാക്കൾക്ക് രാഗാമൃതമാകാൻ…
ഒരു പറവയാകാൻ ആണെനിക്കിഷ്ടം
സീമകളില്ലാത്ത ആകാശത്തിന്റെ
സ്നേഹച്ചോട്ടിൽ നീയുമായ്
പ്രണയപൂർവ്വം കൊക്കുരുമ്മാൻ...
ചന്ദനം മണക്കുന്ന ഹൃദ്യമൗനം
പ്രണയം തുളുമ്പുന്ന അരിയമൗനം
നൊമ്പരക്കാട്ടിലെ നീറുന്ന നിനവിന്
വരാദാനമാകുന്ന ആർദ്രമൗനം
മഴപ്പൂക്കൾ ശിരസിൽ ചൂടി
വെയിൽകാറ്റിൽ വിരൽതൊട്ട്
ചക്രവാകസീമയിൽ കണ്ണുംനട്ട്
മൂടുപടം അണിയുന്ന സാന്ദ്രമൗനം
ആത്‌മാവിൻ നെരിപ്പോടിൽ
ഒടുങ്ങാത്ത കലമ്പലും
കരൾ കവിയുന്ന ഇരമ്പലും
തീരം പുണരുന്ന സമുദ്രമൗനം
മിഴിയിതൾ ഒളിപ്പിച്ച
വിരഹം ചുവപ്പിച്ച
സ്‌മൃതിയിഴ ചാലിച്ച
പനിനീർപൂവ് തൻ
സുഗന്ധമൗനം
ഒറ്റയടിപ്പാതയുടെ ദൂരം താണ്ടി
ഏകാന്തപഥികനായ്
വഴിമരങ്ങൾക്ക് ശ്രുതിമീട്ടി
യുണരുന്ന ദീർഘമൗനം
തൊട്ടാവാടിചെടി കൂമ്പുന്ന
കുറുമ്പുകൾ കുറുകുമ്പോൾ
മഞ്ഞുനീർതുള്ളിയായ് മൃദുലമൗനം
ഇന്നലെയുടെ സ്പർശത്തിൽ
നാളെയുടെ ചോപ്പുകാറ്റിൽ
നോവിൻ ചാല്കീറി ചിറകെട്ടി
പിടയുന്ന വ്യഥിതമൗനം…
മാനത്തു കാർമേഘം വിടരുമ്പോൾ
സുകൃതമായ് പൊടിയുന്ന മഴയ്ക്ക്
മുൻപേ വിരിയുന്ന മയൂരമൗനം
അകതാരിൽ തെളിയും
വൈവിധ്യ കാഴ്ചയിൽ
ധ്യാനമായ് പൊഴിയുന്ന ശലഭമൗനം
ഒന്നായ് പിണയുന്ന ആത്മശിഖരത്തിൽ
അഗ്നിയായ് പകരുന്ന രതിമൗനം
തപസ്സിൻ വിഹായസ്സിൽ സ്വയമുരുകി
തണലായ് തൂവുന്ന വൃക്ഷമൗനം
പിന്നെ
മുകിൽ മൗനത്തിലുദിച്ചു
മഴമൗനമായ് പെയ്ത്
ജലമൗനമായ് ചൊരിയുന്ന
പൊയ്‌പ്പോയ കാലത്തിൻ
കുങ്കുമഗന്ധത്തിൽ
നീയായ് വിടരുന്ന വശ്യമൗനം …
സ്വപ്‌നങ്ങൾ തളിരിട്ട ഈറൻ സന്ധ്യ
അകതാര് പിടയുന്നുവോ
പ്രിയനേ നിൻ അനുരാഗം
ഒരു പൂവിതൾ ചൊരിയും സായൂജ്യം
വിങ്ങുമാ മഞ്ജുരാഗം
പാടുന്നു നിന്റെ ദേവൻ
പിരിയുമാ നിനവിൻ നൊമ്പരങ്ങൾ
പാതി വിരിഞ്ഞു മിഴിപ്പൂവ്
മറന്നുവോ യാത്ര ചൊല്ലാൻ
ആ പദതാളം ദൂരെയായ്
പുൽകിടും കനവുകൾ മൂകമായ്
മഴനൂല് പോലെ നീ
എന്നെ തലോടുവാൻ
പൊൻവീണ മീട്ടുന്നു ഞാൻ….
ഒരു ഋതുവസന്തം പൂത്തിറങ്ങിയ
മഴയുടെ ഇലച്ചാർത്തിൽ
ചെമ്പനീർപൂവ് നീട്ടി
രാഗമേഘമായ്
നീയെന്നിൽ പെയ്തിറങ്ങി…
ഒരുമിച്ചു ചൊല്ലിയ
കവിതയും
ഒഴുക്കിവിട്ട കളിവഞ്ചിയും
നനഞ്ഞ പ്രണയമഴയും
മായാത്ത ഓർമകളായി…
വിരൽ കൊരുത്തു പിന്നിട്ട പൂമേടും
പറയാതെ പറഞ്ഞ മോഹങ്ങളും
മിഴിയിണ കൂട്ടിമുട്ടിയ അനുഭൂതിയും
ഒരു മഴയ്‌ക്കൊപ്പമായിരുന്നു…
മാന്തളിർ നുള്ളിയൊരു മഴസന്ധ്യയിൽ
മൗനം പൊതിയുമൊരു സ്നേഹച്ചില്ലയിൽ
കവിൾത്തടം നനച്ചൊരു ചുടുചുംബനമായ്
ഹൃത്തടം കവിഞ്ഞു നീ നിറസുഗന്ധമായ്…
നൂപുരധ്വനികളിൽ കുപ്പിവളക്കുളിരിൽ
പ്രാണന്റെ തുടിപ്പായ്…
ആറ്റിരമ്പിൽ വിരിയും
താമരപ്പൂക്കളും തേന്മൊഴികളും
മഴനീർക്കനവുകളായ്…
ഒരു കുഞ്ഞുപൂവിന്റെ സൗരഭ്യം പകർന്ന്
മൃദുമേനി കുളിർപ്പിച്ച ഇളംകാറ്റിനും
പുണരാൻ കൊതിച്ച കാൽച്ചിലങ്കകൾക്കും
മഴയുടെ സംഗീതമായിരുന്നു…
ഒരു ദീർഘനിദ്രയിൽ
നിന്നുണർത്തി
മഴവിൽ നിറം പകർന്ന്
എന്നിലെ കവിതയായ്
വിരിഞ്ഞു നീ…
എൻ കണിമലരായ്
കാവ്യപ്രപഞ്ചമായ്
സ്വരലയമായ് നീ
ഹൃദയം തൊടുന്നു…
ഇഷ്ടവസന്തമായ് കിളിവാതിൽ
തുറന്നു നീ
മഴവിരൽത്തുമ്പ് നീട്ടി
തൂലികയാൽ കുറിയ്ക്കുന്നു…
അലകടൽ ഞൊറികളിൽ
ഉന്മാദമുണരുമ്പോൾ
പ്രണയാരുണം
ഈ പാതിരാക്കാറ്റ്…
ഇരുൾ ഇടറിവീണ
മുത്തശ്ശിക്കാവും
ആപാദം മഞ്ഞുതിർന്നു വീണ
പൂവാകച്ചോടും
നിന്റെ പദവിന്യാസത്തിനായ്
കാതോർത്തിരുന്നു…
കാതങ്ങൾക്കപ്പുറം
മറവിയിലമരാതെ
നിന്റെ
ചുടുനിശ്വാസങ്ങൾ
ചെമ്പകമരം
അപ്പോഴും
നെഞ്ചോട്
ചേർത്ത് വച്ചിരുന്നു …
വൃന്ദാവനത്തിൽ പൂക്കാലമാകും
രാധികാപ്രേമത്തിൻ അനശ്വരഗാഥ
വിരഹാഗ്നിയിൽ ഹൃദയമുലഞ്ഞ
തീവ്രമാം പ്രണയത്തിൻ ദീപ്തഭാവം
ദിവ്യമാം പ്രണയത്തിൻ തപ്തഭാവം
അനുരാഗ രേണുവിൻ വേണുഗാനം
കണ്ണനായ് വിടരുന്ന തേൻമലരായ്
പ്രാണനിൽ നിറയും സംഗീതമായ്
ഉപാധികളില്ലാതെ അതിരുകളില്ലാതെ
അനന്തമാം പ്രണയത്തിൻ ജീവാമൃതം
താമരക്കണ്ണന്റെ കൃഷ്ണമയിയായ്
ശ്യാമവർണന്റെ പ്രിയതോഴിയായ്
കൃഷ്ണപ്രിയയായിവൾ രാധ
രാസകേളിയിൽ പ്രപഞ്ചമുണരും
തൂമന്ദഹാസത്തിൻ സ്ഫുരണമായ്
യമുനാനദിതൻ കുളിരലയിൽ
കണ്ണന്റെ ആലിംഗനത്തിലമർന്നു…
നീലകടമ്പിൻ സല്ലാപചോട്ടിൽ
ശ്യാമാംബരന്റെ സ്പന്ദനമായ്…
നികുഞ്ജത്തിനുള്ളിൽ
ഉടലും ഉയിരും പിണഞ്ഞു
ആത്മരതിയുടെ ആദിതാളം
ആനന്ദവേള തൻ ഘോഷം …
മുരളിക ഏല്പിച്ചു കണ്ണൻ മടങ്ങുമ്പോൾ
പ്രാണൻ പിടഞ്ഞു ഇടനെഞ്ചു പൊടിഞ്ഞു…
മധുരയിലേക്കുള്ള കണ്ണന്റെ
രഥചക്രമുരുളുമ്പോൾ…
പിൻവിളിക്കണ്ണീർ തൂകിയില്ല…
കരളിൽ കനലുരുകുമ്പോൾ
അധരസിന്ദൂരമായ് പൊടിഞ്ഞു രക്തം
അത് കണ്ട് കണ്ണൻ അകലേക്ക് മാഞ്ഞു.
രുക്മിണീകാന്തനായ കൃഷ്ണനെ
ഒരു വാക്കിനാലും മുറിപ്പെടുത്തീല്ല
ഒരു തരി പോലും നൊവേൽപ്പിച്ചില്ല…
കണ്ണനില്ലാത്ത വൃന്ദാവനത്തിൽ
മയിൽപീലിയഴകില്ല മുരളീരവമില്ല
നിർജനമായ് പിന്നെ കാളിന്ദിയും
ചുംബനസ്മൃതികളിൽ വിങ്ങിവിതുമ്പി
മാധവഗീതിയിൽ അലിയുന്നു രാധ
മാധവനെന്നുമീ രാധയ്‌ക്ക് സ്വന്തം
കണ്ണൻ എന്നുമീ രാധയ്ക്ക് മാത്രം …
ഓർമയിൽ തെളിയുമീ മന്താരപ്പൂവിൻ
നൊമ്പരം ഇടയ്ക്കിടെ പിടയുന്നു
പ്രാണശിഖരത്തിൻ കൂട്ടിലായ്.
താഴിട്ടു പൂട്ടിയൊരാ-
വാതില്പഴുത്തിലൂടൊന്നു ഞാൻ
പിന്നെയും കണ്ടുവാ പോയകാലം.
കുരുക്കുത്തിമുല്ല തൻ ചോട്ടിലും
മഞ്ചാടിക്കാട്ടിലും ഒടുവിലായ്
ചിന്തകൾ മണക്കുന്ന തൈമാവിൻ തണലിലും
ഇടറിവീഴുന്നു ആ വ്രണിതമൗനം.
നീലരാവിലെ കാറ്റുമ്മ വെക്കുന്ന
നിശാഗന്ധിക്കരികിലായ്
നിറമാർന്ന കനവുകൾ
നിശ്വാസമലരായ് വിതുമ്പുന്നു.
ഇലഞ്ഞിപ്പൂമണമിറ്റുന്ന ചോലമരക്കാറ്റിൽ
കഥ കേട്ടിരുന്ന സായന്തനങ്ങൾ..
ആമ്പൽപ്പൂവിറുത്തും പുഴവെള്ളം തെറിപ്പിച്ചും
മുങ്ങാംകുഴിയിട്ടും ഒരുനാളും പിരിയാത്തകൂട്ടുമായ്
കൈതക്കാട്ടിൽ കരിവളകളുടഞ്ഞപ്പോൾ
ചുംബനമുദ്രയിൽ ചുവന്ന കപോലങ്ങൾ…
നിനവിൽ വിടരുമാ ചെറുസ്വപ്നകാവ്യം
ഇന്നിന്റെ ഇറയത്ത് കണ്ണിൻ കണിയായ്..
പ്രാണന്റെ പാതിയായ് കൈപിടിച്ച്
നീയും കൂടുമീ മോഹയാത്രയിൽ..
തിരികെ നടക്കയാണീ വഴിത്താരയിൽ
ഇനിയൊന്നു കൂടെ ചാഞ്ഞിരിക്കുവാൻ..
പറയാതെ പറഞ്ഞ നിൻ നൊമ്പരങ്ങൾ
പ്രിയമേകും മൗനത്തിൽ വീണുടയുന്നു
കൺപാർത്തിരുന്നു മാപ്പിരക്കുന്നു
വാക്കുകൾ വിരിയുന്ന പ്രണയചിറകിലണയാൻ …
നീയുമൊത്ത് ഒരു കടൽ കാണണം
ഒരു സായംസന്ധ്യയുടെ കുളിരഴകിൽ
മനസ്സ് കുറുമൊഴികളുടെ മണിത്തുമ്പിയായ്
സ്‌മൃതിയലകളുടെ പിൻവിളികൾക്ക് കാതോർക്കണം
പിച്ചക പൂമണമിറ്റുമാ കനവിൽ
എന്നിൽ നിറവസന്തമായ് പെയ്ത്
മുട്ടിവിളിക്കുന്ന മിഴിവുറ്റ കാമനകൾക്ക്
നിന്റെ പ്രണയസ്പർശമേൽക്കണം…
കുപ്പിവള കിലുക്കത്തിൽ ഒളിപ്പിച്ച തൃഷ്ണകളെ
നിന്റെ പൂമിഴിത്തുമ്പിൽ ചാലിച്ച്
അഴകൂറുമാ സുസ്‌മിതവദനത്തിൽ
മുഖം ചേർത്ത് വച്ച്
ആ വശ്യഗന്ധത്തിൽ
അലിഞ്ഞു ചേരണം
വറുതിയിൽ വരണ്ട മണ്ണിൽ
പൊഴിയുന്ന കന്നിമഴയുടെ
ഗന്ധവും വന്യതയുമായ്
നിന്നിലേക്ക് ആഴ്ന്നിറങ്ങണമെനിക്ക്
എന്തിനെന്നോ…
നിന്റെ പ്രണയത്തിൽ പൂത്തുലഞ്ഞു
എന്റെ ആത്‌മാവിൻ മറുപാതി
നിന്നിൽ കണ്ടെടുക്കാൻ….
എന്നിലെ നിന്നെയും
നിന്നിലെ എന്നെയും
ഒരു തരി ചിമ്മാതെ
മിഴികളിൽ ഉയിരായ് നിറയ്ക്കാൻ
നിന്റെ മൗനത്തിൽ വിടരുന്ന
വിസ്‌മൃതികളുടെ പൂക്കാലം സ്വയം നെഞ്ചേറ്റാൻ
പെയ്തൊഴിയാത്ത നൊമ്പരങ്ങളുടെ
നേരും നോവും ആവാഹിച്ചെടുക്കാൻ
വിങ്ങുന്ന അകക്കാടിന്റെ തീവ്രത തൊട്ടറിഞ്ഞു
ഹൃദയഭിത്തികൾക്ക് സാന്ത്വനക്കുളിരേകാൻ
നിന്റെ ലോകം നമ്മുടെ ലോകമെന്നു പറഞ്ഞ
കർണികാരപ്പക്ഷിയെ നിന്നിൽ തിരയാൻ
വിരഹം ഗർഭം ധരിച്ച കനൽപ്പൂവുകളിറുത്തു
നിന്റെ പ്രാണന്റെ ഈണത്തിന് കാതോർക്കാൻ
നിന്റെ വിരലുകളുടെ നനുത്ത സ്പർശത്തിൽ
ജന്മാന്തരപാപങ്ങൾ കൊഴിഞ്ഞു പോകാൻ
നീ
മൗനം ചിറകടിച്ച വീചികളിൽ
വചസ്സായ് പെയ്തു നീ ഓമലേ..
പ്രിയതേ നിന്നനുരാഗം
എന്നാത്മാവ് തേടും ജന്മസുഗന്ധം
ഞാൻ
ചിലമ്പിയ മനസ്സിൻ ഇടനാഴിയിൽ
സ്മൃതികൾ നിറയാതെ തന്നെ
നിന്നിലേക്കുള്ള പുനർജനിയുടെ
ദൂരവും ആഴവും ലിഖിതപ്പെട്ടിരുന്നു
നമ്മൾ
ഓർമകളുടെ പൂമരച്ചോട്ടിൽ
നീ അന്ന് ഏകനായിരുന്നുവെങ്കിലും
അകതാരിൽ നൊമ്പരമായി
തേങ്ങലുകളുതിർത്തും
ആ ഹൃദയവ്യഥകൾക്ക് കാതോർത്തും
നിനക്കൊപ്പം ഞാനുമുണ്ടായിരുന്നു.
ഒരു വ്യാഴവട്ടം കാത്തിരിപ്പിന്റെ
അന്നൊരു പകലന്തിയിലൊരിക്കൽ
പുഴകൾ നീന്തി കടൽ കടന്നെത്തിയ
മൊഴികൾ പ്രണയമായ് പൊഴിഞ്ഞു
കോരിത്തരിപ്പിന്റെ ഓരോ മാത്രയിലും
ഓർമകളുടെ താമരച്ചെപ്പ്
ആത്മനോവായ് നീ
നെഞ്ചോടു ചേർത്തുവെച്ചിരുന്നു
ഇനി നമ്മുടെ സംഗമത്തിന്
സമയം നിശ്ചലസാക്ഷിയാകണം
തനുവിലെ ഓരോ അണുവിലും
നിന്നെ മാത്രം ചേർത്തുവെച്ചു
കാതോരം ചുംബനപൂക്കൾ നിറച്ചു
നെഞ്ചോരം പ്രണയാഗ്നി പടർത്തണം
നിന്റെ രാഗച്ചുവപ്പിൽ
ഹൃദയങ്ങൾ മുട്ടിയുരുമ്മുമ്പോൾ
അതിരുകളും ഉപാധികളുമില്ലാത്ത
വരിഞ്ഞുമുറുക്കിയുള്ള പ്രണയത്തിന്റെ
ഒരായിരം ആകാശങ്ങൾ
നമ്മളിൽ പിന്നെയുമുണരണം
ആത്മാവുകൾ തമ്മിലലിഞ്ഞു
രതിമൂർച്ച കഴിഞ്ഞുള്ള
ധ്യാനാവസ്ഥയിലേക്ക്
നമ്മൾ ചേരുമ്പോൾ
ആ നവജന്മങ്ങളും
ഉള്ളിൽ പ്രവാഹമായി പെരുകണം
പിന്നെ ഒരു മഴരാത്രിയിൽ
എന്നെ ചേർത്തുവെച്ചും
കണ്ണിൽ കണ്ണിൽ നോക്കിയും
നീ പാടുന്ന രാഗം മേഘമൽഹാർ ആകണം
അളന്നുമുറിയാത്ത നിന്റെ മറുവാക്കിൻ
കൊഞ്ചൽ തോരാമഴയിലും
എന്നെ ഇറുകെ പുണർന്ന്
അകം നിറയ്‌ക്കണം
എന്നിട്ടു നമുക്കൊരു യാത്രപോകാം
നിന്നിലുറങ്ങി നിന്നിലുണർന്ന്
നിന്റെ നിഴലായ് പടരാൻ
മഴക്കാടുകൾ താണ്ടി മഞ്ഞുമലകൾ കടന്ന്
നിന്നെ മാറോടണച്ചുള്ള മോഹയാത്രയിൽ
പരസ്പരം വിരൽ കൊരുത്തു
ഭൂമിയെ വലംവച്ച്
നിന്റേത് മാത്രമായ് ഒടുങ്ങണം
Beginning: