Friday, September 20, 2024

മന്താരപ്പൂവിൻ നൊമ്പരം

ഓർമയിൽ തെളിയുമീ മന്താരപ്പൂവിൻ

നൊമ്പരം ഇടയ്ക്കിടെ പിടയുന്നു   

പ്രാണശിഖരത്തിൻ കൂട്ടിലായ്‌.

താഴിട്ടു പൂട്ടിയൊരാ-

വാതില്പഴുത്തിലൂടൊന്നു ഞാൻ 

പിന്നെയും കണ്ടുവാ പോയകാലം.


കുരുക്കുത്തിമുല്ല തൻ ചോട്ടിലും 

മഞ്ചാടിക്കാട്ടിലും ഒടുവിലായ് 

ചിന്തകൾ മണക്കുന്ന തൈമാവിൻ തണലിലും 

ഇടറിവീഴുന്നു ആ വ്രണിതമൗനം.


നീലരാവിലെ കാറ്റുമ്മ വെക്കുന്ന 

നിശാഗന്ധിക്കരികിലായ് 

നിറമാർന്ന കനവുകൾ 

നിശ്വാസമലരായ് വിതുമ്പുന്നു.


ഇലഞ്ഞിപ്പൂമണമിറ്റുന്ന ചോലമരക്കാറ്റിൽ 

കഥ കേട്ടിരുന്ന സായന്തനങ്ങൾ..

ആമ്പൽപ്പൂവിറുത്തും പുഴവെള്ളം തെറിപ്പിച്ചും  

മുങ്ങാംകുഴിയിട്ടും ഒരുനാളും പിരിയാത്തകൂട്ടുമായ് 


കൈതക്കാട്ടിൽ കരിവളകളുടഞ്ഞപ്പോൾ 

ചുംബനമുദ്രയിൽ ചുവന്ന കപോലങ്ങൾ…

നിനവിൽ വിടരുമാ ചെറുസ്വപ്നകാവ്യം 

ഇന്നിന്റെ ഇറയത്ത് കണ്ണിൻ കണിയായ്..


പ്രാണന്റെ പാതിയായ് കൈപിടിച്ച് 

നീയും കൂടുമീ മോഹയാത്രയിൽ..

തിരികെ നടക്കയാണീ വഴിത്താരയിൽ 

ഇനിയൊന്നു കൂടെ ചാഞ്ഞിരിക്കുവാൻ..


പറയാതെ പറഞ്ഞ നിൻ നൊമ്പരങ്ങൾ 

പ്രിയമേകും മൗനത്തിൽ വീണുടയുന്നു

കൺപാർത്തിരുന്നു മാപ്പിരക്കുന്നു

വാക്കുകൾ വിരിയുന്ന പ്രണയചിറകിലണയാൻ  …

No comments:

Post a Comment