വൃന്ദാവനത്തിൽ പൂക്കാലമാകും
രാധികാപ്രേമത്തിൻ അനശ്വരഗാഥ
വിരഹാഗ്നിയിൽ ഹൃദയമുലഞ്ഞ
തീവ്രമാം പ്രണയത്തിൻ ദീപ്തഭാവം
ദിവ്യമാം പ്രണയത്തിൻ തപ്തഭാവം
അനുരാഗ രേണുവിൻ വേണുഗാനം
കണ്ണനായ് വിടരുന്ന തേൻമലരായ്
പ്രാണനിൽ നിറയും സംഗീതമായ്
ഉപാധികളില്ലാതെ അതിരുകളില്ലാതെ
അനന്തമാം പ്രണയത്തിൻ ജീവാമൃതം
താമരക്കണ്ണന്റെ കൃഷ്ണമയിയായ്
ശ്യാമവർണന്റെ പ്രിയതോഴിയായ്
കൃഷ്ണപ്രിയയായിവൾ രാധ
രാസകേളിയിൽ പ്രപഞ്ചമുണരും
തൂമന്ദഹാസത്തിൻ സ്ഫുരണമായ്
യമുനാനദിതൻ കുളിരലയിൽ
കണ്ണന്റെ ആലിംഗനത്തിലമർന്നു…
നീലകടമ്പിൻ സല്ലാപചോട്ടിൽ
ശ്യാമാംബരന്റെ സ്പന്ദനമായ്…
നികുഞ്ജത്തിനുള്ളിൽ
ഉടലും ഉയിരും പിണഞ്ഞു
ആത്മരതിയുടെ ആദിതാളം
ആനന്ദവേള തൻ ഘോഷം …
മുരളിക ഏല്പിച്ചു കണ്ണൻ മടങ്ങുമ്പോൾ
പ്രാണൻ പിടഞ്ഞു ഇടനെഞ്ചു പൊടിഞ്ഞു…
മധുരയിലേക്കുള്ള കണ്ണന്റെ
രഥചക്രമുരുളുമ്പോൾ…
പിൻവിളിക്കണ്ണീർ തൂകിയില്ല…
കരളിൽ കനലുരുകുമ്പോൾ
അധരസിന്ദൂരമായ് പൊടിഞ്ഞു രക്തം
അത് കണ്ട് കണ്ണൻ അകലേക്ക് മാഞ്ഞു.
രുക്മിണീകാന്തനായ കൃഷ്ണനെ
ഒരു വാക്കിനാലും മുറിപ്പെടുത്തീല്ല
ഒരു തരി പോലും നൊവേൽപ്പിച്ചില്ല…
കണ്ണനില്ലാത്ത വൃന്ദാവനത്തിൽ
മയിൽപീലിയഴകില്ല മുരളീരവമില്ല
നിർജനമായ് പിന്നെ കാളിന്ദിയും
ചുംബനസ്മൃതികളിൽ വിങ്ങിവിതുമ്പി
മാധവഗീതിയിൽ അലിയുന്നു രാധ
മാധവനെന്നുമീ രാധയ്‌ക്ക് സ്വന്തം
കണ്ണൻ എന്നുമീ രാധയ്ക്ക് മാത്രം …
No comments:
Post a Comment