ചന്ദനം മണക്കുന്ന ഹൃദ്യമൗനം
പ്രണയം തുളുമ്പുന്ന അരിയമൗനം
നൊമ്പരക്കാട്ടിലെ നീറുന്ന നിനവിന്
വരാദാനമാകുന്ന ആർദ്രമൗനം
മഴപ്പൂക്കൾ ശിരസിൽ ചൂടി
വെയിൽകാറ്റിൽ വിരൽതൊട്ട്
ചക്രവാകസീമയിൽ കണ്ണുംനട്ട്
മൂടുപടം അണിയുന്ന സാന്ദ്രമൗനം
ആത്‌മാവിൻ നെരിപ്പോടിൽ
ഒടുങ്ങാത്ത കലമ്പലും
കരൾ കവിയുന്ന ഇരമ്പലും
തീരം പുണരുന്ന സമുദ്രമൗനം
മിഴിയിതൾ ഒളിപ്പിച്ച
വിരഹം ചുവപ്പിച്ച
സ്‌മൃതിയിഴ ചാലിച്ച
പനിനീർപൂവ് തൻ
സുഗന്ധമൗനം
ഒറ്റയടിപ്പാതയുടെ ദൂരം താണ്ടി
ഏകാന്തപഥികനായ്
വഴിമരങ്ങൾക്ക് ശ്രുതിമീട്ടി
യുണരുന്ന ദീർഘമൗനം
തൊട്ടാവാടിചെടി കൂമ്പുന്ന
കുറുമ്പുകൾ കുറുകുമ്പോൾ
മഞ്ഞുനീർതുള്ളിയായ് മൃദുലമൗനം
ഇന്നലെയുടെ സ്പർശത്തിൽ
നാളെയുടെ ചോപ്പുകാറ്റിൽ
നോവിൻ ചാല്കീറി ചിറകെട്ടി
പിടയുന്ന വ്യഥിതമൗനം…
മാനത്തു കാർമേഘം വിടരുമ്പോൾ
സുകൃതമായ് പൊടിയുന്ന മഴയ്ക്ക്
മുൻപേ വിരിയുന്ന മയൂരമൗനം
അകതാരിൽ തെളിയും
വൈവിധ്യ കാഴ്ചയിൽ
ധ്യാനമായ് പൊഴിയുന്ന ശലഭമൗനം
ഒന്നായ് പിണയുന്ന ആത്മശിഖരത്തിൽ
അഗ്നിയായ് പകരുന്ന രതിമൗനം
തപസ്സിൻ വിഹായസ്സിൽ സ്വയമുരുകി
തണലായ് തൂവുന്ന വൃക്ഷമൗനം
പിന്നെ
മുകിൽ മൗനത്തിലുദിച്ചു
മഴമൗനമായ് പെയ്ത്
ജലമൗനമായ് ചൊരിയുന്ന
പൊയ്‌പ്പോയ കാലത്തിൻ
കുങ്കുമഗന്ധത്തിൽ
നീയായ് വിടരുന്ന വശ്യമൗനം …
No comments:
Post a Comment