Tuesday, April 30, 2013

ആരായിരുന്നു നീയെനിയ്ക്കെന്നും?

അവളുടെ സന്തോഷത്തോടെയുള്ള ഒരു നോട്ടം. സ്നേഹത്തോടെയുള്ള ഒരു വാക്ക്. അത് മാത്രമായി രുന്നു ഞാൻ ആഗ്രഹിച്ചത് . അല്ലെങ്കിലും സ്നേഹം പ്രകടിപ്പിയ്ക്കാൻ നീ എന്നും വിമുഖയായിരുന്നല്ലോ. എങ്കിലും എന്തേ നീയെന്നെ തിരിച്ചറിയാതെ പോയി.കാരണങ്ങളുടെ തലനാരിഴ കീറിമുറിച്ചു  അപഗ്രഥിയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ഒരെത്തും പിടിയും കിട്ടിയില്ല. ഞാനെന്ന സൌഹൃദം  അവളുടെ സ്മൃതിപഥത്തിൽ നിന്ന് തന്നെ മാഞ്ഞുപോയതാകാം എന്ന് എന്നെത്തന്നെ പറഞ്ഞു പഠിപ്പിയ്ക്കാൻ ശ്രമിച്ചു. വെറുതെയെന്നുറപ്പായിട്ടും.

                                         രണ്ടു വർഷം ഒരേ ബഞ്ചിൽ ഇരുന്നു പഠിച്ച ആ പ്ലസ്‌ടുകാലഘട്ടത്തിലേയ്ക്ക്.പിണക്കവും ഇണക്കവും തളിരിട്ട് സംഭവബഹുലമായിരുന്നു ആ ദിനങ്ങൾ. ഇഷ്ടഭക്ഷണങ്ങളുടെ  രുചിക്കൂട്ട്  നിറച്ച ഉച്ചയൂണും സുഖനിദ്രയ്ക്ക് താരാട്ടാകുന്ന ടീച്ചർമാരുടെ ക്ലാസ്സുകളും ഒക്കെകൂടി എന്ത് രസമായിരുന്നു. ഒരു പൂമ്പാറ്റയെപ്പോലെ എപ്പോഴും ഉല്ലസിച്ചു നടന്നിരുന്ന  അവളെ എനിക്കേറെ ഇഷ്ടമായിരുന്നു. എന്തിനെയും അകാരണമായി ഭയക്കുന്ന അവളുടെ സ്വഭാവം അവളുടെ മറ്റു പല  നല്ല ഗുണങ്ങളെയും ബഹുദൂരം പിന്നിലാക്കി. ടീച്ചർമാർ പരീക്ഷയിടുന്നതും ചോദ്യം ചോദിക്കുന്നതുമെല്ലാം അവൾക്കു ഒരുപാട് പേടിയായിരുന്നു. ഒരു തരം ഉന്മാദം ബാധിയ്ക്കുംപോലെയുള്ള പേടി. എന്തുപെട്ടെന്നാണ് ആ രണ്ടു വർഷങ്ങൾ കടന്നു പോയത്. പിന്നെ അവളുടെ ഒരു വിവരവും ഞാനറിഞ്ഞില്ല. അറിയാൻ ശ്രമിയ്ക്കായ്കയല്ല. മന:പൂർവ്വം അവൾ എല്ലാവരിൽ നിന്നും അകലംപാലിയ്ക്കുന്നത് പോലെ തോന്നി. പ്രത്യേകിച്ചും എന്നിൽ നിന്ന്. 

                                പന്ത്രണ്ട് വർഷങ്ങക്ക് ശേഷമുള്ള ഈ കണ്ടുമുട്ടൽ എന്തിനു വേണ്ടിയായിരുന്നു? പരസ്പരം സ്നേഹിച്ചു മത്സരിച്ചവർ നേർക്കുനേർ അപരിചിതരെപ്പോലെ. അപരിചിതത്വം പാലിയ്ക്കാൻ എനിയ്ക്ക് കഴിയുമായിരുന്നില്ല. ആ കണ്ണുകളെ നേരിട്ടപ്പോൾ ഞാൻ പുഞ്ചിരിച്ചു. സ്നേഹം ഉറവയായി എന്നിൽ നിന്ന് അവളിലേയ്ക്ക് ഒഴുകുന്നത്‌ പോലെ തോന്നി. ഒപ്പം എന്റെ കണ്ണുകൾ  നനയുകയും  ചെയ്തു. പക്ഷെ അവളുടെ കണ്ണുകളിൽ എന്നെ തിരിച്ചറിഞ്ഞതിന്റെ ഒരു ലാഞ്ചന പോലുമില്ല. "കണ്ണുകൾക്ക്‌ കളവു പറയാൻ കഴിയുമോ". ഞാൻ നെടുവീർപ്പിട്ടു.''വർഷേ '' എന്ന നിന്റെ നീട്ടിയുള്ള വിളിയ്ക്കായി ഞാൻ എത്ര കാതോർത്തു. ഈ നീണ്ടു പോയ വർഷങ്ങൾ എന്നെ പോലെ തന്നെ നിന്നിലും  വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയില്ലല്ല്ലോ മോളെ. കുസൃതി നിറഞ്ഞ മുഖവും പയ്യെ പതുങ്ങിയുള്ള നടത്തവും ഒക്കെയും അതേപടി തന്നെ.  "മോളേ കാത്തൂ... നിന്റെ സ്വന്തം വർഷയാടീ ഇത്. നിനക്ക് മനസ്സിലായില്ലേ? അവളുടെ തോളിൽ അധികാരത്തോടെ ചേർത്തുപിടിച്ചു എന്നിലേക്ക്‌ വലിച്ചപ്പിയ്ക്കുമ്പോഴും നീരസമായിരുന്നു ആ മുഖത്ത്. "ഇതെന്താ ഭ്രാന്തുണ്ടോ? നിങ്ങൾക്ക്  ആള് മാറിക്കാണും. എനിക്കൊരു വർഷയെയും അറിയില്ല. ഞാൻ കാത്തുവുമല്ല. ഓരോന്ന് മനുഷ്യനെ മിനക്കെടുത്താൻ രാവിലെ കെട്ടിയെടുത്തോളും ഉടുത്തൊരുങ്ങി." എന്നെ തട്ടിമാറ്റി തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അവൾ നടന്നുനീങ്ങുമ്പോഴും ആ നടുക്കത്തിൽ നിന്ന് ഞാൻ വിട്ടുമാറിയിരുന്നില്ല,നെഞ്ചോടുചേർത്തു വെച്ച സൌഹൃദം അവൾ തള്ളിപ്പറഞ്ഞതിലായിരുന്നില്ല അവളുടെ മനസ്സ് ഇത്രയും മരവിച്ചു പോയതിന്റെ ഹേതുവിനെക്കുറി ച്ചോർത്തായിരുന്നു അപ്പോഴും എന്റെ ഹൃദയഞൊറിവുകൾ  നീറിക്കൊണ്ടിരുന്നത്.

അറിയുന്നു സഖീ.. നിന്നാത്മനൊമ്പരമെങ്കിലും-
വിടവുകൾ തീർത്തൊരു വ്യാഴവട്ടവും-
വിഘടിച്ച മനസ്സിൻ അപരിചിതത്വവും-
തളർത്തുന്നുവെന്നെ അനുനിമിഷവും...

സൌഹൃദത്തിന്റെ ചോലമരത്തണലിൽ...വർണവസന്തങ്ങളിൽ നീയെന്നെ കൈപിടിച്ചു നടത്തിയപ്പോഴും.. ഇടനെഞ്ചിലെ ഓരോ നൊമ്പരപ്പൂവും നമ്മൾ പകുത്തെടുത്തപ്പോഴും കാലം ഇത്ര നിഗൂഡമായ ഒരു പ്രഹേളിക നമുക്കായി ഒരുക്കുകയായിരുന്നുവോ? ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ അപരിചിതത്വത്തിന്റെ മുഖപടം നീ എടുത്തണിയുകയായിരുന്നുവോ?

" I was like a strong supporting pillar to you, be it right or wrong, I was favouring you always as my dearest friend not because I loved you so much, but in the heart of my hearts, i was undoubtedly a part of you.

നീ എന്നെങ്കിലും അറിഞ്ഞിരുന്നുവോ അത്. സൌഹൃദത്തിന്റെ നേരും പവിത്രതയും തെളിയിയ്ക്കാൻ ഒരഗ്നിശുദ്ധിയ്ക്കും നിന്നെ വിട്ടു കൊടുക്കാതെ ഒരു കുത്തുവാക്കുകൾക്കും നിന്നെ മുറിവേൽപ്പിയ്ക്കാനാ കാതെ സ്നേഹത്തിന്റെ തൂവൽകൊട്ടാരത്തിൽ ഒപ്പം നിന്നെ നിർത്തിക്കൊണ്ട് ഞാൻ ഒന്ന് ചോദിച്ചോട്ടെ? കാത്തു... ആരായിരുന്നു നീയെനിയ്ക്കെന്നും?" "വർഷേ... നീ ഇപ്പോഴും കാര്യത്തിന്റെ fundas അറിയാതെയാ സംസാരിയ്ക്കുന്നത്. എന്നും ഓരോ show-stopper ചോദ്യങ്ങളുമായി വന്നോളും കീറാമുട്ടിയായി. എന്നെ desp ആക്കാതെ ഒന്ന് പോയേ. മംഗ്ലീഷ് ഇടകലർത്തിയുള്ള അവളുടെ കൊഞ്ചിക്കുഴഞ്ഞുള്ള വാക്കുകൾ  അപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു കഴിഞ്ഞ കാലത്തിന്റെ ഒളിമങ്ങാത്ത അതെ പ്രഭാവത്തോട് കൂടി തന്നെ...
(നിനക്കായുള്ള അകമഴിഞ്ഞ സ്നേഹം ഇന്നും അതെ പടി എന്റെ നെഞ്ചിലുണ്ട്. നീയതറിയുന്നുണ്ടെന്നും എനിക്കറിയാം.. അതുകൊണ്ടല്ലേ പിന്നീടുള്ള പല കണ്ടുമുട്ടലുകളിലും നേർക്ക്‌ നേരെയുള്ള ഒരു നോട്ടം പോലും നീ ഒഴിവാക്കിയത്.) 

Thursday, April 18, 2013

കാതോർക്കുന്നൊരു പഴമ്പാട്ട്...


വക്ക്പൊട്ടിയൊരെൻ ആരോമൽക്കിണറിൽ-
പരിഭവിച്ച്  കൂമ്പുന്നൊരു തൊട്ടാവാടിച്ചെടി...

ഇലഞ്ഞിമരപ്പൊത്തിലെ താമരയല്ലികൾ-
ചിറകുമുളച്ച കുറുമ്പിന്റെ ചിരകാലമർമ്മരങ്ങൾ... 

ഈറൻ വിരൽത്തുമ്പിലെ ആമ്പൽപ്പൂമാലയോ-
നിനക്ക് മുൻപേ അണയുന്ന സ്നേഹസുഗന്ധമായ്... 

ചേറ് പുരണ്ടൊരാ വിടർന്ന  മുഖമതിൽ- 
പരിഭവക്കടലിരമ്പുന്ന കരിമഷിക്കണ്ണുകൾ...

മൊഴിച്ചിപ്പിയിലെ കൊതിതീരാക്കൊഞ്ചലുകളോ- 
ഒരു സായന്തനത്തിൻ സൌന്ദര്യമായി...

മണിച്ചിലമ്പിൻ മൃദുസ്പർശം മുട്ടിവിളിച്ചത്- 
അകക്കാടിന്റെ  അഴകൂറും നിറക്കാഴ്ചകൾ...

മനസ്സ് പൂക്കുന്നൊരു മഴച്ചില്ലയിൽ-
തളിരിടും നാമ്പിന്റെ പഴമ്പാട്ട് കാതോർത്ത് ...

എങ്കിലും വിടപറയുന്നൊരു വളകിലുക്കത്തിൽ-
കണ്ണുകളടച്ചൊരു കള്ളധ്യാനം...

Monday, April 15, 2013

അപൂർവരാഗം

ഞെരിഞ്ഞമരുന്ന കരിയിലകൾക്ക് -
ശാപമോക്ഷത്തിന്റെ പഞ്ചാക്ഷരിയുമായി...  
വൈകിയെത്തിയൊരു മഴയുടെ-
കുസൃതിപ്പൂക്കൾ മണക്കാതെ... 
ഹോമാഗ്നി തൻ ഹവിസ്സിലെ
മോഹമുത്തുകൾ പെറുക്കാതെ... 
കലിയടങ്ങാത്ത കടവാവലുകൾക്കും-
വലകൾ നെയ്ത ചിലന്തികൾക്കും ഓമൽനാദമായ്-  
ഇരുണ്ട ഇടനാഴികളിൽ എറിയുംകുറഞ്ഞുമീ  
ഒടുങ്ങാത്ത പാദപതനത്തിൻ ധ്വനി ...

നേർത്ത വെളിച്ചത്തിൻ ദൂതുമായ്‌-
ഒരു കണ്ണേറിനു പോലും ഇടനൽകാതെ-
വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനെയും ഭേദിച്ച്‌-
ഒരു നോട്ടപിശകിൻ പാപഭാരവുമില്ലാതെ- 
കണ്ണാടിമനസ്സിൻ  ചിമിഴുമായി വീണ്ടും നീ എന്നിലേയ്ക്ക് ... 

പൂപ്പൽ പുരണ്ട ചിന്തകൾക്ക് -
തിരിച്ചറിയാനാകുന്നില്ല  നിന്നെ... 
ഓർമകളുടെ ചെമന്നപൊട്ടുകൾ-
അപ്പോഴും ആ കണ്ണുകളിൽ-
അപൂർവരാഗത്തിന്റെ കഥ തിരയുകയായിരുന്നു...

Monday, February 18, 2013

മഴ മരം...


കഴമ്പില്ലാത്ത കുറുമ്പിന്‍ അടിയൊഴുക്കുകളെ തൊട്ടുണര്‍ത്തിയ നിന്റെ സ്നേഹത്തണല്‍. ശാഖികളില്‍  നിന്ന് ശാഖികളിലേക്ക് പടര്‍ന്നു കേറുന്ന നിന്റെ അടക്കം പറച്ചിലുകള്‍ പരിദേവനങ്ങള്‍ക്ക് വഴിമാറുന്നത്‌ ഞാന്‍ പോലുമെന്തേ അറിയാതെ പോയി? ചിന്തകളുടെ ചില്ലുകൂടുകള്‍ നിനക്ക് മുന്നില്‍ തകര്‍ത്തെറിയപ്പെട്ടപ്പോഴും  ആ കണ്ണുകളില്‍ എന്നും  കൌതുകം മാത്രമായിരുന്നു...ഓരോ പ്രണയ വസന്തവും നിന്റെ  ജരാനരകളെ പിഴുതെറിയുമ്പോഴും ഒരു കാലഘട്ടം തന്നെ നിനക്കായി പുനര്‍ജനിയ്ക്കയായിരുന്നില്ലേ?"നീ ആവാഹിച്ച മനസ്സുകള്‍ എന്നും ഒപ്പമുണ്ടാകും...കര്‍മബന്ധങ്ങള്‍ പോലെ...നീ പോലുമറിയാതെ നിന്നോടൊപ്പം എന്നും".നിന്നെ ആശ്വസിപ്പിയ്ക്കാന്‍ ഞാന്‍ കണ്ടെത്തിയ വാക്കുകള്‍ ഹേ മഴ മരമേ...എന്തേ പാഴ്വാക്കുകളാകുന്നു?  അളന്നുമുറിയാത്ത നിന്റെ മറുവാക്കിന്‍ കൊഞ്ചല്‍ തോരാമഴയിലും മനസ്സില്‍ നിറയുന്നു... ഒരീറന്‍ നിലാവത്ത്  നിന്റെ നനഞ്ഞ പൂക്കള്‍ മഴമണമായെന്നെ ഇറുകെ പുണരണം...ആ മഴ മണത്തിന്റെ ആലസ്യത്തില്‍ ഹൃദയങ്ങള്‍ തൊട്ടുരുമ്മിയൊരു സ്വപ്നക്കൂട്ടില്‍ എനിക്കൊന്നു ഗാഡമായി ഉറങ്ങണം..ഹിതാഹിതങ്ങളുടെ വേവ് പ്രതിഭലിയ്ക്കുന്ന ആലിലമനസ്സുകള്‍ ആവാസയോഗ്യമോ ആവാഹയോഗ്യമോ? ചിന്തകളങ്ങനെ മുറിഞ്ഞു പോകുന്നു...

Wednesday, February 13, 2013

യൂത്തനേഷ്യ

അമ്മ

ദുസ്സഹമെങ്കിലും ഒരു നൊമ്പരച്ചീളും-
പങ്കു കൊടുത്തില്ല..
ഒരു പരിഭവച്ചെപ്പും നിനക്കായി
തുറന്നീല്ലാ...
അറിയതെയെപ്പോഴോ-
ഉരുകുന്നൊരു നിനവില്‍-
തളരുന്നൊരു മേനിയില്‍-
'എന്നെ ഒന്ന് കൊല്ലൂ'
എന്ന് കേണു തുടരെ...
അവസാനിയ്ക്കുമീ ജന്മമെങ്കിലങ്ങനെ-
മനസ്സ് നിറഞ്ഞൊന്നു മോഹിച്ചു പൊയീ...

ഞാന്‍

മെല്ലെ കുസൃതിയിലരികിലണഞ്ഞതും..
കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചതും..
കുഞ്ഞിളം ചുണ്ടുകള്‍ പാല്‍മണം കൊതിച്ചതും...
പതിയെച്ചിണുങ്ങി 'അമ്മേ' വിളിച്ചതും...
മുട്ടിയുരുമ്മി നിന്ന് പൊന്നുമ്മ വച്ചതും...
ഇന്നലെയോ മിനിഞ്ഞാന്നോ?
പതം പറയുന്നു പതിയെ ഈ മനസ്സിന്‍ മുളങ്കാട്‌... 

നക്ഷത്രമായാ അമ്മയോട് ഞാനിന്ന്
ഏറ്റുപറയുന്നുവീ ഹൃദയത്തിന്‍ മുറിവ്...
"ക്ഷമിച്ചു" എന്നൊരു വാക്കിനായി-
ഞാനെന്നും ജന്മങ്ങള്‍ തോറും കാത്തിരിയ്ക്കാം...
എങ്കിലും ഒരു മാത്ര പോലും എനിക്കാകില്ലയാ-
വാത്സല്യം കിനിയും അമ്മ തന്‍ ജീവസ്സുടയ്ക്കാന്‍...
ഏതൊരു യൂത്തനേഷ്യയും ന്യായമാണോ-
വേദന നീര്‍ച്ചാലിലകപ്പെട്ടവര്‍-
നമ്മള്‍ തന്‍ ഹൃദയത്തിന്‍ ഭാഗമെങ്കില്‍..?
ഉറക്കം കെടുത്തുമീ മുഴങ്ങും വചസ്സുകള്‍-
ഒടുങ്ങുമെന്‍ ചിതയെനിക്കേറെയിഷ്ടം..

Tuesday, January 29, 2013

പറയാന്‍ മറന്ന വാക്ക്

പിണക്കം തളിരിട്ട നാട്ടുവഴികളില്‍-
പാതിവിരിഞ്ഞൊരു കുഞ്ഞു പൂവായി നീ...
ഒതുക്കിറങ്ങിയെത്തുന്ന ആല്‍മരച്ചുവട്ടില്‍-
മൊഴികള്‍ പുണരുന്നൊരു തേന്‍മഴയായി നീ...
പറയാന്‍ മറന്ന വാക്കിലും-
ഒരു യാത്രാമൊഴി തന്‍ അതിര്‍വരമ്പിലും-
നിന്നെ തളച്ചിടാനാവാതെ ഞാന്‍...
മനസ്സും മനസ്സും ശൂന്യതയില്‍ തിരയുമ്പോള്‍-
ചോന്ന മാനവും ഇടറുന്ന കാലടികളും ബാക്കിയാകുന്നു...
കരളില്‍ കിനിഞ്ഞതും പ്രിയംകരമായതും...
പ്രണയമായി വളര്‍ന്നതും പുകച്ചുരുളുകളാകുന്നു...

അറിവെത്താത്തതോ മനസ്സ് പൊള്ളിയതോ-
വേര്‍തിരിച്ചെടുക്കാനും വയ്യ...
നൊമ്പരങ്ങളുടെ പൊടിക്കാറ്റേറ്റ ഹൃദയച്ചുഴികളില്‍-
അറിയാതെ മുളപൊട്ടുന്നൊരു കുറ്റബോധം...
ആയുസറ്റതെന്നറിഞ്ഞിട്ടും തടുക്കാനവാതെയത് തഴച്ചു വളരുന്നു...
ഒരു ദുസ്വപ്നത്തിന്‍ ഉടയാടയില്‍ മുഖം ചേര്‍ത്ത്-
വിമ്മിക്കരഞ്ഞൊരു പകലന്തി...
തളം കെട്ടുന്ന മൌനവും ഇടമുറിയുന്ന വാക്കും-
പരസ്പരം മത്സരിയ്ക്കുന്നുവോ?
ഇനി ഒരായുഷ്കാല സ്നേഹത്തിന്‍ തണുത്തുവെറുങ്ങലിച്ച-
നെഞ്ചിന്‍കൂടില്‍ എല്ലാം മറന്നൊരു സമര്‍പ്പണം...

Wednesday, January 2, 2013

യാത്ര

ദൂരെ ദൂരെ ഒരു യാത്ര പോകണം...
ചിന്തകളുടെ ചാമരങ്ങളില്ലാതെ...
അനുഭവങ്ങളുടെ ആരവങ്ങളൊഴിഞ്ഞ്... 
ആശുപത്രിയുടെ ശ്വാസം മുട്ടിയ്ക്കുന്ന-
നരച്ച മഞ്ഞയ്ക്കുമപ്പുറം-
ഒരുപാട് കാതം അങ്ങു ദൂരെ ...

മിഴികള്‍ നനയാതെ-
മൊഴികള്‍ കിലുങ്ങാതെ-
മുഖപടങ്ങളില്ലാതൊരു യാത്ര...
ഞാന്‍ ഞാന്‍ ആകുന്നൊരു ലോകത്തേയ്ക്ക്...

കണ്ണെത്താ ദൂരം വിജനമാകണം...
ആത്മശിഖരങ്ങളില്‍ നിന്റെ സാന്നിദ്ധ്യമില്ലാതെ-
ഓര്‍മപ്പൂക്കള്‍ മണക്കാതെ-
പെയ്തൊഴിയാന്‍ പരിഭവങ്ങളില്ലാതെ-
ഇന്നിന്റെ വിരിമാറില്‍-
ആകാശം നോക്കി കിടക്കണം...

 മനസ്സിന്റെ ഓരോ-
 പൊട്ടും പൊടിയും ചിലമ്പുന്നു...
"കലങ്ങിയ മിഴികളും-
നൊമ്പരങ്ങളുടെ നിഴലുമില്ലാതെ-
നീ നീയായി ഒന്ന് പുനര്‍ജനിയ്ക്കൂ...
ഒരു മാത്ര നേരത്തേയ്ക്കെങ്കിലും..."

ഒടുവില്‍ ഒരിരുള്‍ക്കാറ്റിന്‍ ചിണുങ്ങലില്‍-
രാപ്പാടി തന്‍ തേങ്ങലില്‍-
ഒരു ചന്ദ്രോദയം സാക്ഷിയാക്കി-
ആത്മാവിനാഴങ്ങളില്‍ നീന്തിത്തുടിച്ച്-
ഒരിയ്ക്കല്‍ നഷ്ടമായിടത്തിന്ന് തന്നെ തുടങ്ങി-
എന്നിലെ എന്നിലെയ്ക്കൊരു തിരിച്ചുപോക്ക്...